Advertisment

ജാഹ്നവി കേസ് പ്രതിയെ ഒഴിവാക്കിയതിൽ കോൺസലേറ്റ് പ്രതിഷേധിച്ചു; കേസ് വീണ്ടും പരിശോധിക്കാൻ സിറ്റി അറ്റോണിയെ ഏല്പിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
888888888
വാഷിംഗ്ടൺ: പോലീസ് കാറിടിച്ചു മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുളയുടെ മരണത്തിനു ഉത്തരവാദിയായ സിയാറ്റിൽ പോലീസ് ഓഫിസർ കെവിൻ ഡേവിനെ കുറ്റം ചുമത്താതെ വിട്ടയച്ചതിൽ യുഎസ് അധികൃതരെ 'ശക്തമായ' പ്രതിഷേധം അറിയിച്ചെന്നു സിയാറ്റിലിലെ ഇന്ത്യൻ കോൺസലേറ്റ് അറിയിച്ചു. കേസ് പുനഃപരിശോധിക്കാൻ സിയാറ്റിൽ സിറ്റി അറ്റോണിയെ ഏൽപിക്കുമെന്നു ഉറപ്പു കിട്ടിയതായും കോൺസലേറ്റ് പറഞ്ഞു.  
Advertisment

ഡേവിനെതിരെ വേണ്ടത്ര തെളിവുകൾ കിട്ടാത്തതിനാൽ കുറ്റം ചുമത്തുന്നില്ലെന്നു ബുധനാഴ്ച കിംഗ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചിരുന്നു. 

കോൺസലേറ്റ് വെള്ളിയാഴ്ച എക്‌സിൽ പറഞ്ഞു: "ഞങ്ങൾ കേസിന്റെ പുരോഗതി ശ്രദ്ധിക്കുന്നുണ്ട്. പ്രാദേശിക അധികൃതരുടെ മുന്നിലും വിഷയം അവതരിപ്പിച്ചിട്ടുണ്ട്. സിറ്റി അറ്റോണിക്കു പുനഃപരിശോധനയ്ക്കായി കേസ് അയച്ചിട്ടുണ്ട്." 

തെലങ്കാനയിൽ നിന്നുള്ള കണ്ടുള കുടുംബവുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കയാണെന്നും കോൺസലേറ്റ് പറയുന്നു. ജാഹ്നവിക്കും കുടുംബത്തിനും നീതി കിട്ടാൻ കഴിവതെല്ലാം ചെയ്യും. 

സൗത്ത് ലേക്ക് യൂണിയനിൽ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർഥിനി ആയിരുന്ന ജാഹ്നവി കഴിഞ്ഞ വർഷം ജനുവരി 23 രാത്രി വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് അമിത വേഗത്തിൽ ഓടിച്ചു വന്ന കാർ തട്ടി നൂറടി ദൂരത്തേക്കു തെറിച്ചു വീണത്. 26 വയസുള്ള യുവതിയുടെ ജീവന് തെല്ലും വിലയില്ലെന്നു പ്രതി പുച്ഛിച്ചു സംസാരിക്കുന്ന ഓഡിയോ പിന്നീട് പുറത്തു വന്നിരുന്നു. അയാളെ രക്ഷിക്കാൻ ഇറങ്ങിയ പോലീസ് യൂണിയൻ നേതാവുമായുള്ള സംഭാഷണം ആയിരുന്നു അത്. നേതാവിനു ജോലിയിൽ മാറ്റം കിട്ടി. 

ഹിന്ദു സംഘടന പ്രതിഷേധിച്ചു 

കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക എന്ന സംഘടന കൗണ്ടി അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചു. "അത് ഞെട്ടിക്കുന്നതാണ്, ഹൃദയഭേദകമാണ്," അവർ പറഞ്ഞു.  

"പ്രതിക്കെതിരെ ഒരു നടപടിയും ഇല്ലാതെ കേസ് അവസാനിപ്പിച്ചത് ഞെട്ടിക്കുന്നു. ഈ അന്താരാഷ്ട്ര വിദ്യാർഥിയുടെ കുടുംബത്തിന് എങ്ങിനെ നീതി ലഭിക്കും? സിയാറ്റിൽ നടപ്പാതയിൽ വച്ചാണ് ജാഹ്നവിയുടെ മേൽ പോലീസ് കാർ ഇടിച്ചത്." 

അനുവദനീയമായ വേഗത 20-25 മൈൽ ആണെന്നിരിക്കെ ഡേവ് ഓടിച്ചിരുന്നത് 74 മൈൽ വേഗതയിൽ ആയിരുന്നു. ഇടിക്കും മുൻപ് വേഗത കുറച്ചതായി ദൃശ്യങ്ങളിൽ കാണാം. ജാഹ്നവിക്കു അയാൾ സി പി ആർ നൽകുന്നതും കാണാം. 

അച്ഛനില്ലാത്ത ജാഹ്നവിയെ പഠിപ്പിക്കാൻ വായ്പ എടുത്ത 'അമ്മ തെലങ്കാനയിലെ വീട്ടിൽ കഠിന ദുഖത്തിലാണ്. ഐ ടിയിൽ മാസ്‌റ്റേഴ്‌സ് ആയിരുന്നു ജാഹ്നവി പഠിച്ചിരുന്നത്. 

janvi case
Advertisment