Advertisment

ന്യൂ യോർക്കിൽ പോലീസിനെ ആക്രമിച്ച അഭയാർഥികളെ നാടു കടത്താൻ ഗവർണറുടെ പിന്തുണ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
88888888888

ന്യൂ യോർക്ക് : ന്യൂ യോർക്ക് ടൈംസ് സ്‌ക്വയറിൽ പോലിസിനെ ആക്രമിച്ച അഭയാർഥികളെ നാടുകടത്തണമെന്ന ആവശ്യം പരിഗണിക്കുമെന്നു ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു. റിപ്പബ്ലിക്കൻ നേതാക്കൾ ഉന്നയിച്ച  ആവശ്യത്തോടു പ്രതികരിച്ചു ഡെമോക്രാറ്റിക് ഗവർണർ പറഞ്ഞു: "ന്യൂ യോർക്ക് സംസ്ഥാനത്തു നിയമവിരുദ്ധമായി എത്തിയ ഒരാൾ ഒരു പോലീസ് ഓഫിസർക്കെതിരെ കുറ്റകൃത്യം ചെയ്താൽ തീർച്ചയായും നാടുകടത്തൽ പരിഗണിക്കാവുന്നതാണ്. ഒരർഥത്തിലും അവരുടെ കുറ്റം ന്യായീകരിക്കാൻ കഴിയില്ല. 

Advertisment

"നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഒരു സാഹചര്യത്തിലും ആക്രമണം ഉണ്ടാവാൻ പാടില്ല. പ്രോസിക്യൂട്ടർമാരും ജഡ്‌ജിമാരും ഇക്കാര്യത്തിൽ വേണ്ടതു ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നു." 

ഡാർവിൻ ആന്ദ്രേ ഗോമസ്-ഇസ്കിയേൽ (19), കെൽ‌വിൻ സെർവിത അരോച (19), വിൽസൺ ഹുവാരെസ് (21), ജൊഹാൻ ബോഡാ (22), യോർമൻ റെവെറോൺ (24) എന്നിങ്ങനെ അഞ്ചു പേരെയാണ് ടൈംസ് സ്‌ക്വയർ ആക്രമണത്തിന് അറസ്റ്റ് ചെയ്‌തത്‌. മൂന്നു പേരെ കൂടി കിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു. 

വെസ്റ്റ് 42 സ്ട്രീറ്റിൽ ജോലിയിലായിരുന്ന ഒരു എൻ വൈ പി ഡി ഓഫിസറും ലെഫ്റ്റനന്റും അഭയാർത്ഥികളോടു സ്ഥലം വിടാൻ പറയുന്നതും ഉടൻ തന്നെ അഭയാർഥികൾ അവരെ ആക്രമിക്കുന്നതും വിഡിയോയിൽ കാണാം. ഓഫീസർമാരെ തൊഴിക്കയും ഇടിക്കുകയും ചെയ്യുന്നുണ്ട്. 

"എൻ വൈ പി ഡിയും ഫെഡറൽ ഇമിഗ്രെഷൻ വകുപ്പും തമ്മിൽ സഹകരിക്കാൻ പാടില്ല എന്ന നിയമം ആദ്യം എടുത്തു കളയണം," സ്റ്റാറ്റൻ ഐലൻഡ് റെപ്. നിക്കോൾ മല്ലിയോടാക്കിസ് (റിപ്പബ്ലിക്കൻ-ന്യൂ യോർക്ക്) ന്യൂ യോർക്ക് പോസ്റ്റിനോടു പറഞ്ഞു. "റിപ്പബ്ലിക്കാനായാലും ഡെമോക്രാറ്റ് ആയാലും സ്വതന്ത്രർ ആയാലും ഒരു കാര്യത്തിൽ യോജിക്കണം: കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഈ നഗരത്തിൽ ജീവിക്കാൻ അവസരം നൽകരുത്." 

ഒരു വർഷം മുൻപ് ഈ അഭയാർഥികളെ അകത്തു കയറ്റരുതെന്നു താക്കീതു നൽകിയിരുന്നുവെന്നു സ്റ്റാറ്റൻ ഐലൻഡ് ബറോ പ്രസിഡന്റ് വിറ്റോ ഫോസെല പറഞ്ഞു. "ഇതു വിഷവൃക്ഷത്തിന്റെ ഫലമാണ്. പോലീസിനെ ആക്രമിച്ച ഇവരെ നാട് കടത്താതിരിക്കാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല."  

കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കു നഗരം സംരക്ഷണമൊന്നും നൽകുന്നില്ലെന്നു നിയമവിദഗ്ധർ പറഞ്ഞു. "ഓഫിസറെ ആക്രമിക്കുന്നത് 100% നാടു കടത്തേണ്ട കുറ്റകൃത്യമാണ്," മൻഹാട്ടൻ മുൻ പ്രോസിക്യൂട്ടർ മൈക്കൽ ബാച്നർ പറഞ്ഞു. "ഇമിഗ്രെഷൻ കോടതികൾ അത്തരക്കാർക്കു ഒരു പരിഗണനയും നൽകില്ല."

Gov. Kathy Hoeckel
Advertisment