പ്രളയക്കെടുതി: അമിതാഘോഷങ്ങൾ ഒഴിവാക്കി കേരളത്തിന് സഹായഹസ്തവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്

ഷിജി ചീരംവേലില്‍
Friday, August 17, 2018

നമ്മുടെ കേരളത്തിൽ അതിഭീകരമായി ഉണ്ടായിരിക്കുന്ന പ്രളയക്കെടുതി ശ്വാസമടക്കിപ്പിച്ചു വീക്ഷിക്കുകയാണ് സ്വിസ്സ് മലയാളികളായ നമ്മളും പ്രവാസ ലോകവും. ഉറ്റവരുടെ വീടുകളും സാധന സാമഗ്രികളും വെള്ളത്തിലാഴുന്നത് ഭീതിയോടെയാണ് പ്രവാസ ലോകം കാണുന്നത് അതിലുപരി ജീവനുള്ള ഭീക്ഷണിയും.

അവധികാലത്തിനു നാട്ടിലേക്ക് പോയവർക്ക് തിരിച്ചെത്താൻ കഴിയാതെ വന്നിരിക്കുകയുമാണ് .അവരുടെ ഫോൺ വിളികളും ,വീഡിയോ മെസേജുകളും വീണ്ടും നമ്മളെ ഭീതിയിൽ ആഴ്ത്തുന്നു.

കാലവര്‍ഷക്കെടുതിയുടെ ഒരു വലിയ ദുരന്തമാണ് സംസ്ഥാനം നേരിടുന്നത് ,നമ്മുടെ സഹോദരി ,സഹോദരങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ നമ്മൾ ഒന്നുചേരേണ്ടതുണ്ട്.

സാമ്പത്തിക സഹായത്തിന്റെ അളവുകോലിലുപരി ,സഹാനുഭൂതിയാണ് കൂടുതലായിവേണ്ടത്. നാടിന്റെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്തു ഓണാഘോഷങ്ങളും ,മറ്റു ആഘോഷങ്ങളും സംസ്ഥാന ഗവണ്മെന്റും, പ്രവാസ സംഘടനകളും വേണ്ടന്നു വെക്കുന്ന ഈ സാഹചര്യത്തിൽ, വലിയൊരു ആഘോഷം നടത്തുവാനുള്ള മനസികാവസ്ഥയിലല്ല നാടിനെ സ്നേഹിക്കുന്ന ഒരു സ്വിസ്സ് മലയാളിയും എന്നുള്ളതാണ് യാഥാർഥ്യം .

ആയതിനാൽ ഈ വർഷത്തെ ഓണാഘോഷം നമ്മുടെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന പ്രോഗ്രാമുകൾ മാത്രമാക്കുവാനും ,നാട്ടിൽ നിന്നും വരുവാനിരുന്ന കലാകാരന്മാരുടെ പ്രോഗ്രാമുകൾ ഒഴിവാക്കി ഓണത്തിന് അമിതാഘോഷങ്ങൾ വേണ്ടന്നു വെച്ചു നമ്മുടെ സഹോദരി സഹോദരന്മാരുടെ ദുഖങ്ങളിൽ പങ്ക്‌കൊള്ളാനും ,സാമ്പത്തികമായി സഹായിക്കാനും ഇന്ന് സൂറിച്ചിൽ കൂടിയ ബി ഫ്രണ്ട്സ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച വിവരം അറിയിക്കുന്നു .

ഈ വർഷത്തെ ബി ഫ്രണ്ട്സിന്റെ ഓണത്തിന് പങ്കെടുക്കുന്ന നിങ്ങൾ ഓരോരുത്തരും ബി ഫ്രണ്ട്‌സ്, പ്രളയക്കെടുതിയിൽപെട്ടവർക്കായി തുടക്കമിടുന്ന സാമ്പത്തിക സഹായത്തിൽ പങ്കാളികളാകുന്നു എന്നുള്ളത് ഓർമ്മിക്കുമല്ലോ.ഇതിൽ പങ്കാളികളാകുവാൻ സുമനസ്സരായ എല്ലാ സ്വിസ്സ് മലയാളികളേയും അമിതാഘോഷമില്ലാത്ത ജനകീയ ഓണത്തിനായി സെപ്റ്റംബർ ഒന്നിന് സാദരം ക്ഷണിക്കുന്നു .

ഇൗ ഉദ്യമത്തിൽ നിങ്ങൾക്കും നേരിട്ട് പങ്കാളികൾ ആകാവുന്നതാണ്.

Be Friends Switzerland
Charity Account

Post Finance
IBAN No. CH36 0900 0000 8542 0681 5

×