Advertisment

സെൻറ് തോമസ് ദി അപ്പോസ്ഥൽ സിറോ മലബാർ ഇടവക ദേവാലയ വെഞ്ചരിപ്പ് നവംബർ 4 -ന്

author-image
ടോം ജോസഫ്
New Update

ബ്രിസ്‌ബേൻ:  ബ്രിസ്‌ബേൻ സൗത്ത് സെൻറ് തോമസ് ദി അപ്പോസ്ഥൽ സിറോ മലബാർ ഇടവക ദേവാലയത്തിന്റെ കൂദാശ തിരുക്കർമ്മങ്ങൾ നവംബർ മാസം 4 -ആം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് മെൽബൺ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവും ബ്രിസ്‌ബേൻ അതിരൂപതാ ബിഷപ്പ് മാർ മാർക്ക് കോൾറിഡ്ജ്‌ പിതാവും ചേർന്ന് നടത്തുന്നതാണ്. മെൽബൺ രൂപതയിലെ പ്രഥമ ഇടവക ദേവാലയ വെഞ്ചരിപ്പ് തങ്ങളുടെ വിശ്വാസ ജീവിത വഴിത്താരയിലെ ഒരവിസ്മരണീയ ദിനമാക്കുവാൻ തയാറെടുക്കുകയാണ് ഇടവക വിശ്വാസികൾ.

Advertisment

publive-image

500 ഓളം വിശ്വാസികൾക്ക് ഒരേ സമയം ദിവ്യബലിയിൽ പങ്കെടുക്കുവാൻ കഴിയുന്ന ഇടവക ദേവാലയത്തോടൊപ്പം തന്നെ 400 കുട്ടികൾക്ക് സമഗ്രമായ വിശ്വാസ പരിശീലനം നടത്തുവാൻ കഴിയുന്ന വിധം പന്ത്രണ്ടോളം ക്ലാസ്സ്മുറികളുള്ള ഒരു വിശ്വാസ പരിശീലന കേന്ദ്രവും ഇതോടൊപ്പം ആശിർവദിക്കപ്പെടുന്നുണ്ട്. നാലു ഏക്കറോളം വരുന്ന സ്ഥലത്തു ഇതിനു പുറമെ വൈദികർക്ക് താമസിക്കുവാൻ കഴിയുന്ന ഒരു മനോഹരമായ വീടും ഉണ്ട്.

ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആരംഭിക്കുന്ന വെഞ്ചരിപ്പ് തിരുക്കർമ്മങ്ങൾക്കു അഭിവന്ദ്യപിതാക്കന്മാർ നേതൃത്വം നൽകുമ്പോൾ തുടർന്ന് നടക്കുന്ന ദിവ്യ ബലിയിൽ ഇടവകയുടെ അജപാലന ദൗത്യത്തിൽ നിർണായക പങ്കു വഹിച്ചിരുന്ന ഫാദർ തോമസ് അരീക്കുഴി ഫാദർ പീറ്റർ കാവുംപുറം എന്നിവർ പങ്കാളികളാകും.

രൂപതയുടെ വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാദർ മാത്യു കൊച്ചുപുരക്കൽ ബ്രിസ്‌ബേൻ രൂപതയുടെ വികാരി ജനറാൾ ഫാദർ പീറ്റർ മനേലി, മെൽബോൺ, ബ്രിസ്‌ബേൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധി വൈദികർ എന്നിവർ ദിവ്യബലിയർപ്പിക്കും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും വൈദികരും വിവിധ ഇടവകകളിൽ നിന്നെത്തുന്ന വിശ്വാസികളും വിവിധ സാമൂഹ്യ കൂട്ടായ്മകളിൽ നിന്നെത്തുന്നവരും ഉൾപ്പടെ 1500 ഓളം ആളുകളെയാണ് കമ്മിറ്റിക്കാർ പ്രതീക്ഷിക്കുന്നത്‌.

പള്ളിയുടെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും വെഞ്ചരിപ്പ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പരിശുദ്ധ പിതാവായ ദൈവത്തിന്റെ കരുതലിന്റെയും അനുഗ്രഹത്തിന്റെയും ഒട്ടേറെ കഥകളാണ് വിശ്വാസികൾക്ക് പറയുവാനുള്ളത്.

ഏതാണ്ട് 2004 ന്റെ തുടക്കത്തിൽ ഫാദർ തോമസ് അരീക്കുഴി ഏതാനും ചില കുടുംബങ്ങളെ കൂട്ടിയിണക്കി ന്യൂ ഫാം എന്ന സ്ഥലത്തു ആരംഭിച്ച ഒരു വിശ്വാസ കൂട്ടായ്മ ആണ് ഇന്ന് മുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായുള്ള ഒരു ഇടവകയായ വളർന്നത്.

2007 -ഇൽ യൂറോപ്പ് , ന്യൂസീലാൻഡ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കുടിയേറ്റത്തിൽ ഉണ്ടായ വളർച്ചയാണ് ഇടവക സമൂഹത്തിന്റെ ഉയർച്ചയിൽ പ്രേതന പങ്കു വഹിച്ചത്. 2009 -ഇൽ കുർപാറു സൈന്റ്റ് ജെയിംസ് പള്ളിയിൽ വെച്ചാണ് സെന്റ്‌ തോമസ് കമ്മ്യൂണിറ്റിയുടെ ഔദ്യോഗികമായ തുടക്കം.

സൈന്റ്റ് ജെയിംസ് പള്ളിയിൽ ദിവ്യബലിയർപ്പിച്ചു ബഹുമാനപ്പെട്ട ആന്റണി വടകര അച്ഛൻ ഈ വിശ്വാസ സമൂഹത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിച്ചു. കമ്മ്യൂണിറ്റിയുടെ മുന്നോട്ടുള്ള വളർച്ചയിൽ പ്രധാന പങ്കു വഹിച്ച ഫാദർ ജോസഫ് തോട്ടങ്കര , പ്രഥമ വികാരി ഫാദർ പീറ്റർ കാവും പുറം , ഫാദർ ജോസഫ് കാനാട്ട് , ഫാദർ ഫെർണാണ്ടോ, ഫാദർ ജെയ്സൺ , ഫാദർ ജോസെൻ എന്നിവരെയും ഇടവകജനങ്ങൾ നന്ദിയോടെ ഓർക്കുന്നു.

'എന്റെ കര്ത്താവേ എന്റെ ദൈവമേ ' എന്ന് ഉത്‌ഘോഷിച്ച വിശുദ്ധ തോമാശ്ളീഹായുടെ നാമധേയത്തിലുള്ള ഈ ഇടവകയുടെ ഔദ്യോഗിക രൂപീകരണം 2015 ജൂലൈ മാസം 5 -ആം തിയതിയാണ്.

2009 മുതൽ ഇന്ന് വരെയുള്ള ഇടവകയുടെ പ്രവര്ത്തനങ്ങളിൽ ദൈവത്തിന്റെ അപൂർവമായ കരുതലും സ്നേഹവും നമുക്ക് ദർശിക്കാൻ കഴിയുമെന്നാണ് വികാരി ഫാദർ വര്ഗീസ് വാവോലിൽ പറയുന്നത്.

2016 -ഇൽ ആണ് നിലവിലുള്ള വികാരി ഫാദർ വാവോലിൽ ഇടവക വികാരി ആയി ചാര്ജടുക്കുന്നത്. ഫാദർ പീറ്റർ കാവുംപുറം തുടങ്ങി വെച്ച ദേവാലയ നിർമാണം എന്ന ഒരു വലിയ ദൗത്യവും ആയി ചാര്ജടുത്ത ഫാദർ വാവോലിൽ ഇടവക ജനങ്ങളെ പ്രാത്ഥനയിലും ആരാധനയിലും വിശ്വാസത്തിലും വളർത്തുന്നതിൽ പ്രേത്യക ശ്രെദ്ധ പുലർത്തിയിരുന്നു.

ഏതാണ്ട് ഒരു കൊല്ലം മുൻപ് ഹിൽ ക്രെസ്റ് എന്ന സ്ഥലത്തു പള്ളിക്കു അനുയോജ്യമായ 4 ഏക്കർ സ്ഥലം അന്നത്തെ പാരിഷ് കൗൺസിലിന്റെയും പൊതുയോഗത്തിന്റെയും സഹയാത്തോടെ വാങ്ങുവാൻ തീരുമാനിക്കുക ആയിരുന്നു .

തുടർന്ന് 53 -ഓളം അംഗങ്ങളുള്ള ഒരു ചർച് ഡെവലൊപ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും കൺവീനർ ആയി ശ്രീ തോമസിനെയും ജോയിന്റ് കൺവീനർ ആയി  സോണി കുര്യനെയും തിരഞ്ഞെടുത്തു. രജി ജോസഫ് ആയിരുന്നു അന്നത്തെ കൈക്കാരൻ. ഒരു കൊല്ലത്തോളം സമയമെടുത്ത് ഒട്ടനവധി പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തിയാണ് ഇപ്പോൾ പള്ളി വെഞ്ചെരിപ്പിനു തയ്യാറായിരിക്കുന്നത്.

ബാജി ഇട്ടീര,  ജോസ് ആനിത്തോട്ടത്തിൽ എന്നിവർ ആണ് നിലവിലെ കൈക്കാരന്മാർ. പാരിഷ് കൌൺസിൽ, ചർച് ഡെവലൊപ്മെന്റ് കമ്മിറ്റി എന്നിവർ സംയുക്തമായി ഒരേമനസ്സോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിനാലാണ് പണികൾ പൂർത്തിയായി ഇത്ര വേഗം ദേവാലയം വെഞ്ചെരിപ്പിനു തയ്യാറായത്.

ഇടവക ജനങ്ങൾ ഒരേ മനസോടെ പ്രാര്ഥിച്ചതിനാലും അവർക്കുള്ളത് പങ്കു വെക്കുകയും ചെയ്തതിനാലാണ് പുനർനിർമാണം ഇത്രയും മനോഹരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നാണ് കമ്മിറ്റിക്കാരുടെയും വികാരിയച്ചന്റെയും അഭിപ്രായം. ഏതായാലും അഭൂതപൂർവമായ ദൈവാനുഗ്രഹത്തിന്റെയും പരിശുദ്ധാൽമാവിന്റെ നിറവിന്റെയും വിശ്വാസികളുടെ കൂട്ടായ്‍മയുടെയും, പ്രാത്ഥനയുടെയും പങ്കുവെക്കലിന്റേയും ഉത്തമ ഉദാഹരണം ആവുകയാണ് ബ്രിസ്‌ബേൻ സൗത്തിലെ സെന്റ്‌ തോമസ് ദേവാലയത്തിന്റ വെഞ്ചരിപ്പുംവിശ്വാസ പരിശീലന കേന്ദ്രത്തിൻെറ ആശിർവാദവും !!!

ഇടവകയുടെ വളർച്ചയിലെ ഒരു വലിയ നാഴികക്കല്ലാകുവാൻ പോന്ന ഈ അനുഗ്രഹ നിമിഷം ഇതര സ്ഥലങ്ങളിലുള്ളവർക്കു ദർശിക്കുവാൻ കഴിയും വിധം ലൈവ് ആയി ടെലികാസ്റ് ചെയ്യുന്നുണ്ട്.

ശാലോം ടി വി യുടെ സൈറ്റ് ആയ www.shalommedia.org./Australia എന്ന സൈറ്റിൽ ക്ലിക്ക് ചെയ്താൽ തത്സമയ സംപ്രേക്ഷണം കാണാവുന്നതാണ്. ഇതിനു പുറമെ ഇടവകയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്കും ആപ്പിൾ ടി വി, റുകൂ തുടങ്ങിയ സ്മാർട്ട് ടീവീ ഉള്ളവർക്ക് ശാലോം ടി വിയുടെ ആപ്‌ളിക്കേഷൻ ഡൌൺലോഡ് ചെയ്താലും തത്സമയ സംപ്രേക്ഷണം കാണാവുന്നതാണ്

Advertisment