Advertisment

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം വിവാദത്തില്‍ : യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രൈന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാകണം ‘

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvghfhytfr

വത്തിക്കാന്‍ : റഷ്യ-ഉക്രൈയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയ ആഹ്വാനം കോളിളക്കമുണ്ടാക്കി. ലോകം മുഴുവന്‍ റഷ്യയെ ആക്രമണകാരിയെന്ന നിലയില്‍ കാണുന്ന വേളയില്‍ യുദ്ധം അവസാനിപ്പിച്ചു കൊണ്ട് സമാധാനത്തിന്റെ വെളുത്ത പതാക ഉയര്‍ത്തണമെന്നായിരുന്നു മാര്‍പ്പാപ്പയുടെ പരാമര്‍ശം. മാര്‍പ്പാപ്പയുടെ പരാമര്‍ശത്തിനെതിരെ യൂറോപ്യന്‍ യൂണിയനില്‍ നിന്നടക്കം വ്യാപകമായ പ്രതിഷേധമുയര്‍ന്നു.

Advertisment

ചര്‍ച്ചകള്‍ക്ക് ധൈര്യം കാണിക്കുന്നവരാണ് ഏറ്റവും ശക്തര്‍

മാര്‍പ്പാപ്പ പറഞ്ഞത് : ‘സമാധാനത്തിന്റെ വെളുത്ത പതാക ഉയര്‍ത്തുന്നവരും ചര്‍ച്ചകള്‍ക്ക് ധൈര്യം കാണിക്കുന്നവരുമാണ് ഏറ്റവും ശക്തരെന്ന് വിശ്വസിക്കുന്നു. കാരണം അവര്‍ സാഹചര്യം മനസ്സിലാക്കി ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നു. നെഗോസിയേഷന്‍ എന്നത് ധീരമായ വാക്കാണ്. പരാജയപ്പെട്ടു, കാര്യങ്ങള്‍ നടക്കില്ല എന്ന് കണ്ടാല്‍ ചര്‍ച്ച ചെയ്യാനുള്ള ധൈര്യം നേടുകയാണ് വേണ്ടത്.സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് മുമ്പ് സമാധാന ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടേണ്ടതില്ല.മധ്യസ്ഥരാകാന്‍ തുര്‍ക്കി അടക്കം ഒട്ടേറെ രാജ്യങ്ങളുണ്ട്’.റഷ്യയുടെ അധിനിവേശത്തിന് കീഴടങ്ങണമോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി മാര്‍പ്പാപ്പ നല്‍കിയത്.

നിലപാട് നാണക്കേടെന്ന് ഉക്രൈന്‍

റഷ്യയെന്ന ആക്രമണകാരിയെ തുറന്നുകാട്ടാന്‍ മടിക്കുന്ന നിലപാട് നാണക്കേടാണെന്ന്് പ്രതികരിച്ച് ഉക്രൈന്‍ അതിശക്തമായ ഭാഷയില്‍ മറുപടി നല്‍കി.റഷ്യന്‍ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

”ഉക്രൈന്‍ പതാകയുടെ നിറം മഞ്ഞയും നീലയുമാണ്, ജീവിക്കുകയും മരിക്കുകയും ജയിക്കുകയും ചെയ്യുന്ന പതാകയാണത്. ഒരിക്കലും മറ്റ് പതാക ഉക്രൈന്‍ ഉയര്‍ത്തില്ല” വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ എക്സില്‍ പറഞ്ഞു. റഷ്യയെയും ഉക്രെയ്‌നെയും ഒരേ തട്ടില്‍ നിര്‍ത്താതെ നന്മയുടെ പക്ഷത്ത് നില്‍ക്കണമെന്ന് കുലേബ ആവശ്യപ്പെട്ടു.

ഭൂതകാലത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു

രണ്ടാം ലോകമഹാ യുദ്ധസമയത്ത് കത്തോലിക്കാ സഭകളും നാസി സേനയും സഹകരിച്ചതിനെ ഓര്‍മ്മിപ്പിച്ച കുലേബ ഭൂതകാലത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടു. ’ഉക്രെയ്ന്‍ ജനതയുടെ ജീവനായുള്ള പോരാട്ടത്തില്‍ പിന്തുണയ്ക്കാന്‍ മാര്‍പ്പാപ്പ തയ്യാറാകണം’.

മാര്‍പ്പാപ്പ വെര്‍ച്വല്‍ മധ്യസ്ഥന്‍

മാര്‍പ്പാപ്പ വെര്‍ച്വല്‍ മധ്യസ്ഥനാവുകയാണെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. എന്നാല്‍ മാര്‍പ്പാപ്പയെയോ അദ്ദേഹത്തിന്റെ അഭിപ്രായത്തെയോ സെലന്‍സ്‌കി നേരിട്ട് പരാമര്‍ശിച്ചില്ല. എന്നാല്‍ ഉക്രെയ്നിലെ മത സ്ഥാപനങ്ങള്‍ പ്രാര്‍ഥനയിലൂടെയും പ്രവൃത്തിയിലൂടെയും പിന്തുണയ്ക്കുന്നുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു.

മാര്‍പ്പാപ്പ തിന്മക്കൊപ്പമോ ?

റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് മൗനം പാലിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ഉക്രൈയ്‌ന് നല്‍കിയതിനെ യൂറോപ്യന്‍ നേതാക്കളും ശക്തമായി അപലപിച്ചു. തിന്മയാണ് സമാധാനത്തിന്റെ പതാക ഉയര്‍ത്തേണ്ടതെന്ന് ലാത്വിയന്‍ പ്രസിഡന്റ് എഡ്ഗാര്‍സ് റിങ്കെവിക്‌സ് എക്സില്‍ കുറിച്ചു. തിന്മയുടെ മുമ്പില്‍ കീഴടങ്ങാന്‍ പാടില്ല, അതിനെ പൊരുതി തോല്‍പ്പിക്കണം. ഒടുവില്‍ അവരെക്കൊണ്ട് വെളുത്ത പതാക ഉയര്‍ത്തിപ്പിക്കണം.

ഉക്രൈനൊപ്പമെന്ന് ഇ യു

ഉക്രൈനെയും അതിന്റെ സമാധാന പദ്ധതിയെയും യൂറോപ്യന്‍ യൂണിയന്‍ പിന്തുണയ്ക്കുന്നതായി ഹോളി സീയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ മേധാവി അലക്‌സാന്ദ്ര വാല്‍കെന്‍ബര്‍ഗ് പറഞ്ഞു.രണ്ട് വര്‍ഷം മുമ്പ് ഉക്രെയ്‌നെതിരെ റഷ്യയാണ് നിയമവിരുദ്ധവും ന്യായരഹിതവുമായ യുദ്ധം ആരംഭിച്ചത്.ഉക്രൈയിന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും മാനിച്ച് ആ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് കഴിയണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍പ്പാപ്പ മോശമായെന്ന് ജര്‍മ്മനി

മാര്‍പ്പാപ്പയുടെ ആഹ്വാനം അദ്ദേഹത്തെ മോശമാക്കിയെന്ന് ജര്‍മ്മന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് എം ഇ പി ഡെന്നിസ് റാഡ്‌കെ പറഞ്ഞു. ഈ നിലപാട് മനസ്സിലാക്കാനാവുന്നില്ല. ചര്‍ച്ചകളില്ലാതെ തന്നെ ഉടന്‍ സമാധാനം വരുമെന്ന് പോളിഷ് വിദേശകാര്യ മന്ത്രി റഡോസ്ലാവ് സിക്കോര്‍സ്‌കി പറഞ്ഞു.

വിചിത്രം

ഉക്രെയ്നൊട് പൊരുതാന്‍ ആവശ്യപ്പെടാത്തത് വിചിത്രമായി തോന്നുന്നുവെന്ന് ഉക്രെയ്നിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ ഉപദേഷ്ടാവും ബ്ലോഗറുമായ ആന്റണ്‍ ഗെരാഷ്ചെങ്കോ അഭിപ്രായപ്പെട്ടു.പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ആക്രമണകാരിയെ അപലപിക്കുന്നില്ല. കൊലപാതകം അവസാനിപ്പിക്കാന്‍ പുടിനെ പ്രേരിപ്പിക്കുന്നില്ല. പകരം ഉക്രൈയ്നെ പ്രതിസ്ഥാനത്ത് കൊണ്ടുവരികയാണ് മാര്‍പ്പാപ്പ. അദ്ദേഹത്തിന്റെ എല്ലാ കര്‍ദിനാള്‍മാര്‍ക്കും ഈ അഭിപ്രായമാണോ എന്നും ഇദ്ദേഹം ചോദിച്ചു.

ചര്‍ച്ചകള്‍ കീഴടങ്ങലല്ല-മാര്‍പ്പാപ്പ

ചര്‍ച്ചകള്‍ ഒരിക്കലും കീഴടങ്ങലല്ല. ഒരു രാജ്യത്തെ ആത്മഹത്യയിലേക്ക് കൊണ്ടുപോകാതിരിക്കാനുള്ള ധൈര്യമാണത് ഇസ്രായേല്‍-ഗാസ യുദ്ധം ഉള്‍പ്പെടെ പൊതുവെ സംഘര്‍ഷത്തെക്കുറിച്ച് ഫ്രാന്‍സിസ് പറഞ്ഞു.ശനിയാഴ്ച സ്വിസ് ടെലിവിഷനാണ് മാര്‍പ്പാപ്പയുടെ വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ഇത് ഫെബ്രുവരിയില്‍ നടത്തിയതാണെന്ന് വത്തിക്കാന്‍ പറഞ്ഞു.

വൈറ്റ് ഫ്ളാഗ് = ശത്രുതയുടെ അന്ത്യം

ശത്രുതയുടെ അന്ത്യം സൂചിപ്പിക്കാനാണ് വൈറ്റ് ഫ്ളാഗ് എന്ന് മാര്‍പ്പാപ്പ ഉപയോഗിച്ചതെന്ന് വത്തിക്കാനിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ വ്യക്തമാക്കി.ശാശ്വത സമാധാനത്തിനായി നയതന്ത്ര പരിഹാരം എന്ന ആഹ്വാനമാണ് മാര്‍പ്പാപ്പ നടത്തിയത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ഉക്രൈയ്ന്‍ യുദ്ധത്തിലെ കക്ഷികളോട് ചര്‍ച്ചകള്‍ നടത്താന്‍ ധൈര്യം കാണിക്കണമെന്നാണ് മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചത്.

ukrain-issue
Advertisment