Advertisment

ബിൽക്കിസ് ബാനു കേസ്: പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് വിധി

കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു.

New Update
ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

 ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ബി വി നാഗരത്നയും ഉജ്ജല്‍ ഭുയാനും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. 11 ദിവസത്തെ സമഗ്രമായ വാദം കേട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്ത്രയും അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഇന്ന് വിധി പറയുക. 

Advertisment

ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് മോചിപ്പിക്കപ്പെട്ട 11 പ്രതികള്‍. 2022 ഓഗസ്റ്റ് 15ന്, 15 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു. 

ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികള്‍ ഒരുതരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും, ജയിലിലേക്ക് തിരികെ അയയ്ക്കണമെന്നും ബില്‍ക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത  സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു . അത്യന്തം പ്രാകൃതമായ രീതിയിലായിരുന്നു പ്രതികളുടെ കൊടുംക്രൂരതകള്‍. എന്നിട്ടും കുറ്റവാളികളോട് മൃദു നിലപാട് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചു. അവര്‍ക്ക് അനുകൂലമായി നിലപാടെടുത്തു. ശിക്ഷാ കാലയളവിലെ ഭൂരിഭാഗം ദിവസവും പ്രതികള്‍ പരോളില്‍ പുറത്തായിരുന്നു. കേസിലെ 11 കുറ്റവാളികളെ ശിക്ഷായിളവ് നല്‍കി മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് അഭിഭാഷക ഇക്കാര്യങ്ങള്‍ അറിയിച്ചത്.

എന്നാല്‍ ഇതിനെതിരെ പ്രതികളുടെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര എതിര്‍വാദം ഉന്നയിച്ചിരുന്നു.  ബില്‍ക്കിസ് ബാനുവിന് കോടതി നല്‍കിയ നഷ്ടപരിഹാരമാണ് ഏതൊരു കൂട്ടബലാത്സംഗക്കേസിലും ഏറ്റവും ഉയര്‍ന്ന പ്രതിഫലമെന്നും കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍  ബില്‍ക്കിസ് ബാനു കൊലക്കേസിലെ പ്രതി ബിജെപി എംപിയ്ക്കും എംഎല്‍എയ്ക്കുമൊപ്പം വേദി പങ്കിട്ടത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരില്‍ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് എന്നയാളാണ് ബിജെപി എംഎല്‍എയ്ക്കും എംപിയ്ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. 2023 മാര്‍ച്ച് 25ന് ദഹോദ് ജില്ലയിലെ കര്‍മ്മാഡി ഗ്രാമത്തിലാണ് പരിപാടി നടന്നത്. ദഹോദ് എംപി ജസ്വന്ത് സിന്‍ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎല്‍യുമായ സൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് വേദി പങ്കിട്ടത്. ഇവിടെ നിന്നുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് പരിപാടിയില്‍ നേതാക്കന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൂജയില്‍ പങ്കെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

bilkis bano
Advertisment