സന്ദർലൻഡ്: യുക്മ നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയന്റെ ആദ്യത്തെ കായിക മേള അത്യന്തം ആവേശത്തോടെ സമാപിച്ചു, സന്ദർലൻഡിലെ സിൽക്സ് വർത്ത് സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ച് മലയാളി അസോസിയേഷൻ സന്ദർലൻഡ് ആതിഥേയത്വം വഹിച്ച് സംഘടിപ്പിക്കപ്പെട്ട കായിക മേളയിൽ നൂറ് കണക്കിന് കായിക താരങ്ങൾ പങ്കെടുത്തു.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ്ബ് കായിക മേള നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡൻറും കായിക മേളയുടെ കോഡിനേറ്ററുമായ റെജി തോമസ് അതിഥികളെയും, കായിക താരങ്ങളെയും സ്വാഗതം ചെയ്തു. യുക്മയുടെ സ്ഥാപക ട്രഷറർ സിബി തോമസ്, ഐസിഎ പ്രസിഡന്റ് മാർട്ടിൻ ജോർജ് തുടങ്ങിയവർ സ്വാഗതം ആശംസിച്ചു.
തുടർന്ന് വിവിധ അസോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങൾ അണിനിരന്ന വർണങ്ങളമായ മാർച്ച് പാസ്റ്റ് നടന്നു. തുടർന്ന് മത്സരങ്ങൾ ആരംഭിച്ചു. അത് ലറ്റിക്സ്, വടം വലി മത്സരങ്ങളുണ്ടായിരുന്നു.
യുക്മ നാഷണൽ കമ്മിറ്റിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് നടത്തിയ കായിക മേളയിൽ 353 പോയിന്റുകൾ കരസ്ഥമാക്കി മലയാളി അസോസിയേഷൻ സന്ദർലൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി റീജിയനിലെ തങ്ങളുടെ ആധിപത്യം തെളിയിച്ചു.
61 പോയിൻറുമായി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒരു കായിക മത്സരത്തിലെ വിജയത്തിനുപരിയായി നോർത്ത് ഈസ്റ്റിലും സ്കോട്ട്ലൻഡിലും യുക്മയെന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയും, അതുവഴി പ്രസ്തുത റീജിയനിലെ അസോസിയേഷനുകളും അതിലെ അംഗങ്ങളും തമ്മിലുള്ള സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു കൂടിക്കാഴ്ചയുടെ അന്തരീക്ഷമായി കായിക മേളക്ക് മാറാൻ കഴിഞ്ഞു.
തികച്ചും ദേശീയ നിലവാരത്തിൽ സംഘടിപ്പിച്ച കായിക മേളക്ക് ഐ.സി.എ സെക്രട്ടറി ജിനു വർഗീസ്, സ്പോർട്സ് കോഡിനേറ്റർ ഫെലിക്സ് തറപ്പേൽ, മാസ് വൈസ് പ്രസിഡന്റ് സോജി ജോസഫ്, യുക്മ പ്രതിനിധി തോമസ് മാത്യു, മിനി ബെന്നി, റെയ്മണ്ട് മുണ്ടക്കാട്ട്, ജിമ്മി അഗസ്റ്റിൻ, ജെയിംസ് കാരിമററം, വിനോയ് കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
യുക്മ റീജിയൻ കായിക മേളയിലെ എല്ലാ വിജയികൾക്കും, കായിക മേളക്ക് ആതിഥേയത്വം വഹിച്ച മലയാളി അസോസിയേഷൻ സന്ദർലൻഡിനും യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പ് അഭിനന്ദനങ്ങൾ അറിയിച്ചു.
യുക്മ നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയൻ കായിക മേള വിജയിപ്പിക്കുവാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും അതിഥേയരായ മലയാളി അസോസിയേഷൻ സന്ദർലൻഡ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.