Advertisment

സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയല്‍ വാര്‍ഷിക പ്രഭാഷണ പരമ്പര ഫ്‌ലോറിഡായില്‍ മെയ് 11ന്

New Update
654redfvgbh

ഫ്‌ലോറിഡാ: മൂത്താംമ്പക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയല്‍ വാര്‍ഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമ്മാ ഇടവക സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ മെയ് 11 ശനിയാഴ്ച രാവിലെ 10.30 ന്  മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് ഉത്ഘാടനം ചെയ്യും.

Advertisment

സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് ( 4740 SW 82nd Ave, Davie, FL 33328) നടത്തപ്പെടുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദീകനായ  റവ.ഡോ. മോനി മാത്യു, ക്രിസ്ത്യന്‍ അനുകമ്പ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ സഭകളിലെ വൈദീകരും, ആത്മായ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രഭാഷണ പരമ്പരയുടെ കണ്‍വീനര്‍ പ്രൊഫ. ഫിലിപ്പ് കോശി അറിയിച്ചു.

2019-ല്‍ സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രഭാഷണ പരമ്പര സൗത്ത് ഈസ്റ്റ് ഫ്‌ലോറിഡ എപ്പിസ്‌കോപ്പല്‍ രൂപത ബിഷപ്പ് പീറ്റര്‍  ഈറ്റണ്‍, ക്രിസ്ത്യന്‍ പ്രത്യാശ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണത്തോടെയാണ് തുടക്കം കുറിച്ചത്.

ആധുനിക കാലഘട്ടത്തിലെ അപ്പോസ്തലനായി അറിയപ്പെടുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി, 1924 മുതല്‍ 1945 വരെ മാര്‍ത്തോമ്മാ സഭയുടെ സന്നദ്ധ സുവിശേഷക സംഘം ജനറല്‍ സെക്രട്ടറി ആയിരുന്നു. നിരവധി ജീവിതങ്ങള്‍ക്ക് പ്രത്യാശയും സന്തോഷവും ആത്മീയ ആശ്വാസവും നല്‍കിയ 210 ഭക്തിഗാനങ്ങള്‍ അടങ്ങിയ ഉപദേശിയുടെ ആശ്വാസ ഗീതങ്ങള്‍ എന്ന പുസ്തകത്തിലെ ഗീതങ്ങള്‍ ഇന്നും അനേകര്‍ കുടുംബ പ്രാര്‍ത്ഥനയിലും, ആരാധനകളിലും ഉപയോഗിക്കുന്നു.

സമ്മേളനത്തോട് അനുബന്ധിച്ച് ഉപദേശിയുമായി ബന്ധപ്പെട്ട പുസ്തക പ്രദര്‍ശനവും, ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും. മെയ് 11 ശനിയാഴ്ച രാവിലെ 10.30 ന്  സൗത്ത് ഫ്‌ലോറിഡാ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നതായ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ.ജേക്കബ് ജോര്‍ജ്, സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് സെക്രട്ടറി ഉമ്മന്‍ വി. സാമൂവേല്‍ എന്നിവര്‍ അറിയിച്ചു.

 

 

 

 

 

 

 

 

Sadhu Kochukunjyu
Advertisment