Advertisment

ക്യാമ്പസുകളിൽ പ്രതിഷേധം നിർത്തണം എന്നാവശ്യപ്പെട്ടു യുഎസ് ഹൗസ് സ്‌പീക്കർ രംഗത്ത്

New Update
nnnnnjj
വാഷിംഗ്ടൺ: യുഎസിന്റെ ഇസ്രയേൽ അനുകൂല നയത്തിനെതിരായ പ്രതിഷേധം ആളിക്കത്തിയതോടെ ക്യാമ്പസുകളിൽ അച്ചടക്കം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു യുഎസ് ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസൺ രംഗത്തിറങ്ങി. ന്യൂ യോർക്ക് സിറ്റിയിൽ കൊളംബിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് നെമത് മിനോക്ക് ഷഫീക് രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു. 
Advertisment

സമരം പടർന്നതോടെ ഒരാഴ്ചയ്ക്കിടയിൽ നൂറു കണക്കിനു വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെട്ടുണ്ട്. ക്യാമ്പസുകളിൽ അവർ ഉയർത്തിയ സമരകൂടാരങ്ങൾ പൊളിച്ചു നീക്കി. 

കഴിഞ്ഞയാഴ്ച കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് സമരം ആരംഭിച്ചത്. രാജ്യത്തു അപൂർവമായി മാത്രമാണ് പോലീസ് ക്യാമ്പസുകളിൽ പ്രവേശിക്കാറുള്ളതെങ്കിലും അവിടെ നൂറിലേറെ വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെട്ടു.  

ഗാസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 35,000 പേരെ കൊന്നൊടുക്കിയ ഇസ്രയേൽ ആക്രമണം നിർത്തണമെന്നതാണ് വിദ്യാർഥികളുടെ മുഖ്യ ആവശ്യം. യൂണിവേഴ്സിറ്റികൾ ഇസ്രയേലുമായുളള ബന്ധം വിഛേദിക്കയും ചെയ്യണം. ആയുധ വ്യാപാരികളിൽ നിന്ന് മേലിൽ പണം വാങ്ങുകയുമരുത്. 

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്-ഓസ്റ്റിൻ, ന്യൂ യോർക്ക് യൂണിവേഴ്സിറ്റി, യേൽ, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കലിഫോർണിയ എന്നിവിടങ്ങളിലാണ് പ്രധാനമായും അറസ്റ്റുകൾ ഉണ്ടായത്. ഹാർവാർഡ്, എം ഐ ടി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ-ബെർക്കിലി എന്നിങ്ങനെ പല ക്യാമ്പസുകളിലും കൊളംബിയയിലെ പോലെ സമരകൂടാരങ്ങൾ ഉയർന്നു. 

കൊളംബിയയിൽ പൊളിച്ച കൂടാരങ്ങൾ വീണ്ടും ഉയർന്നപ്പോൾ അവ നീക്കം ചെയ്യണം എന്നാവശ്യപ്പെടാനാണു ജോൺസൺ എത്തിയത്. വിദ്യാർഥികളെ നിയന്ത്രിക്കാത്ത യൂണിവേഴ്സിറ്റികൾക്കു ഫെഡറൽ പണം കിട്ടാതെ വരുമെന്നും അദ്ദേഹം താക്കീതു നൽകി. വേണ്ടി വന്നാൽ പ്രതിഷേധം നിർത്താൻ നാഷനൽ ഗാർഡുകളെ നിയോഗിക്കും.

പ്രസിഡന്റ് ബൈഡൻ ഇടപെടണമെന്നും ജോൺസൺ ആവശ്യപ്പെട്ടു. 

"നദിയിൽ നിന്നു കടൽ വരെ, പലസ്തീൻ സ്വതന്ത്രമാകും" എന്ന് ആർത്തു വിളിച്ചു വിദ്യാർഥികൾ ജോൺസന്റെ പ്രസംഗം മുക്കാൻ ശ്രമിച്ചു. ഇസ്രയേലിനെ ഇല്ലാതാക്കാനുള്ള ആഹ്വാനമായാണ് ഈ മുദ്രാവാക്യത്തെ കാണുന്നത്. 

അഭിപ്രായ സ്വാതന്ത്ര്യം വിദ്യാർഥികൾ ആയുധമാക്കുമ്പോൾ യൂണിവേഴ്സിറ്റികളിലെ അച്ചടക്കം മറുവശത്തു പ്രസക്തമാവുന്നു. വിദ്യാർഥികളുടെ സുരക്ഷയും. അധികൃതർ നടപടി എടുക്കുന്നത് എതിർപ്പു വിളിച്ചു വരുത്തുന്നുമുണ്ട്. ഈജിപ്ഷ്യൻ വംശജയായ നെമത് മിനോക്ക് ഷഫീക് ആണ് ആദ്യമായി പോലീസിനെ വിളിച്ച യൂണിവേഴ്സിറ്റി പ്രസിഡന്റ്. ലണ്ടൻ സ്കൂൾ ഓഫ് എക്കോണമിക്സ് മേധാവി ആയിരുന്ന അവർ രാജി വയ്ക്കണമെന്ന് ജോൺസൺ പറയുമ്പോൾ പോലിസിനെ വിളിച്ചതിനു വിദ്യാർഥികളും അധ്യാപകരും അവരെ വിമർശിക്കയാണ്.

ഈ പ്രതിഷേധങ്ങൾക്കിടയിൽ യഹൂദ വിദ്വേഷം കത്തുന്നത് അസ്വസ്ഥത ഉളവാക്കുന്നുണ്ട്. കൊളംബിയയിൽ ജോൺസൺ യഹൂദ വിദ്യാർഥികളുമായി സംസാരിച്ചു. മതത്തിന്റെ പേരിൽ ഭീഷണി നേരിടുന്നുണ്ടെന്നു അവർ അദ്ദേഹത്തോടു പറഞ്ഞു. 

യുഎസ്, ഇസ്രയേലി കൊടികൾ ചില പ്രതിഷേധക്കാർ കത്തിച്ചു. ടെൽ അവീവിൽ ആക്രമണം നടത്തുമെന്ന് ഹമാസിനെ ഉയർത്തിപ്പിടിച്ചു അവർ പ്രഖ്യാപിച്ചു. "ഇത്തരം യഹൂദ വിദ്വേഷം ക്യാമ്പസുകളിൽ പടരാൻ നമുക്ക് അനുവദിക്കാനാവില്ല," ജോൺസൺ പറഞ്ഞു. 

മുസ്ലിങ്ങൾക്ക് എതിരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. റട്ട്ഗേഴ്സിൽ ഇസ്ലാമിക് ലൈഫ് സെന്റർ ഓഫിസിൽ കൈയ്യേറ്റമുണ്ടായി. 

US House Speaker
Advertisment