Advertisment

ഖാലിസ്ഥാന്‍ നേതാവിനെ വധിച്ച കേസില്‍ മൂന്ന് ഇന്ത്യക്കാരെ കാനഡ അറസ്ററ് ചെയ്തു

New Update
765redfgh

ഒട്ടാവ: ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്ററ് ചെയ്തതായി കനേഡിയന്‍ പൊലീസ്. അറസ്ററിലായവര്‍ ഇന്ത്യക്കാരാണെന്നും വെള്ളിയാഴ്ച ആല്‍ബെര്‍ട്ടയിലെ എഡ്മോണ്ടന്‍ സിറ്റിയില്‍ നിന്നാണ് ഇവരെ കസ്ററഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. ക്യാനഡ വിവരങ്ങള്‍ കൈമാറുന്നതിന് ഇന്ത്യ കാത്തിരിക്കുകയാണെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചു.



കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ സിങ് ബ്രാര്‍ (22) എന്നിവരാണ് അറസ്ററിലായത്. പഞ്ചാബില്‍ നിന്നു സ്ററുഡന്‍റ് വിസയില്‍ ക്യാനഡയിലെത്തിയ ഇവര്‍ വര്‍ക്ക് പെര്‍മിറ്റിന്‍റെ അടിസ്ഥാനത്തില്‍ അവിടെ തുടരുകയായിരുന്നു.

ബ്രിട്ടിഷ് കൊളംബിയയിലെയും ആല്‍ബെര്‍ട്ട ആര്‍സിഎംപിയിലെയും എഡ്മോണ്ടന്‍ പൊലീസ് സര്‍വീസിലെയും അംഗങ്ങളുടെ സഹായത്തോടെ ആര്‍സിഎംപി ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്ററിഗേഷന്‍ ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങള്‍ക്ക് പുറമെ ഇവര്‍ കുറ്റകൃത്യത്തിനുപയോഗിച്ച കാറിന്‍റെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ജൂണില്‍ വാന്‍കൂവറിലെ സറെയില്‍ ഗുരുദ്വാരയില്‍ നിന്നിറങ്ങുമ്പോഴാണു നിജ്ജര്‍ കൊല്ലപ്പെട്ടത്.



ഇന്ത്യന്‍ ഏജന്‍സികളാണ് സംഭവത്തിന് പിന്നിലെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രുഡോയുടെ ആരോപണം ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ ബാധിച്ചിരുന്നു. ആരോപണത്തിന് തെളിവു നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ക്യാനഡ രേഖകള്‍ കൈമാറിയിരുന്നില്ല.



അതേസമയം, അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഇന്ത്യാ ഗവണ്‍മെന്‍റിന് പങ്കുണ്ടോ എന്നത് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മന്‍ദീപ് മൂക്കര്‍ പറഞ്ഞു. മൂന്നു പേരാണ് അറസ്ററിലായത്. ഇവരെ സഹായിച്ചവരുള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തേണ്ടതുണ്ട്. തത്കാലം ഇത്രയേ വെളിപ്പെടുത്താനാകൂ എന്നും അറസ്ററിലായത് വാടകക്കൊലയാളികളാണോ എന്നതൊക്കെ കോടതിയില്‍ പറയുമെന്നും മൂക്കര്‍.



പിടിയിലായവര്‍ക്കെതിരേ മുന്‍പ് കേസുകളില്ല. മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷമായി ഇവര്‍ ക്യാനഡയിലുണ്ടെന്നും സിഖ് സമുദായം അന്വേഷണത്തിനു സുപ്രധാന സഹായം നല്‍കിയെന്നും മൂക്കര്‍ പറഞ്ഞു.



പിടിയിലായ കരണ്‍ സിങ് ബ്രാര്‍ പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയാണ്. പഠനത്തിനായി ക്യാനഡയിലേക്കു കുടിയേറിയ കരണിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു ഫരീദ് കോട്ട് പൊലീസ്. കരണ്‍ ഏക മകനാണ്. അടുത്തിടെ അച്ഛന്‍ മരിച്ചപ്പോഴും കരണ്‍ നാട്ടിലെത്തിയിരുന്നില്ല. മകന്‍ അറസ്ററിലായ വിവരമറിഞ്ഞ് കുഴഞ്ഞുവീണ അമ്മയെ ആശുപത്രിയിലാക്കി.



അതേസമയം, പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാല വധക്കേസിലെ പ്രതിയും ഗൂണ്ടാത്തലവനുമായ ലോറന്‍സ് ബിഷ്ണോയിയുമായി പിടിയിലായവര്‍ക്കു ബന്ധമുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൊലക്കേസുകളിലും ലഹരിമരുന്നു കേസുകളിലുമടക്കം പ്രതിയായ ബിഷ്ണോയി നിലവില്‍ തിഹാര്‍ ജയിലിലാണ്.

Khalistan leader
Advertisment