Advertisment

വിവാഹം@ 18 (ഗൾഫിൽ!)

New Update

publive-image

Advertisment

വിവാഹ ദല്ലാൾ അയമൂക്ക ഡയറിലെ ചേറുപുരണ്ട പേജുകൾ ഓരോന്നായി മറിച്ചുനോക്കിയെങ്കിലും ഇരുപത്തൊന്നു വയസ്സു തികഞ്ഞ പെൺകുട്ടികളുടെ ഒറ്റ പേരുപോലും കണ്ടെത്താനായില്ല. അയാൾ താടിക്ക് കൈകൊടുത്തു ദുഃഖത്തോടെ കോലായിലെ ചുമരിൽ ചാരിയിരുന്നുകൊണ്ടു ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ടിരുന്നു.

“അന്നം മുടക്കാനായി ഓരോരു നിയമം! ഡയറിയിലുള്ള കുട്ടികൾക്ക് പുതിയാപ്പിളനേ കിട്ടണമെങ്കിൽ ഇനി മൂന്നുനാലു കൊല്ലം കാത്തിരിക്കണം. ഇരുപത്തൊന്നു തികഞ്ഞ കുട്ടേളെ നോക്കി ഞാനെവിടേയാ പോവാ….”

“ഇങ്ങളാരോടാ വർത്താനം പറയുന്നത്….കോലായിൽ ആരെങ്കിലുമുണ്ടോ?”

അകത്തുനിന്നും അയമൂക്കയുടെ ഭാര്യ കദീശു ഉറക്കെ ചോദിച്ചെങ്കിലും അയാൾ അതിനുത്തരം പറയാതെ ദേഷ്യത്തോടെ അട്ടഹസിച്ചു.

“ഞീ വേഗം ഇത്തിരി ചായ എടുക്കൂ കദീശൂ, ഇനിക്ക് പോവാറുണ്ട്…”

കദീശു ചായയുമായി വന്നു അയമൂക്കന്റടുത്തിരുന്നുകൊണ്ടു ചോദിച്ചു.

“ഇങ്ങക്ക് ആ ദുബൈക്കാരന്റെ വീട്ടിൽ പോവണ്ടേ, അയാളെ മോന്റെ നിക്കാഹ് അടുത്തമസമല്ലേ, ഇങ്ങള് കൊടുത്ത പെണ്ണിനെ ഓന് നല്ലോണം ഇഷ്ട്ടായീന്നാ ഓന്റെ വീട്ടുകാര് പറഞ്ഞത്….”

“കദീശൂ അത് ഇനി നടക്കൂല്ലാ….ഓക്ക് പതിനെട്ട് തികഞ്ഞതേയുള്ളൂ…”

“അതിനെന്താ..ഓള് പന്ത്രണ്ടാംക്ലസ് പാസ്സായില്ലെ….പോരാത്തേന് ഓന് ഓളെ നിക്കാഹ് കഴിഞ്ഞു പഠിപ്പിക്കാന്ന് പറഞ്ഞതല്ലേ…പിന്നെങ്കിൽ ഓക്ക് വയസ്സ് പതിനെട്ടാണെങ്കിലും കണ്ടാൽ നല്ല ഉയരോം തടീം ഒക്കെ ഉണ്ട്……ഒറ്റക്കാഴ്ചക്കു ഒരു ഇരുപത്തിരണ്ട് വയസ്സായീന്ന് തോന്നും..”

“എടീ കദീശൂ….അപ്പൊ ഞീ ഇന്നാട്ടില് നടക്കുന്നതൊന്നും അറിഞ്ഞില്ലേ…പത്രോം ടീവീം ഇടക്കൊക്കെ ഒന്ന് നോക്കണം….അതിനേടുന്നാ ഇനിക്ക് സമയം…ഒന്നുകിൽ അടുക്കളേല് അല്ലെങ്കിൽ കണ്ടതിൽ കോഴീന്റെയും ആടിന്റേയും എടേല്…..”

അയാൾ തെല്ലൊരു അരിശത്തോടെ കദീശൂനെ നോക്കി തുടർന്നു.

“ഇന്നലെ മുതൽ പുതിയ നിയമം വന്നു….ആണിന് പെണ്ണ് കെട്ടണമെങ്കിൽ പെണ്ണിന് ഇരുപത്തൊന്നു വയസ്സ് തികയാണോന്ന്….ഇന്റെ ഇക്കിത്താബിലുള്ള കുട്ടേൾക്കു പതിനേഴും പതിനെട്ടും ആയതേയുള്ളൂ….ഇനി ഇരുപത്തൊന്നുകാരികളെ തെരഞ്ഞു ഞാനെവിടെയാ പോവാ….”

“അപ്പൊ അതെന്ത് നിയമാ….ഇപ്പറീന്നോൽക്ക് വോട്ടു ചെയ്യാൻ പതിനെട്ടു തികഞ്ഞാ മതി….അങ്ങട്ടേലെ നബീസുന് പതിനെട്ടു തികഞ്ഞോ തികഞ്ഞോ എന്ന് നോക്കി ഇക്കുറി വോട്ടുചെയ്യാൻ പോയില്ലേ….പിന്നെന്താ കല്യാണത്തിന് മാത്രം ഇരുപത്തൊന്നു വയസ്സ്….അല്ലേലും ഇപ്പോഴത്തെ പെൺക്കുട്ടേള് പന്ത്രണ്ടിലും പതിമൂന്നിലാ വയസ്സറീക്കുന്നത്…..ഫാസ്റ്റ് ഫുഡും ബ്രോയിലർ ചിക്കെനും തിന്നു തിന്നു കുട്ടീളെല്ലാം ചെറുപ്പത്തിലേ വല്യ പെണ്ണിന്റെമാതിരിയാ……”

അയമൂക്ക ഡയറിയുമെടുത്തു പടിപ്പുര കടന്നു പോയി. അയാൾ നേരെപോയതു ദുബൈക്കാരൻ കബീറിന്റെ വീട്ടിലേക്കാണ്. മോന്റെ കല്യാണം പറഞ്ഞുറപ്പിച്ചതാ. അടുത്തമാസം രണ്ടുമാസത്തെ അവധിക്കു അവൻ നാട്ടിൽ വന്നാൽ കെങ്കേമയായി കല്യാണം നടത്തൂന്നാ കബീർക്ക പറഞ്ഞത്. ഇനി ഇപ്പൊ അതെങ്ങനെ നടത്തും. അയമൂക്ക നടത്തിനിടയിൽ ചിന്തിച്ചുകൊണ്ടിരുന്നു.

വിശാലമായ മുറ്റത്തു കബീർക്കയുടെ കാറ് കണ്ടപ്പോൾ അയമൂക്കക് സമാധാനമായി. ഇന്നെവിടേക്കും പോയിട്ടില്ല. “ഒരു പക്ഷെ എന്നെയും കാത്തിരിക്കയാവും.” അയമൂക്ക ആത്മഗതമെന്നപോലെ പറഞ്ഞു.

ഇരുവശവും വിശാലമായ ഇരിപ്പടം കെട്ടിയ കോലായിൽ കബീർ ആരെയോ പ്രതീക്ഷിക്കുന്നപോലെ കാത്തിരിന്നുണ്ടായിരുന്നു. അയമുനേ കണ്ടതോടെ വായിച്ചുകൊണ്ടിരുന്ന പത്രം മടക്കിക്കൊണ്ടു പറഞ്ഞു:

“അയമൂക്കാ….കേറിവാ…..”

അയമൂക്ക മടിച്ചു മടിച്ചു ഇത്തിരി ദൂരെ തിണ്ണയിൽ ഇരുന്നു. കക്ഷത്തിൽ ഇറുക്കിപ്പിടിച്ചു ഡയറി തിണ്ണയുടെ അരികിൽ വെച്ചുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു:

“ഇന്നാട്ടില് എന്തൊക്കെ നിയമാ കൊണ്ടുവരുന്നത്….ഇങ്ങള് വായിച്ചില്ലേ? പെണ്ണിനെ കെട്ടിക്കേണേല് ഇരുപത്തൊന്നു വയസ്സുവരെ കാത്തിരിക്കണോന്ന്…പണ്ടൊക്കെ പതിമൂന്നിലും പതിനാലിലുമാ കല്യാണം…എന്നിട് ഈ നാട്ടിന് ഒന്നും സംഭവിച്ചില്ലല്ലോ? ഭരിക്കിന്നൊൽക്ക് വല്ല വിവരോം ഉണ്ടോ? അല്ലേലും ഇപ്പോഴത്തെ പെണ്കുട്ടെക്ക് പതിനഞ്ചിലെ കെട്ടുപ്രായമാകും….” അയ്മൂ ഒരു ദീർഘശ്വസത്തോടെ നിർത്തികൊണ്ട് തുടർന്ന്…”എനിക്ക് ഇങ്ങളെ കാര്യം ഓർക്കുമ്പോളാ സങ്കടം വരുന്നത്….ഇനിയിപ്പോ എന്താ ചെയ്യാ..”

കബീർ ചിരിച്ചുകൊണ്ട് പറഞ്ഞു:

“അയ്മൂക്കാ ഇങ്ങള് അതോർത് ബേജാറാവണ്ടാ…അയിനൊക്കെ ഞാൻ പണികണ്ടിട്ടുണ്ടു….”

“അതെന്തു പണി കബീർക്കാ…” അയ്മൂ അതിശയത്തോടെ ചോദിച്ചു.

“ഇങ്ങളറിയോ…ഗൾഫിൽ ഇന്നിയമോം ഒന്നും ബാധകമല്ല, അവിടെ പതിനെട്ടു തികഞ്ഞാൽ ശരീഅത്ത് കോടതി മുഖേന നിക്കാഹ് ചെയ്തു തരും. പെണ്ണിനെ ഞാൻ അങ്ങോട്ട് കൊണ്ടുപോവാ….മോനോട് ഇന്നലെത്തന്നെ അവളുടെ വിസ ശരിയാക്കാൻ പറഞ്ഞു…..”

അയമൂ എണീറ്റ് നിന്നുകൊണ്ട് ചിരിച്ചു.

“അൽഹംദുലില്ല…ഇവിടത്തെ സർക്കാർ മനസ്സിൽ കാണുമ്പോൾ നമ്മള് മരത്തിൽ കാണണം…കബീർക്കാ ഇങ്ങളാരാ മോന്…ഇമ്പക്ക് ഓളെ കല്യാണം പതിനെട്ടിൽ തന്നെ നടത്തണം. അതെന്റെ ഒരു വാശിയാ….”

കബീർ എഴുന്നേറ്റ് അകത്തേക്ക് പോയി. അയമൂ ഫോണിൽ ആരെയോ വിളിച്ചുപറഞ്ഞു.

“ഇക്കാ….എല്ലാം ശരിയായി….കബീർക്കന്റെ മോന്റെ കല്യാണം ഗൾഫീന്നാ…..ഓന് ഇങ്ങോട്ട് വരുന്നില്ല. പകരം പെണ്ണിനെ അങ്ങോട്ട് കൊണ്ടുപോവാ…അവിടെത്തെ ശരീഅത്ത് കോടതീന്നാ നിക്കാഹ് ….അവിടെ പതിനെട്ടുവയസ്സു മതീ…..”

കബീർ വീണ്ടും കോലായിൽ വന്നിരുന്നു അയമുനേ നോക്കി പറഞ്ഞു.

“അയ്മൂ, നിക്കാഹ് കഴിഞ്ഞു നാലഞ്ചുമാസത്തിനുള്ളിൽ നമ്മക്ക് ഇവിടെവെച്ചു ഒരു സൽക്കാരം കൊടുക്കാം, കുടുംബക്കാരേം ചങ്ങാതിമാരേം അപ്പോവിളിക്കാം….”

കബീർ എഴുന്നേറ്റ് അയമുനേ ഒരു പൊതി ഏൽപ്പിച്ചു. അയമൂ സന്തോഷം കൊണ്ട് കബീറിനെ കെട്ടിപ്പിടിച്ചു.

“ഇങ്ങള് പടച്ചോനെ പേടിയുള്ളവനാ…റബ്ബ് നിങ്ങളെ കാത്തുരക്ഷിക്കും….”

കബീർ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.

  • ഹസ്സൻ തിക്കോടി. 9747883300 email: hassanbatha@gmail.com
Advertisment