Advertisment

പലസ്തീന് യു എന്‍ അംഗത്വം : ഭൂരിപക്ഷ തീരുമാനത്തെ വീറ്റോ ചെയ്ത് യു എസ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvcderty

ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസമിതിയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള പലസ്തീന്റെ അപേക്ഷ അമേരിക്ക വീറ്റോ ചെയ്തു. യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അള്‍ജീരിയന്‍ അംബാസഡര്‍ അമര്‍ ബെന്‍ഡ്ജാമ അവതരിപ്പിച്ച ഇതു സംബന്ധിച്ച കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ 12 രാജ്യങ്ങളുടെ പലസ്തീനെ പിന്തുണച്ചു. രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ അമേരിക്കന്‍ വീറ്റോ ഈ നീക്കത്തിന് തിരിച്ചടിയായി.

Advertisment

അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ താമസസ്ഥലങ്ങള്‍ വിപുലീകരിക്കുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ യു എന്‍ അംഗത്വത്തിനായി പലസ്തീന്‍ നീക്കം നടത്തിയത്. പലസ്തീന് നിരീക്ഷക രാഷ്ട്ര പദവിയാണ് നിലവിലുള്ളത്. സമ്പൂര്‍ണ്ണ യു എന്‍ അംഗമാകുന്നതിന് പലസ്തീന് സെക്യൂരിറ്റി കൗണ്‍സിലിന്റെയും ജനറല്‍ അസംബ്ലിയുടെ മൂന്നില്‍ രണ്ട് പിന്തുണയും നേടേണ്ടതുണ്ട്.

പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ അതോറിറ്റിയായിരുന്നു അധിനിവേശ വെസ്റ്റ് ബാങ്കില്‍ സ്വയം ഭരണം നടത്തിയിരുന്നത്. ഗാസയിലെ അധികാരത്തില്‍ നിന്ന് പലസ്തീന്‍ അതോറിറ്റിയെ ഹമാസ് പുറത്താക്കി.

യോഗത്തിന് മുമ്പേ തന്നെ പലസ്തീന്‍ വിരുദ്ധ നിലപാട് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നിട്ടും വോട്ടെടുപ്പുമായി മുന്നോട്ട് പോകാന്‍ പലസ്തീന്‍ പ്രതിനിധികള്‍ കൗണ്‍സിലിനോട് ആവശ്യപ്പെടുകയായിരുന്നു.

പലസ്തീനോടുള്ള എതിര്‍പ്പല്ല വീറ്റോയെന്ന് യു എസ്

പലസ്തീന്‍ രാഷ്ട്രത്തിനോടുള്ള എതിര്‍പ്പല്ല വീറ്റോ ചെയ്തതിന് കാരണമെന്ന് ഐക്യരാഷ്ട്രസഭയിലെ യു എസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് വിശദീകരിച്ചു.നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്ന് വുഡ് പറഞ്ഞു.

ഇസ്രായേലും പലസ്തീനും തമ്മില്‍ സമാധാന ഉടമ്പടി ഉണ്ടാകുന്നതുവരെ പലസ്തീന്‍ അംഗത്വത്തെ പൂര്‍ണമായി പിന്തുണയ്ക്കില്ലെന്നാണ് യുഎസ് നിലപാടെന്ന് യു എസ് മിഷന്‍ പ്രതിനിധികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

നിര്‍ണായക ചുവടുവെയ്പ്പെന്ന് അസര്‍ബൈജാന്‍

പലസ്തീന് വേണ്ടി ദീര്‍ഘകാലമായി തുടരുന്ന അനീതി അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെയ്പ്പാണിതെന്ന് പ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തില്‍ അസര്‍ബൈജാന്‍ പ്രതിനിധി അമര്‍ ബെന്‍ഡ്ജാമ പറഞ്ഞു.

നിരാശാജനകമെന്ന് റഷ്യയും അയര്‍ലണ്ടും

ചരിത്രത്തിന്റെ അനിവാര്യമായ പുരോഗതിയെ തടയുന്ന നിരാശാജനകമായ നടപടിയാണ് യു എസ് വീറ്റോയെന്ന് യു എന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു.ഇതിലൂടെ വാഷിംഗ്ടണ്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയെന്നും ഇദ്ദേഹം പറഞ്ഞു.

യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വോട്ടെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.പലസ്തീന് ലോക രാജ്യങ്ങള്‍ക്കിടയില്‍ അര്‍ഹതപ്പെട്ട സ്ഥാനം നേടാനുള്ള സമയം അതിക്രമിച്ചതായി മാര്‍ട്ടിന്‍ എക്‌സില്‍ കുറിച്ചു.

പ്രതീക്ഷാദായകമെന്ന് പലസ്തീന്‍

പൂര്‍ണ അംഗത്വം ലഭിക്കുന്നത് സമാധാനത്തിന് വഴിതുറക്കുമെന്ന് പലസ്തീന്‍ പ്രതിനിധി സിയാദ് അബു അംര്‍ പറഞ്ഞു.പലസ്തീന് പ്രതീക്ഷ നല്‍കുന്നതാണ് ഈ പ്രമേയമെന്ന് അബി അമര്‍ പറഞ്ഞു.

1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ എന്നിവിടങ്ങളില്‍ രാഷ്ട്രം വേണമെന്നാണ് പലസ്തീന്‍ ആഗ്രഹിക്കുന്നത്.

സമാധാന നീക്കങ്ങള്‍ തടസ്സപ്പെടുത്തരുത്

ഇസ്രായേലിനും പലസ്തീന്‍ രാഷ്ട്രത്തിനുമിടയില്‍ ശാശ്വത സമാധാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയേറുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയില്‍ പറഞ്ഞു.

ദ്വി-രാഷ്ട്ര പരിഹാരത്തിനുള്ള നീക്കം പരാജയപ്പെടുന്നത് ഈ മേഖലയിലെ ലക്ഷക്കണക്കിനാളുകളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നും ഗുട്ടെറസ് പറഞ്ഞു.

പലസ്തീനെ കടന്നാക്രമിച്ച് ഇസ്രായേല്‍

യു എന്‍ അംഗമാകാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പലസ്തീന്‍ പരാജയപ്പെട്ടുവെന്ന് ഇസ്രായേലിന്റെ യു എന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. സ്ഥിരം ജനസംഖ്യ, നിര്‍വചിക്കപ്പെട്ട അതിര്‍ത്തി പ്രദേശം, സര്‍ക്കാര്‍, മറ്റ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവ് എന്നീ മാനദണ്ഡങ്ങളൊന്നും പലസ്തീന്‍ പാലിച്ചിട്ടിട്ടില്ല.

ഗാസയിലെ ഹമാസിനെയാണോ നബ്ലസിലെ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിനെയാണോ അംഗീകരിക്കേണ്ടതെന്ന് വ്യക്തമാക്കണമെന്ന് എര്‍ദാന്‍ സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. പൂര്‍ണ്ണ അംഗത്വം നല്‍കുന്നത് നാശത്തിന് വഴി തുറക്കുമെന്നും ഇസ്രായേല്‍ പറഞ്ഞു.

us unsc-palastine
Advertisment