Advertisment

മലയാള സിനിമയിലെ ആ നിറചിരി ഇനിയില്ല; ചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിപ്പിച്ച് അരനൂറ്റാണ്ടു പിന്നിട്ട ചലച്ചിത്ര ജീവിതം

New Update

publive-image

Advertisment

നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. അർബുദരോഗ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റൻ‌പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (‘മഴവിൽക്കാവടി’) നിർമാതാവെന്ന നിലയിൽ 1981ലും (‘വിട പറയും മുൻപേ’), 1982ലും (‘ഓർമയ്ക്കായ്’) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. 2009ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് പുരസ്കാരത്തിന് അർഹനായി.

ചലച്ചിത്ര നിർ‌മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആലീസാണ് ഭാര്യ. മകൻ: സോണറ്റ്. മരുമകൾ രശ്മി. പേരക്കുട്ടികൾ: ഇന്നസന്റ് ജൂനിയർ, അന്ന.

അരനൂറ്റാണ്ടു പിന്നിട്ട ചലച്ചിത്ര ജീവിതം

1972 സെപ്റ്റംബർ ഒൻപതിനു എ.ബി.രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നൃത്തശാല’യിലാണ് ഇന്നസന്റ് ആദ്യമായി തിരശ്ശീലയിലെത്തിയത്. 750 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഇതിൽ ‘മഴവിൽക്കാവടി’, ‘കിലുക്കം’, ‘റാംജിറാവു സ്പീക്കിങ്’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’ , ‘കാബൂളിവാല’ ‘രാവണപ്രഭു’, ‘മാന്നാർ മത്തായി സ്പീക്കിങ്’, ‘ഹിറ്റ്ലർ’, ‘മനസ്സിനക്കരെ’, ‘ചന്ദ്രലേഖ’, ‘പൊൻമുട്ടയിടുന്ന താറാവ്’, ‘ദേവാസുരം’, ‘ഡോ.പശുപതി’, ‘പിൻഗാമി’, ‘ഡോലി സജാകെ രഖ്‌ന’, ‘മലാമൽ വീക്കിലി’(രണ്ടും ഹിന്ദി) , ‘ശിക്കാരി’(കന്നട) ‘ലേസാലേസ’ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.

അഭിനയത്തിനൊപ്പം അദ്ദേഹം നിർമാതാവിന്റെയും വേഷമണിഞ്ഞു. ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ‘ശത്രു കംബൈൻസ്’ എന്ന ചലച്ചിത്ര നിർമാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ‘ഇളക്കങ്ങൾ’, ‘വിടപറയും മുൻപേ’ , ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ ,‘ഒരു കഥ ഒരു നുണക്കഥ’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. മലയാളത്തിലെ പ്രമുഖരായ മിക്ക സംവിധായകരുടെയും ചിത്രങ്ങളിൽ ഇന്നസന്റ് അഭിനയിച്ചിട്ടുണ്ട്. ചെറിയ തമാശ വേഷങ്ങൾ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത് സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിങ്’ ആണ്. അതോടെ മലയാളത്തിലെ മുൻനിര ഹാസ്യതാരങ്ങളിൽ ഒരാളായി അദ്ദേഹം മാറി.

തൃശൂർ ശൈലിയിലുള്ള സംസാരവും അനായാസ അഭിനയ മികവും ശരീരഭാഷയിലെ സവിശേഷതകളുമാണ് ഇന്നസന്റിനു പ്രേക്ഷകമനസ്സുകളിൽ ഇടംനേടിക്കൊടുത്തത്. ‘റാംജിറാവു സ്പീക്കിങ്ങി’ലെ മാന്നാർ മത്തായി, ‘കാബൂളിവാല’യിലെ കന്നാസ്, ‘കിലുക്ക’ത്തിലെ കിട്ടുണ്ണി, ‘ദേവാസുര’ത്തിലെ വാര്യർ, ‘ഗോഡ്ഫാദറി’ലെ സ്വാമിനാഥൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഇന്നസന്റിലൂടെ അവിസ്മരണീയരായി. ഹാസ്യവും സ്വഭാവ നടന്റെ വേഷവും മാത്രമല്ല ചില ചലച്ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് ഇണങ്ങി. ചില ചിത്രങ്ങളിലൂടെ അദ്ദേഹം പിന്നണി ഗായകനുമായി – ‘ആനച്ചന്തം ഗണപതി മേളച്ചന്തം...’ (ഗജകേസരിയോഗം – 1990), ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു...’ (സാന്ദ്രം – 1990), ‘കുണുക്കു പെൺമണിയെ...’ (മിസ്റ്റർ ബട്‌ലർ – 2000), ‘സുന്ദരകേരളം നമ്മൾക്കു തന്നത്...’ (ഡോക്ടർ ഇന്നസന്റാണ് – 2012).

Advertisment