Advertisment

നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഫ്രാന്‍സില്‍ നിന്ന് പുറത്തിറങ്ങുന്ന പത്രം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
uhujujhi

പാരീസ്: ദിവസവും രാവിലെ പത്രത്തിനായി കാത്തിരിക്കുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. എന്നാല്‍, നാലു വര്‍ഷം കൂടുമ്പോള്‍ മാത്രം പുറത്തിറങ്ങുന്ന ഒരു പത്രമുണ്ട്. ഫ്രാന്‍സില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. "ലാ ബ്യൂഷി ഡ്യു സപെര്‍" എന്നാണ് പേര്. 

Advertisment

നാല് വര്‍ഷത്തിലൊരിക്കല്‍ പുറത്തിറങ്ങുന്ന ഈ പത്രത്തിനായി കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. അധിവര്‍ഷം അഥവാ ലീപ്പ് ഇയറില്‍, ഫെബ്രുവരി 29 എന്ന തീയതിയില്‍ മാത്രമാണ് ഇതു പുറത്തിറങ്ങുക. 

1980ല്‍ ആരംഭിച്ച പത്രത്തിന്‍റെ 12 പതിപ്പുകള്‍ മാത്രമാണ് ഇതിനോടകം പ്രസിദ്ധീകരിച്ചത്. ആക്ഷേപ ഹാസ്യ പത്രമായ "ലാ ബ്യൂഷി ഡ്യു സപെര്‍" കുറഞ്ഞ സമയത്തിനുള്ളിലാണ് വിറ്റ് തീരുന്നത്. നാല് യൂറോയാണ് പത്രത്തിന്റെ വിലയെങ്കിലും 100 യൂറോ മുടക്കിയാല്‍ 100 വര്‍ഷത്തേക്ക് വരിക്കാരുമാകാം.

1980ല്‍ സുഹൃത്തുക്കളായ പോളിടെക്നീഷ്യന്‍ ജാക്വസ് ഡി ബയ്സണ്‍, പത്രപ്രവര്‍ത്തകനും പഴയ പത്രങ്ങള്‍ ശേഖരിക്കുന്നത് ഹോബിയാക്കുകയും ചെയ്തിരുന്ന ക്രിസ്ററ്യന്‍ ബെയ്ലി എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് തമാശയ്ക്ക് തുടങ്ങിയതാണ് ഈ പത്രം. 

"സാപ്പറിന്റെ മെഴുകുതിരി" എന്നാണ് പത്രത്തിന്റെ പേരിന് അര്‍ത്ഥം. 1896ല്‍ ജോര്‍ജസ് കൊളോം എന്ന ഫ്രഞ്ച് സാഹിത്യകാരന്‍ രചിച്ച "സാപ്പര്‍ കാമെംബര്‍" എന്ന കോമിക്ക് സീരീസില്‍ നിന്നാണ് പത്രത്തിന് ഈ പേര് ലഭിച്ചത്. പട്ടാളക്കാരനായ കാമെംബര്‍ ഫെബ്രുവരി 29നായിരുന്നു ജനിച്ചത്. തന്റെ നാലാം ജന്മദിനം ആഘോഷിച്ച ശേഷമായിരുന്നു അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നത്.

നര്‍മത്തില്‍ പൊതിഞ്ഞ് തയ്യാറാക്കിയ ആദ്യ പതിപ്പിന് തന്നെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. 1980ല്‍ പ്രസിദ്ധീകരിച്ച 30,000~ഓളം കോപ്പികളും വിറ്റഴിയുകയുണ്ടായി. തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ ആവശ്യമുയര്‍ന്നെങ്കിലും ഇരുവരും വേണ്ടെന്ന് വക്കുകയായിരുന്നു. പിന്നീട് 1984ലായിരുന്നു അടുത്ത പതിപ്പ് പുറത്തിറക്കിയത്. വിസ്കൗണ്ട് ജീന്‍ ഡി ഇന്‍ഡിയാണ് ഏറ്റവും കുറവ് പതിപ്പുകളുള്ള പത്രം എന്ന റെക്കോഡിന് അര്‍ഹരായ "ലാ ബ്യൂഷി ഡ്യു സപെറിന്റെ" നിലവിലെ മുഖ്യ പത്രാധിപര്‍.

2024~ലെ പതിപ്പില്‍ എല്ലാവരും കാത്തിരിക്കുന്നത് ഒരു ക്രോസ്വേഡ് പസിലിന്റെ ഉത്തരമാണ്. 2016 ഫെബ്രുവരി 29ന് പുറത്തിറങ്ങിയ പതിപ്പില്‍ ഉണ്ടായിരുന്ന പസിലിന്റെ ഉത്തരം ഇന്നത്തെ പതിപ്പിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് എട്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ തമാശ പൊതിഞ്ഞ് പറയുകയാണ് ചെയ്യുന്നത്. മറ്റു പത്രങ്ങളെ പോലെ ഞായറാഴ്ച പതിപ്പും ലാ "ബ്യൂഷി ഡ്യു സപെറിന്" ഉണ്ട്. 2004 ഫെബ്രുവരി 29 ഞായറാഴ്ചത്തെ പത്രത്തോടൊപ്പമായിരുന്നു പ്രത്യേക പതിപ്പും അച്ചടിച്ചത്. 2032~ലാണ് അടുത്ത ഞായറാഴ്ച പതിപ്പ് പ്രസിദ്ധീകരിക്കുക.

ഫ്രഞ്ച് ഭാഷയിലുള്ള പത്രം 2016 മുതല്‍ ഫ്രാന്‍സിന് പുറമേ ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്, കാനഡ എന്നിവിടങ്ങളിലും വിതരണം ചെയ്യുന്നുണ്ട്.

 

 

La Beauchie du Saper
Advertisment