Advertisment

മത്സരത്തിൽ ഉറച്ചു തന്നെ ഹേലി; സൗത്ത് കരളിന പരാജയം വിഷയമല്ല

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
yyyyyyyyyy

സൗത്ത് കരളിന: നിക്കി ഹേലി രണ്ടു തവണ ഗവർണർ സ്ഥാനം നേടിയ സൗത്ത് കരളിനയിൽ അവരെ തകർത്തു ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള പ്രൈമറിയിൽ അജയ്യനെന്നു ഒരിക്കൽ കൂടി തെളിയിച്ചു. ശനിയാഴ്ച വോട്ടിംഗ് അവസാനിച്ചു അധികം വൈകാതെ അദ്ദേഹം ജയിച്ചതായി അസോസിയേറ്റഡ് പ്രസ് പ്രഖ്യാപിച്ചു. 

Advertisment

"ഇന്നു നമ്മുടെ പോരാട്ടം അവസാനിക്കുന്നില്ല," ഹേലി പറഞ്ഞു. 40 ശതമാനത്തോളം വോട്ട് നേടിയതു ചൂണ്ടിക്കാട്ടി, പാർട്ടിയിൽ നല്ലൊരു വിഭാഗം കൂടെയുണ്ടെന്ന് അവർ അവകാശപ്പെട്ടു. പാർട്ടി ഒറ്റക്കെട്ടായി തന്റെ പിന്നിൽ ഉണ്ടെന്നാണ് ട്രംപ് വാദിച്ചത്. 

ന്യൂ ഹാംപ്‌ഷെയറിൽ ഹേലി 43% നേടിയിരുന്നു. ഏകദേശം അത്രയും തന്നെ ഇവിടെയും ലഭിച്ചെന്നു അവർ ചൂണ്ടിക്കാട്ടി. 

"നമ്മൾ നാളെ മിഷിഗനിലേക്കു പോവുകയാണ്. പിന്നെ സൂപ്പർ ട്യുസ്‌ഡേ സംസ്ഥാനങ്ങളിലേക്കും. നന്ദി, ദൈവം നിങ്ങളെ കാക്കട്ടെ." 

സ്വന്തം സംസ്ഥാനത്തു വിജയം പ്രതീക്ഷിക്കാത്ത ഹേലിയുടെ കാമ്പയ്ൻ പക്ഷെ മത്സരത്തിൽ തുടരുമെന്നു പ്രഖ്യാപിച്ചു. മാർച്ച് 5 നു നിരവധി പ്രൈമറികൾ ഒന്നിച്ചു നടക്കുന്ന സൂപ്പർ ട്യുസ്‌ഡേ വരെ അവർ ഉറച്ചു നിൽക്കുമെന്നാണ് അനുയായികളുടെ പ്രതീക്ഷ. 

സൂപ്പർ ട്യുസ്‌ഡേ സംസ്ഥാനങ്ങളിൽ പണം വാരിയെറിയുമെന്നു ഹേലിയുടെ കാമ്പയ്ൻ മാനേജർ ബെറ്റ്സി ആങ്കി പറഞ്ഞു. പരസ്യത്തിനു വമ്പിച്ച തുക ചെലവിടും. "ഞങ്ങൾ മുന്നോട്ടു തന്നെയാണ്. എട്ടു വർഷം പാർട്ടിയുടെ നേതാവായിരുന്ന ട്രംപിന്റെ രഥം മറിക്കാനുള്ള കെൽപുണ്ടെന്നു നമ്മൾ കരുതിയിട്ടില്ല. അദ്ദേഹവുമായുള്ള പോരാട്ടം കഠിനം തന്നെയാണ്."  

വോട്ടെണ്ണൽ തുടരവേ ഏറ്റവും ഒടുവിലത്തെ നില ഇങ്ങിനെയാണ്‌: ട്രംപ് 60.4%, ഹേലി 38.8%. സംസ്ഥാനത്തെ 29 ഡെലിഗേറ്റുകൾ ട്രംപിനോടൊപ്പം നില്കും. 

പ്രതീക്ഷിച്ചതിലും വലിയ വിജയമാണിതെന്നു ട്രംപ് പറഞ്ഞു. "നമ്മൾ പ്രതീക്ഷിച്ചതിലും നേരത്തെ. റിപ്പബ്ലിക്കൻ പാർട്ടി ഇത്രയും ഒറ്റക്കെട്ടായി നിന്ന ഒരു കാലം ഞാൻ കണ്ടിട്ടില്ല." 

ഒരിക്കൽ പോലും ഹേലിയുടെ പേര് അദ്ദേഹം പറഞ്ഞില്ല. തിരഞ്ഞെടുപ്പിനു ഇനിയും 9 മാസം വേണമല്ലോ എന്ന നിരാശ അദ്ദേഹം പ്രകടിപ്പിച്ചു. 

സൗത്ത് കരളിന സെനറ്റർ ടിം സ്കോട്ട് ഉൾപ്പെടെയുള്ള നിരവധി റിപ്പബ്ലിക്കൻ നേതാക്കൾ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടു. ട്രംപുമായി പലകുറി ഉരസിയിട്ടുള്ള സെനറ്റർ ലിൻഡ്‌സെ ഗ്രെയം വേദിയിൽ എത്തിയപ്പോൾ ജനം കൂക്കി വിളിച്ചു. 

ഗവർണർ ആയിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രചാരണത്തിൽ ഹേലി ട്രംപിനെ ആക്രമിച്ചത് അദ്ദേഹം കൊണ്ടുവരാൻ പോകുന്ന അരാജകത്വം ഊന്നിപ്പറഞ്ഞാണ്. 

donald-trumb
Advertisment