Advertisment

303 ഇന്ത്യക്കാരുമായി 4 ദിവസം മുൻപ് ഫ്രാൻസ് തടഞ്ഞിട്ട വിമാനം വിട്ടയക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
njhuhgytrdxfcgvhb

പാരീസ് : നിക്കരാഗ്വയിലേക്കു 303 ഇന്ത്യക്കാരുമായി പറക്കുമ്പോൾ ഫ്രാൻസിൽ പിടിച്ചിട്ട ചാർട്ടർ വിമാനത്തിനു നാലു ദിവസത്തിനു ശേഷം വിടുതൽ. മനുഷ്യക്കടത്തു സംശയിച്ചായിരുന്നു വിമാനം തടഞ്ഞത്. 

Advertisment

ലെജൻഡ് എയർലൈൻസ് എന്ന കമ്പനിയുടെ എ340 വിമാനം യു എ എയിലെ ഫുജൈറയിൽ നിന്നു മനഗ്വയിലേക്കു പറക്കുമ്പോൾ ഇന്ധനം നിറയ്ക്കാനാണ് ഷാംപെയ്ൻ കൗണ്ടിയിലെ വാറ്റ്റി എന്ന ചെറു വിമാനത്താവളത്തിൽ ഇറങ്ങിയത്. ആരോ പോലീസിൽ വിളിച്ചു പറഞ്ഞ വിവരം വച്ചാണ് വിമാനം അവിടെ തടഞ്ഞത്. 

വിമാനത്തിലെ കുറെ യാത്രക്കാർ തിങ്കളാഴ്ച ഇന്ത്യയിലേക്കു മടങ്ങുമെന്നു വിമാന കമ്പനിയുടെ അഭിഭാഷകൻ പറഞ്ഞു. യാത്രക്കാരിൽ 21 മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. കൂടെ ആരുമില്ലാത്ത 11 കുട്ടികളെ പ്രത്യേക സംരക്ഷണത്തിൽ ആക്കിയെന്നു അധികൃതർ പറഞ്ഞു. മറ്റു ചിലർ ഫ്രാൻസിൽ അഭയം തേടി. 

വ്യാഴാഴ്ചയാണ് വിമാനം പിടിച്ചിട്ടത്. സംഘടിത മനുഷ്യക്കടത്തു സംശയിച്ചു രണ്ടു യാത്രക്കാരെ ഫ്രഞ്ച് അധികൃതർ ചോദ്യം ചെയ്യുന്നുണ്ട്. വിമാന ജീവനക്കാരെ ചോദ്യം ചെയ്തു വിട്ടു. 

വിമാനത്താവളത്തിൽ അധികൃതരും സന്നദ്ധഭടന്മാരും ചേർന്നു കട്ടിലുകളും ഭക്ഷണം ഉൾപ്പെടെ മറ്റു സൗകര്യങ്ങളും ഏർപെടുത്തിയതായി യാത്രക്കാർ പറഞ്ഞു. എന്നാൽ യാത്രക്കാരുടെ മനുഷ്യാവകാശം ലംഘിച്ചാണ് അധികൃതർ ഇടപെട്ടതെന്ന ആക്ഷേപം ഫ്രഞ്ച് അഭിഭാഷക സംഘടന ഉയർത്തി. തിരക്കിട്ടു വിമാനത്താവളത്തിൽ നടത്തിയ വിചാരണ അസ്വീകാര്യമാണ്. 

നിക്കരാഗ്വയിൽ മനുഷ്യക്കടത്തു നിയന്ത്രിക്കുന്നില്ലെന്നു യുഎസ് ആക്ഷേപിച്ചിരുന്നു. അവിടന്നു മെക്സിക്കോയിൽ എത്തി യുഎസിലേക്ക് നുഴഞ്ഞൂ കയറാനാണോ യാത്രക്കാർ പരിപാടിയിട്ടത് എന്ന സംശയമുണ്ട്. 

france human trafficking
Advertisment