Advertisment

നല്ല വായനയില്‍ സോഫി ഷാജഹാന്‍റെ ഒറ്റ മുറി(വു ), നിരൂപണം: സതീശന്‍ എടക്കുടി .

author-image
admin
Updated On
New Update

സോഫി ഷാജഹാന്‍റെ ഒറ്റ മുറി(വു )എന്ന കവിതയാണ് സതീശന്‍ എടക്കുടി  നല്ല വായനയ്ക്കു വേണ്ടി സമർപ്പിക്കുന്നത്. മുനിഞ്ഞുകത്തുന്ന രണ്ടു ആത്മാക്കളുടെ പ്രണയജ്വലനം ചിത്രകാരിയുടെ ബ്രഷിൽക്കൂടി പതിയെ നിറഭേദങ്ങളിൽക്കൂടി ഒരു കാൻവാസിൽ എങ്ങനെയാണോ ആത്മസുഗന്ധിയായ ഒരു ചിത്രമായി മാറുന്നത് ആ അനുഭവം വായനയുടെ നിമിഷങ്ങളിൽ നിങ്ങൾക്ക് ഈ കവിതയിൽക്കൂടി പ്രദാനം ചെയ്യുന്നു.

Advertisment

publive-image

രസതന്ത്രത്തിലെ രണ്ടു വ്യത്യസ്ഥമൂലകങ്ങൾ ചേർന്നു സംയുക്തമാകുന്നതുപോലെയോ രണ്ടു ദ്രാവകങ്ങൾ ഒരേ തലത്തിൽ പൂരിതമാകുന്നതു പോലെയുള്ള ലയനം ജീവിതത്തിലും മൂലകങ്ങളുടെ കാര്യത്തിലും കാവ്യനിർമ്മിതിയുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. മോക്ഷവും പ്രണയവും ജീവിതത്തിന്റെ വ്യത്യസ്തമാനത്തെ പ്രതിനിധാനം ചെയ്യുന്നു. ഏകതയിൽനിന്നുള്ള മോക്ഷം ബ്രഹ്മത്തെഅറിയൽ ആണ്.

ബ്രഹ്മം ഏറ്റവും ഏകമായ ഒരു ലയസാന്ദ്രതയാണ്. അതുപ്രണയമായാലും ജീവിതരതിയായാലും അങ്ങനെതന്നെ. ജീവിതരതിയുടെ പ്രശ്നം എന്നത് ഒരു സാധ്യതകൂടിയാണ്. അതു വിടുതൽ നേടി തന്നിലേക്ക് തന്നെ തിരിച്ചു പോകുന്നുണ്ട്. ബ്രഹ്മസുഖം അനുഭവിച്ചു വീണ്ടും താന്താങ്ങൾ ആകുന്ന മനുഷ്യജീവികളാണ് നമ്മൾ. തന്റെ ഇഷ്ടങ്ങളിലേക്കു തിരിച്ചു പോകുന്നുണ്ട്. ആത്മാവുകളുടെ പ്രണയജ്വലനവും കേവലമായ രതിയുടേത് അല്ല. ഒറ്റമുറികളിലിരുന്നു പ്രണയത്താൽ നെടുവീർപ്പിടുന്ന ലോകം നമുക്കിന്നന്യമല്ല.

സ്വപ്നം യാഥാർഥ്യം പോലെ കടുത്ത സത്യമായി അവർക്കനുഭവപ്പെടുന്നു.  കവയിത്രി  ഒറ്റമുറിയിലെ രണ്ടുപേരുടെ സ്വാസ്ഥ്യത്തെ പറ്റി പറയുന്നത് "ഒറ്റ മുറിയിലെ രണ്ടുപേർക്കിടയിൽ

ശബ്ദമില്ലാത്ത ചലനങ്ങളിൽ മൗനത്തിന്റെ മൂർച്ചയേറുന്നു."എന്നാണ്. മൗനം നിറഞ്ഞു കവിയാത്ത അനുഭവം ആണ്. അതു മനസ്സിൽ ഏകാഗ്രതയെ ധ്യാനനിമീലിതം ആക്കുന്നുണ്ട്.

മൂർച്ച എന്ന പ്രയോഗം, കത്തിയുടെ മൂർച്ചയാകുമ്പോൾ, അതൊരു വ്യക്തിയെ ഗളഛേദം ചെയ്യാൻ കഴിയുന്ന മൂർച്ചയായും മാറുന്നുണ്ട്. ആ പദം എഴുത്തു ഭരണിയിൽ നിന്നും എടുക്കുമ്പോൾ അറിയാതെ നിലത്തുവീണു കരണം മറിഞ്ഞ് മാറിപ്പോയാൽ മോർച്ചറിയും ആകാം. എത്ര പെട്ടെന്നാണ് വാക്കുകളുടെ അർത്ഥാന്തരന്യാസം പെട്ടെന്നു അർത്ഥഭേദങ്ങളിലേക്കു പോകുന്നതെന്നു നോക്കുക.

ഇങ്ങനെ പറയുവാനും ഓർമ്മിപ്പിക്കുവാനും കാരണം ഒരു അടുക്കളയിൽ നിന്നും ഭക്ഷണം പാകം ചെയ്യുമ്പോൾ അടുക്കളയിൽ വെച്ചിരിക്കുന്ന ഭരണിയിൽ നിന്നും എടുക്കുന്ന സാധനങ്ങൾ തെറ്റിപ്പോയാൽ സംഭവിക്കുന്നതുപോലെ തന്നെ കാവ്യനിർമ്മിതിയിലും ഇതു ഏറെ ഗൗരവമർഹിക്കുന്ന കാര്യമാണെന്ന് സൂചിപ്പിക്കുവാൻ വേണ്ടിയാണ്. ഈ കവിതയിൽ അങ്ങനെയൊരു കുഴപ്പം കാണുന്നില്ല.

ഏകാന്തരായ മനുഷ്യരുടെയും അവരുടെ തന്നെ പങ്കുവെക്കലിനെയും കുറിച്ചുള്ള ഈ കവിത  ക്വാറന്റൈൻ  കാലത്തിൽ വായിക്കാൻ ലഭിക്കുന്നത് യാദൃച്ഛികം ആയിരിക്കാം. കവിതയിൽക്കൂടി ഒറ്റയിലും ഇരട്ടയിലും നിൽക്കുന്ന മനുഷ്യജീവികളുടെ ഉണ്മയെ കൃത്യമായി വായിക്കുകയാണ് കവയിത്രി ചെയ്തുതരുന്നത്. കവിതയിലെ പ്രയോഗം ശ്രദ്ധിക്കുക

"ഒറ്റമുറിയിലെ രണ്ടുപേരെയും  രണ്ടാളുടെ ഒറ്റമുറിയും തിരിച്ചറിയാനെളുപ്പമാണ് ".

ഇവർ തന്നെയാണ് ജീവിതനാടകത്തിൽ രണ്ടുപേരുടെ ഒറ്റമുറിയിൽ എത്തുന്നത്. പങ്കുവെക്കുന്ന മനുഷ്യനും ഒറ്റയായ മനുഷ്യനും ഒറ്റമുറി എന്ന ചിന്തയുടെ രൂപകത്തിൽ കവിതയിൽ ജീവിതചലനത്തെ രൂപപ്പെടുത്താൻ കവയിത്രി ഉപയോഗിക്കുന്ന ഈ രൂപകം അഭിനന്ദനമർഹിക്കുന്നു.

കേവലമായ പ്രണയകവിതയാകാൻ സാധ്യതയുള്ള ആശയത്തെ, ശരീരപ്രദമാകാൻ സാധ്യതയുള്ള പ്രണയ വിഷയത്തെ സമൂർത്തമായ ഒരു സൗന്ദര്യാനുഭവും മനുഷ്യജീവികുലത്തിന്റെ സ്നേഹിക്കപ്പെടാനുള്ള അദമ്യമായ ആദിമമായ ആഗ്രഹത്തെയും സമഞ്ജസമായി കവിതയിൽക്കൂടി അനുഭവിപ്പിക്കുവാൻ ഈ കവിതയ്ക്കു സാധിക്കുന്നു. അതു ഈ കവിതയേ കൂടുതൽ വായനയോഗ്യവുമാക്കിത്തീർക്കുന്നു.

കവിത

ഒറ്റ മുറി(വ്)

***************

ഒറ്റമുറിയിലെ രണ്ടുപേരെയും

രണ്ടാളുടെ ഒറ്റമുറിയും

തിരിച്ചറിയാനെളുപ്പമാണ്.

ഒറ്റമുറിയിലെ രണ്ടുപേർക്കിടയിൽ,

ശബ്ദമില്ലാത്ത ചലനങ്ങളിൽ,

മൗനത്തിന് മൂർച്ച ഏറുന്നു.

ചുവരുകളിൽ നെടുവീർപ്പുകൾ

വിള്ളൽ വീഴ്ത്തുന്നു.

പകൽ വെട്ടത്തിൽ ഇരുട്ട് നിറച്ചു

നിഴലുകൾ തപ്പി തടയുന്നു.

നിറം മങ്ങിയ കണ്ണാടിയിൽ

പരസ്പരം തിരിച്ചറിയാനാവാതെ,

ഋതുക്കൾ വഴിമാറിപ്പോകുന്നതറിയാതെ,

സമയം ആളില്ലാഭൂഖണ്ഡങ്ങളിലേയ്ക്ക്

അവരെ മാറ്റിപ്പാർപ്പിക്കുന്നതറിയാതെ,

ഒറ്റമുറിയിലെ രണ്ടുപേർ!

എന്നാൽ രണ്ടുപേരുടെ ഒറ്റ മുറിയിൽ കടലൊളിക്കുന്നു.

വാക്കുകളിൽ ഒരു തരി പോലും

ചോരാതെ ചുണ്ടുകൾ

ചുണ്ടുകൾക്കു കൈമാറുന്നു.

ഒരുതുള്ളി പോലും തുളുമ്പിപ്പോകാതെ

കണ്ണുകൾ പരസ്പരം പ്രണയം പകരുന്നു.

ചുവരിൽ ചേർന്ന

ഗൗളിയെ പോലെ ഒരാൾ

മറ്റൊരാളിൽ ചേർന്ന്.

മഴയും മഞ്ഞും കാറ്റും അവരാകുന്നു.

ഋതുക്കൾ അവരിലേക്കെത്തുന്നു.

കണ്ണാടിയിലെ ഒറ്റ രൂപത്തിൽ

അവരാനന്ദിക്കുന്നു.

രണ്ടു ഹിമക്കട്ടകൾ ചേർന്നപോലെ,

രണ്ടു പുകച്ചുരുളുകൾ

ലയിച്ചപോലെ,

വേർതിരിക്കാനാവാതെ

രണ്ടു പേരുടെ ഒറ്റ മുറി വിറകൊള്ളുന്നു!!

Advertisment