Advertisment

അബോർഷൻ വിഷയമാക്കി പാർട്ടി അണികളെ ഉഷാറാക്കാൻ കമലാ ഹാരിസ് പുറപ്പെടുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
666677777

ന്യൂയോർക്ക് : ഗർഭഛിദ്ര അവകാശം നിലനിർത്താനുള്ള പോരാട്ടം പ്രധാന വിഷയമാക്കി വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തിങ്കളാഴ്ച വിസ്കോൺസിനിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണം ആരംഭിക്കും. ഇരു പാർട്ടികൾക്കും ഏറെക്കുറെ തുല്യ ശക്തിയുള്ള സംസ്ഥാനം പിടിച്ചെടുക്കുക എന്നത് 2024 തിരഞ്ഞെടുപ്പിൽ അതിപ്രധാനമായതു കൊണ്ടു ഹാരിസ് അത്തരം സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ഈ വിഷയം വോട്ടാക്കി മാറ്റാൻ ശ്രമിക്കും.

Advertisment

ചൊവാഴ്ച വിർജിനിയയിൽ പ്രസിഡന്റ് ജോ ബൈഡൻ ഈ പ്രചാരണത്തിൽ ഹാരിസിനൊപ്പം ചേരുന്നുണ്ട്. കഴിഞ്ഞ നവംബറിൽ ഈ വിഷയം ഉയർത്തിപ്പിടിച്ചു നടത്തിയ പ്രചാരണത്തിൽ വിർജീനിയയിലെ നിയമസഭയുടെ രണ്ടു ചേമ്പറുകളിലും അട്ടിമറി വിജയം നേടാൻ ഡെമോക്രാറ്റുകൾക്കു കഴിഞ്ഞിരുന്നു. ഈ വർഷം ആദ്യമായി ഫസ്റ്റ് ലേഡി ജിൽ ബൈഡനും സെക്കന്റ് ജന്റിൽമാൻ ഡഗ്ലസ് എംഹോംഫും പങ്കെടുക്കുന്ന ചടങ്ങു കൂടിയാവും അത്. 

സുപ്രീം കോടതി 1973ൽ അനുവദിച്ച ഗർഭഛിദ്ര അവകാശം 2022 ജൂണിൽ ഡൊണാൾഡ് ട്രംപ് നിയമിച്ച ജസ്റിസുമാർക്കു നിർണായക ശക്തിയുള്ള കോടതി എടുത്തു കളഞ്ഞ ശേഷം ഈ വിഷയത്തിൽ ബൈഡൻ ഭരണകൂടത്തിലെ ഏറ്റവും ഊർജിതമായ പ്രചാരണം നയിച്ചിട്ടുള്ളത് ഹാരിസ് ആണ്. അബോർഷൻ കർശനമായി നിയന്ത്രിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ആഹ്വാനം ചെയ്യുമ്പോൾ അതിനെ എതിർക്കുന്ന ഏറ്റവും പ്രസക്തമായ ശബ്ദം ഹാരിസ് ആവും. 

വിർജിനിയയിൽ ബൈഡനോടൊപ്പം വേദി പങ്കിട്ട ശേഷം ഡെമോക്രാറ്റിക് പാർട്ടിയുടെ ഈ പ്രചാരണവുമായി ഹാരിസ് രാജ്യമൊട്ടാകെ സഞ്ചരിക്കും. ഡിസംബറിൽ ഈ യാത്ര പ്രഖ്യാപിക്കുമ്പോൾ അവർ പറഞ്ഞിരുന്നു: "നമ്മുടെ രാജ്യത്തെ തീവ്രവാദികൾ നാം കഠിന പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കയാണ്. 50 സംസ്ഥാനങ്ങളിൽ അബോർഷൻ തടയാൻ അവർ ശ്രമിക്കുന്നു. ഡോക്ടർമാരെ ക്രിമിനൽ കുറ്റം ചുമത്തി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. അബോർഷൻ അത്യാവശ്യമായ സ്ത്രീകൾക്ക് അന്യസംസ്ഥാനങ്ങളിൽ പോകേണ്ടി വരുന്നു.  

"നമ്മുടെ മൗലിക അവകാശങ്ങൾ നിലനിർത്താൻ ഞാൻ പോരാട്ടം തുടരും. സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ അവകാശം ഓരോ സ്ത്രീക്കും ഉള്ളതാണെന്നും ഭരണകൂടത്തിനല്ല ഉള്ളതെന്നും വാദിക്കുന്ന അമേരിക്കയിലെ ഓരോ സ്ത്രീയെയും ഞാൻ ഈ പോരാട്ടത്തിൽ കൂടെ നിർത്തും." 

ഡമോക്രാറ്റുകൾ ഈ പോരാട്ടം ഏറ്റെടുത്ത ശേഷം പല യാഥാസ്ഥിതിക സംസ്ഥാനങ്ങളും അവർക്കു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പല സംസ്ഥാനങ്ങളും അബോർഷനെ ശക്തമായി എതിർക്കുന്നു. ടെക്സസിൽ അടുത്തിടെ മെഡിക്കൽ എമർജൻസി ഉണ്ടായിട്ടു പോലും ഒരു സ്ത്രീക്കു അബോർഷൻ നിഷേധിച്ചു. 

2023ൽ ഹാരിസ് എട്ടു സംസ്ഥാനങ്ങളിൽ സഞ്ചരിച്ചു 'നമ്മുടെ സ്വാതന്ത്ര്യങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം' എന്ന പ്രചാരണം കോളജുകളിൽ നടത്തി. 'പ്രത്യുല്പാദനത്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യം' എന്ന പ്രചാരണമാണ് തിങ്കളാഴ്ച തുടങ്ങുന്നത്. നിരവധി പ്രചാരണ പരിപാടികളും റാലികളും പാർട്ടി സംഘടിപ്പിക്കും. ബൈഡൻ-ഹാരിസ് കാമ്പയ്ൻ മാനേജർ ജൂലി ഷാവേസ് റോഡ്രിഗസ് പറഞ്ഞു: "വൈസ് പ്രസിഡന്റ് ഹാരിസ് ഒരിക്കൽ കൂടി കരുത്തുറ്റ രാഷ്ട്രീയ ശക്തിയായി എത്തുകയാണ്. ഈ തിരഞ്ഞെടുപ്പിൽ അവരുടെ സാന്നിധ്യം അമൂല്യമാവും." 

ഹാരിസിന്റെ അപ്പ്രൂവൽ റേറ്റിങ് മതിപ്പുള്ളതല്ല: 37.5%. ബൈഡനു തന്നെ 39.1% മാത്രമേയുള്ളൂ. എന്നാൽ തിരഞ്ഞെടുപ്പിൽ നിർണായകമാവുന്ന ഗ്രൂപുകളിൽ സ്വാധീനം ചെലുത്താൻ അവർക്കു കഴിയുമെന്നു പാർട്ടി പ്രതീക്ഷിക്കുന്നു: വെള്ളക്കാരല്ലാത്തവർ, വരുമാനം കുറഞ്ഞവർ. 

kamala harris
Advertisment