Advertisment

സഫേൺ സെൻറ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
88877766

ന്യൂയോർക്ക്:  സഫേൺ സെൻറ് മേരീസ്  മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ജനുവരി 21 ഞായറാഴ്ച  വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗ് നടന്നു.

ഇടവക വികാരി  ഫാ. ഡോ. രാജു വർഗീസ്  കോൺഫറൻസ് ടീമിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ, ജോയിൻറ് സെക്രട്ടറി ഷിബു തരകൻ,  ഫൈനാൻസ് ആൻഡ് മെഡിക്കൽ കമ്മിറ്റി മെമ്പർ ഷെറിൻ എബ്രഹാം, എന്റർടൈൻമെന്റ് കമ്മിറ്റി  അംഗം ഐറിൻ ജോർജ്,  ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ ഫിലിപ്പ് തങ്കച്ചൻ, ഹന്ന ജേക്കബ്  തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.  

Advertisment

ഇടവകാംഗമായ കോൺഫറൻസ് കമ്മിറ്റിയംഗം മത്തായി ചാക്കോ  ടീം അംഗങ്ങളെ പരിചയപ്പെടുത്തി. മുൻ  ഭദ്രാസന കൗൺസിൽ അംഗം സജി എം. പോത്തൻ കോൺഫറൻസിന്റെ സവിശേഷതകളെ കുറിച്ച് സംസാരിച്ചു.

ഈ വർഷത്തെ ഫാമിലി/  യൂത്ത് കോൺഫറൻസിന്റെ വിശദാംശങ്ങളെ കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു. ഈ കോൺഫറൻസിൽ ക്വയറിന്  നേതൃത്വം നൽകുന്ന രാജു വർഗീസ് അച്ചന്റെയും  മുൻ കോൺഫറൻസ് സെക്രട്ടറി സൂസൻ വർഗീസ് കൊച്ചമ്മയുടെയും പ്രവർത്തനങ്ങളെ അദ്ദേഹം വളരെയധികം അഭിനന്ദിച്ചു.

കോൺഫറൻസ് 2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തിലൂന്നി  “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം  സെഷനുകൾ ഉണ്ടായിരിക്കും.

ഷിബു തരകൻ രജിസ്ട്രേഷന്റെ വിശദാംശങ്ങളെ കുറിച്ച് സംസാരിച്ചു. സമ്പന്നമായ ക്രിസ്തീയ അനുഭവത്തിനായും വിനോദത്തിനും വിശ്രമത്തിനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ക്വയറിൽ പങ്കെടുക്കുന്നവർ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

 

സമ്മേളനത്തിന്റെ അനുസ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് ഫിലിപ്പ് തങ്കച്ചൻ സംസാരിച്ചു.   2024 മാർച്ച് അവസാനത്തോടെ സുവനീറിലേക്കുള്ള സർഗാത്മക സൃഷ്ടികൾ, പരസ്യങ്ങൾ എന്നിവ അയച്ചുതരണമെന്ന് അഭ്യർത്ഥിച്ചു.

റാഫിൾ ടിക്കറ്റിൻറെ വിലയെക്കുറിച്ചും അതിന്റെ ആകർഷകമായ സമ്മാനങ്ങളെപ്പറ്റിയും കോൺഫറൻസ് മെഡിക്കൽ ടീം അംഗം ഡോ. റിബേക്ക പോത്തൻ സംസാരിച്ചു. സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ കോൺഫറൻസിന്‌ പിന്തുണ നൽകാനുള്ള അവസരങ്ങളെപ്പറ്റി ഷെറിൻ എബ്രഹാം വിശദീകരിച്ചു.

കോൺഫറൻസിനോട് അനുബന്ധിച്ച് നടക്കുന്ന എന്റർടൈൻമെന്റ് പ്രോഗ്രാമിൽ ഇടവകകൾക്ക്  പങ്കെടുക്കുന്നതിനുള്ള അവസരങ്ങളെ കുറിച്ച് ഐറിൻ ജോർജ് സംസാരിച്ചു. ഹന്ന ജേക്കബ് ഫാമിലി കോൺഫറൻസിലെ തൻറെ അനുഭവങ്ങളും കോൺഫറൻസിൽ കണ്ടെത്താനും പഠിക്കാനും ആഗ്രഹിക്കുന്ന ആവേശകരമായ കാര്യങ്ങളും പങ്കുവെച്ചു. 

ഇടവകയെ പ്രതിനിധീകരിച്ച് വികാരിയോടൊപ്പം സെക്രട്ടറി ജെറമിയ ജയിംസ്, ജോയിൻറ് ട്രഷറർ അജിത്ത് എബ്രഹാം എന്നിവർ സുവിനീറിനുള്ള  സംഭാവന കൈമാറി.  ഫാ. ഡോ. രാജു വർഗീസ് ആദ്യത്തെ സ്പോൺസർഷിപ്പ് നൽകി. സജി  എം.  പോത്തൻ, ജോർജ് താമരവേലിൽ, ബെൻ ചെറിയാൻ, ലിജു പോൾ,  സാജു ജോർജ്. എലിസബത്ത് വർഗീസ്, സജി കെ പോത്തൻ, ജോൺ വർഗീസ്, ജോൺ ജേക്കബ്, ബെന്നി കുര്യൻ, ഫിലിപ്പോസ് ഫിലിപ്പ് എന്നിവരും തങ്ങളുടെ സ്പോൺസർഷിപ്പ് കൈമാറി. കൂടാതെ  ഇടവകയിൽ നിന്നുള്ള ധാരാളം അംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും ഉദാരമായി സഹകരിച്ചു.  

ഫിലിപ്പോസ് ഫിലിപ്പ് (മുൻ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗം/ഭദ്രാസന കൗൺസിൽ  അംഗം)  കിക്കോഫിന്  ചുക്കാൻ പിടിച്ചു. ഇടവക സന്ദർശനം വൻ വിജയമാക്കാൻ നേതൃത്വം നൽകിയ  ഭാരവാഹികൾക്കു അദ്ദേഹം നന്ദി അറിയിച്ചു. സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ ഉദാരമായ പിന്തുണ വാഗ്ദാനം ചെയ്ത വികാരിക്കും ഇടവകാംഗങ്ങൾക്കും ഫോട്ടോഗ്രാഫർ ജസ്റ്റിൻ വർഗീസിനോടും നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തി.

Suffern St. Mary's Parish
Advertisment