Advertisment

ന്യൂ യോർക്ക് ടൈംസിനും മൂന്നു റിപ്പോർട്ടർമാർക്കും ട്രംപ് $400,000 നൽകണമെന്നു കോടതി വിധി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
7865432

ന്യൂ യോർക്ക്: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ന്യൂ യോർക്ക് ടൈംസ്' പത്രത്തിനും മൂന്നു റിപ്പോർട്ടർമാർക്കും 400,000 ഡോളറോളം കോടതി ചെലവായി നൽകണമെന്നു ന്യൂ യോർക്ക് ജഡ്‌ജ്‌ റോബർട്ട് റീഡ് വിധിച്ചു. ട്രംപ് കുടുംബത്തിന്റെ സമ്പത്തിനെയും നികുതിയെയും സംബന്ധിച്ച 2018ലെ ഒരു റിപ്പോർട്ടിന്റെ പേരിൽ അദ്ദേഹം നൽകിയ മാനനഷ്ട കേസ് കോടതി മേയിൽ തള്ളിയിരുന്നു. 

Advertisment

പത്രത്തിനും റിപ്പോർട്ടർമാരായ സൂസൻ ക്രെയ്ഗ്, ഡേവിഡ് ബാർസ്റ്റോ, റസൽ ബട്ട്നർ എന്നിവർക്കുമാണ് ട്രംപ് തുക നൽകേണ്ടതെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറഞ്ഞു. ട്രംപുമായി കലഹിച്ചു നിൽക്കുന്ന ബന്ധു മേരി ട്രംപ് ഈ റിപ്പോർട്ടർമാർക്കു നികുതി രേഖകൾ നൽകിയെന്ന അദ്ദേഹത്തിന്റെ ആരോപണത്തിൽ കോടതി തീർപ്പു കല്പിച്ചിട്ടില്ല. ആ കേസ് തുടരും.

കേസിന്റെ സങ്കീർണതകൾ കണക്കിലെടുക്കുമ്പോൾ ട്രംപ്  $392,000 നൽകണം എന്നതു ന്യായമാണെന്നു ജഡ്‌ജ്‌ റീഡ് പറഞ്ഞു. 

വിമർശകരുടെ വായടക്കാൻ അടിസ്ഥാനരഹിതമായ മാനനഷ്ട കേസ് നൽകുന്നതിനെ വിലക്കുന്ന സംസ്ഥാനത്തെ പുതുക്കിയ നിയമം പത്ര സ്വാതന്ത്ര്യത്തിനു ശക്തമായ സംരക്ഷണമാണ് നൽകുന്നതെന്നു 'ടൈംസ്' വക്താവ് ഡാനിയേലെ റോഡ്സ്  ഹാ ചൂണ്ടിക്കാട്ടി. "നീതിന്യായ സംവിധാനം ദുരുപയോഗപ്പെടുത്തി മാധ്യമങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നവർക്കു കോടതി ശക്തമായ താക്കീതാണ് നൽകിയത്." 

പത്രത്തെയും റിപ്പോർട്ടർമാരെയും കേസിൽ നിന്ന് ഒഴിവാക്കിയതിൽ ട്രംപിന്റെ അഭിഭാഷക അലീന ഹബ്ബ നിരാശ പ്രകടിപ്പിച്ചു. എന്നാൽ മേരി ട്രംപിന്റെ കേസ് തുടരുന്നത് സന്തോഷകരമാണ്. 

ട്രംപിന്റെ നികുതി രേഖകൾക്കു റിപ്പോർട്ടർമാർ ആശ്രയിച്ചത് മേരി ട്രംപിനെയാണ് എന്നാണ് ട്രംപിന്റെ ആരോപണം. 

ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് മകനു $413 മില്യനെങ്കിലും നൽകിയിരുന്നു എന്നു പത്രം റിപ്പോർട്ട് ചെയ്തപ്പോൾ താൻ സ്വയം സമ്പാദിച്ചതാണ് തന്റെ സ്വത്തെന്നു ട്രംപ് വാദിക്കുന്നു. രേഖകൾ കൈമാറിയതു താനാണെന്നു മേരി  ട്രംപ് ഒരു പുസ്തകത്തിൽ പറഞ്ഞിരുന്നു.

'വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള' റിപ്പോർട്ടിന്റെ പേരിൽ തനിക്കു $100 മില്യൺ നൽകാണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. 

ഡൊണാൾഡ് ട്രംപിന്റെ സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ പുത്രിയായ മേരി ട്രംപ് (58) അദ്ദേഹത്തിന്റെ കടുത്ത വിമർശകയാണ്. അദ്ദേഹത്തെ ക്രിമിനലെന്നും ക്രൂരനെന്നും വഞ്ചകനെന്നും വരെ അവർ വിളിച്ചിട്ടുണ്ട്. 

donald-trumb New York Times
Advertisment