Advertisment

അറഫയിലെ ഇമാം ഇത്തവണ ശൈഖ് ഡോ. ബന്ദർ ബലീല

New Update

publive-image

Advertisment

മക്ക: വിശുദ്ധ ഹജ്ജിലെ അറഫാ പ്രസംഗം നിർവഹിക്കുന്നത് സൗദി ഉന്നത പണ്ഡിത സഭാംഗവും മക്കാ ഹറം ശരീഫിലെ ഖതീബുമായ ശൈഖ് ഡോ. ബന്ദർ ബിൻ അബ്ദുൽഅസീസ് ബലീല. ഇക്കാര്യത്തിനായി ശൈഖ് ബലീലയെ സൗദി ഭരണാധികാരിയും വിശുദ്ധ ഹറമുകളുടെ സേവകനുമായ സൽമാൻ രാജാവ് അധികാരപ്പെടുത്തി. തിരു ഹറമുകളുടെ ഭരണ സമിതി അറിയിച്ചതാണ് ഇക്കാര്യം. അറഫാ ദിനത്തിലെ മധ്യാഹ്നത്തിൽ അറഫയിലെ മസ്‌ജിദ്‌ അൽനമിറ പള്ളിയിൽ വെച്ചാണ് നിസ്കാരവും പ്രസംഗവും.

ഹജ്ജിലെ സുപ്രധാന കർമങ്ങളാണ് അറഫാ സമതലത്തിൽ അരങ്ങേറുക. ദുൽഹജ്ജ് എട്ടിന് മിനായിൽ ഹാജിമാർ പിറ്റേന്ന് പുലരുന്നതോടെ അവിടം വിട്ട് പതിമൂന്ന് കിലോമീറ്റര് അകലെയുള്ള അറഫായിലേയ്ക്ക് പ്രവഹിക്കും. പിന്നീട്, ളുഹർ, അസർ നിസ്കാരങ്ങൾ ചേർത്തും ചുരുക്കിയുമായി അറഫായിൽ വെച്ച് മധ്യാഹ്നത്തിന് മുമ്പായി നിർവഹിക്കും. നിസ്കാരത്തിനോട് ചേർന്നുള്ള പ്രസംഗം (ഖുതുബ) സുപ്രധാനവും ചരിത്ര പ്രാധാന്യം ഉള്ളതുമാണ്. പ്രവാചകൻ അദ്ദേഹത്തിന്റെ ഹജ്ജ് വേളയിൽ നിർവഹിച്ച അറഫായിലെ പ്രസംഗം ഇസ്‌ലാമിലെ മനുഷ്യാവകാശങ്ങളും മറ്റു സുപ്രധാന വശങ്ങളും ഉൾകൊള്ളുന്നതും ചരിത്ര പ്രസിദ്ധവുമാണ്. ഇതിന്റെ അനുസ്മരണം കൂടിയായി അരങ്ങേറുന്ന ഹജ്ജിലെ അറഫാ പ്രസംഗം അതിനാൽ തന്നെ ഹജ്ജ് കർമങ്ങളിൽ പ്രാധാന്യമുള്ളതുമാണ്.

മഹാ പണ്ഡിതനും സൗദിയിലെ മുഖ്യമുഫ്‌തിയുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ആയിരുന്നു ഒരു കൊല്ലം മുമ്പ് വരെയുള്ള നിരവധി വർഷങ്ങളിൽ അറഫായിലെ നിസ്കാരത്തിനും പ്രസംഗത്തിനും നേതൃത്വം നൽകിയിരുന്നത്. ജന്മനാ അന്ധൻ കൂടിയായ ശൈഖ് ആലുശൈഖിന്റെ ശാരീരിക പ്രയാസങ്ങൾ പരിഗണിച്ച് കഴിഞ്ഞ തവണ ഇക്കാര്യം നിർവഹിച്ചത് ഉന്നത പണ്ഡിത സഭാംഗവും കൊട്ടാര ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അൽമനീഅ് ആയിരുന്നു. ഇത്തവണ ഇക്കാര്യത്തിനായി രാജാവ് ചുമതലപ്പെടുത്തിയ ശൈഖ് ഡോ. ബന്ദർ ബലീല ഉന്നത പണ്ഡിത സഭാംഗവും വിശുദ്ധ ഹറമിലെ ഇമാമും ഖത്തീബുമാണ് . മക്കയിൽ ജനിച്ച ബന്ദർ ബലീല 2020 മുതലാണ് ഉന്നത പണ്ഡിത സഭയിൽ അംഗമായത്. ത്വായിഫ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ കൂടിയാണ് നാല്പത്തി ഏഴുകാരനായ ഡോ. ബലീല.

Advertisment