തൂലികത്തുമ്പിലൊഴുകിയെത്തീടുന്ന കവിത ” ഭ്രമം “

മഞ്ജുള ശിവദാസ്‌ റിയാദ്
Thursday, March 7, 2019

തൂലികത്തുമ്പിലൊഴുകിയെത്തീടുന്ന കവിത ” ഭ്രമം “

ചന്തമേറുന്ന ചന്ദ്രബിംബം കണ്ടു-
കുട്ടികൾ തൊടാനെത്തിച്ചിടുന്നപോൽ,
കണ്ടകാഴ്ച്ചകൾക്കപ്പുറം തേടാതെ-
യുള്ളുടക്കുന്നൊരിന്ദ്രജാലത്തെയോ,

ചില വിചാരകുരുക്കാൽ സ്വയം ചിത്ത-
ബന്ധനം ചെയ്തിടും വികാരത്തെയോ,
സ്വന്തമല്ലാത്തതെന്തിനോടും തോന്നു-
മൊരുവെറും ഭ്രമം മാത്രമോ പ്രണയം?

തൂലികത്തുമ്പിലൊഴുകിയെത്തീടുന്ന-
തേൻകിനിഞ്ഞിടും വാക്കിൻ ദളങ്ങളാൽ,
കവികൾ വർണ്ണിച്ചു സുന്ദരമാക്കിയിട്ടില്ല-
യിത്രമേലൊരു വികാരത്തെയും.

കനലുചിന്തുന്നവീഥിയിലെയാത്രയിൽ-
മധുരമീഭ്രമം ചാമ്പലായില്ലെങ്കിൽ,
അന്നുവിരിയുന്ന ചിന്തയാലൊരു നല്ല-
പ്രണയകാവ്യം രചിക്കണം സത്യമായ്‌.

കെട്ടുപാടുകൾ മറ്റൊന്നുമില്ലാതെ-
യലസമാകുന്ന മനസ്സിന്റെ വികൃതിയിൽ-
ഒന്നുമാത്രമീ പ്രണയമെന്നറിയുവാൻ-
ദീർഘദൂരം ഗമിക്കേണ്ടതില്ലത്രേ.

×