Advertisment

കോവിഡ്കാരന്റെ ഖബർ! (കഥ)

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

കോവിഡ്കാരന്റെ ഖബർ!

Advertisment

-----ഹസ്സൻ തിക്കോടി

കുറ്റിക്കാടുകൾ തിങ്ങി നിറഞ്ഞ പള്ളിപ്പറമ്പിലൂടെ അയാൾ വേച്ചു വേച്ചു നടന്നുനീങ്ങി. സുബഹി നിസ്കാരം കഴിഞ്ഞു മുക്രിയും മറ്റു രണ്ടുപേരും പള്ളി വാതിലടച്ചു റെയിൽപ്പാളത്തിന്നരികിലൂടെ നടക്കുന്നത് കണ്ടാണ് അയാൾ ഖബർസ്ഥാനിലേക്കു കയറിയത്. സ്വന്തം ഉമ്മയും ബാപ്പയും അന്ത്യവിശ്രമത്തിൽകിടക്കുന്ന ഖബറുകൾ തേടി അയാളുടെ കണ്ണുകൾ ചുറ്റും പരതി.

നനുത്ത മഴയിൽ കുതിർന്ന കുറ്റിച്ചെടികളിലെ വെള്ളത്തിൽ പാൻസുകൾ നനയുന്നുണ്ടായിരുന്നു. പച്ചപിടിച്ച കുറ്റിച്ചെടികൾ മാത്രമായിരുന്നില്ല ആ ശവപ്പറമ്പിൽ ഉണ്ടായിരുന്നത്, ചീവീടുകളുടെയും തവളകളുടെയും ആർത്തനാദം ചുറ്റിലും പടരുന്നുണ്ടായിരുന്നു. ഇവിടെഎവിടെയെങ്കിലും ഇഴജീവികളുടെ ശല്യവും ഉണ്ടാവും. അയാൾ പേടിച്ചുകൊണ്ടാണ് ഓരോ ചുവടുകളും വെച്ചത്. പക്ഷെ പരതുന്ന മീസാൻ കല്ലുകൾ ഒന്നും അവിടെ കാണാനില്ലായിരുന്നു.

മണ്ണിലും കാടിലും മൂടപ്പെട്ട മീസാൻ കല്ലുകളെ വേർതിരിച്ചെടുക്കാൻ അയാൾ ബദ്ധപ്പെട്ടു. കഴിഞ്ഞ വർഷം വന്നപ്പോൾ കൂടെ ഉസ്താതുണ്ടായിരുന്നതിനാൽ എളുപ്പത്തിൽ കണ്ടുപിടിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി അയാൾ ഇവിടെ വരാറുണ്ട്. ആദ്യം ഉപ്പയുടെ കബർമാത്രമായിരുന്നു അയാളുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങിയത്. രണ്ടര വർഷങ്ങൾക്കുശേഷം ഉമ്മയും ഉപ്പയുടെ അരികിൽ സ്ഥലം പിടിച്ചതോടെ ഒരു വെടിക്ക് രണ്ടുപക്ഷി എന്നപോലെ ഉസ്താദ് ഒരു പ്രാർത്ഥനയിൽ ഒതുക്കി. അയാൾ നാട്ടിലെത്തിയാൽ വീട്ടിൽ പെട്ടിവെച്ചശേഷം ആദ്യം ഓടിയെത്തുന്നത് പള്ളിപ്പറമ്പിലേക്കാണ്. ഇരയെ കാത്തിരിക്കുന്ന കഴുകനെപോലെ ഉസ്താദ് അയാളെ പെട്ടന്നുതന്നെ ഒളു എടുക്കാൻ നിർബന്ധിക്കും. രണ്ടു റക്അത്തു നിസ്കരിച്ചശേഷമാണ് ഖബറിന്നടുത്തേക്കുനീങ്ങുക.

അപ്പോഴേക്കും യാസീൻ സൂറത്തു പകുതിയോളം ഉസ്താദ് ഉരുവിട്ടിരിക്കും. അവസാന സൂക്തങ്ങൾ കുറച്ചുറക്കെ ഓതികൊണ്ടു രണ്ടുകൈയും ആകാശത്തിലേക്കുയർത്തി ഏറെനേരം ദുആര്ക്കും. ഒടുവിൽ അയാളുടെ തലയിൽ കൈവെച്ചു മൂന്നുതവണ മുഖത്തേക്കൂതും. അപ്പോളയാൾ പാൻസിന്റെ പോക്കറ്റില്നിന്നും പേഴ്സെടുത്തു രണ്ടുമൂന്നു നോട്ടുകൾ ഉസ്താദിന്റെ പോക്കറ്റിൽ നിക്ഷേപിക്കുന്നതോടെ അയാളുടെ സിയാറത്തു അവസാനിക്കും. പുറത്തുതട്ടി നടന്നു നീങ്ങുബോൾ ഉസ്താദ് പുറകിൽനിന്നും ഉറക്കെപറയും:

“മോനെ കബീറെ എപ്പോഴാ മടങ്ങിപ്പോണതു, പോകുന്നതിനുമുമ്പേ ഇവിടെ വരണേ” ഗൾഫ്കാരൻ നാട്ടിൽവന്നാൽ ഇവരൊക്കെ ചോദിക്കുന്ന രണ്ടേരണ്ടു ചോദ്യങ്ങളാണ്, എപ്പോഴാ വന്നതു ? എപ്പോഴാ തിരിച്ചുപോവുന്നതു? അറപ്പുളവാക്കുന്ന ഈ ചോദ്യങ്ങളിൽിനിന്നും പലപ്പോഴും ഒഴിഞ്ഞുമാറുകയാണ് പതിവ്. പക്ഷെ ഇത്തവണ അതുണ്ടാവില്ല. കോവിഡ് കാലത്തു വന്നവരാരും പെട്ടെന്നൊന്നും തിരിച്ചുപോവില്ലല്ലോ?

ഇത്തവണ ഉസ്താദ് ഇവിടെയില്ല, ബാങ്ക്കൊടുക്കാൻ മുക്രി മാത്രം. നിസ്കരിക്കാൻപോലും ആരും വരുന്നില്ല. കൊറോണ കാരണം പള്ളികളിൽ എല്ലാവർക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഖബർസ്ഥാനിൽ അയാൾ ഒറ്റക്കാണ്. ഏറെ പാടുപെട്ടാണ് രണ്ടു ഖബറുകളും കണ്ടുപിടിച്ചത്. അയാൾ കൈ രണ്ടും ആകാശത്തേക്കുയർത്തി ഉച്ചത്തിൽ പ്രാര്ഥിക്കുമ്പോൾ അയാളുടെ കണ്ണുകൾ ദൂരെ എവിടെയോ ആരെയോ പരതുകയായിരുന്നു.

പള്ളിപ്പറമ്പിന്റെ മറ്റേയറ്റത്തു ഒരു മൂലയിൽ കുറച്ചു പേരുടെ അനക്കം അപ്പോഴാണ് അയാളുടെശ്രദ്ധയിൽപെട്ടത്. നേരിയ ഇരുട്ടിൽ ഒന്നും വ്യക്തമായിരുന്നില്ല . നേരം പുലരാൻ ഇനിയും ഏറെ സമയമുണ്ട്. ദൂരെകണ്ട നിഴലുകളിലേക്ക് അയാൾ വീണ്ടും സൂക്ഷിച്ചുനോക്കി.

publive-image

ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന കുറെ മനുഷ്യരെപ്പോലെ ദേഹമാകെ വെളുത്ത വസ്ത്രത്തിൽ മൂടിപ്പുതച്ചവരായിരുന്നു അവർ. രണ്ടുപേർ വളരെ വേഗത്തിൽ കുഴിയെടുക്കുന്നുണ്ട്. മറ്റേ രണ്ടുപേരും എവിടെനിന്നോ കല്ലുകൾ പെറുക്കിക്കൊണ്ടുവന്നു കുഴിയുടെ അരികിൽ വെക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ കാടുപിടിച്ച കബർസ്ഥാനിൽ ഇറങ്ങിയ കുറെ പ്രേതങ്ങളായാണ് അയാൾക്ക് തോന്നിയത്. കുഴിവെട്ടൽ ഏറെക്കുറെ അവസാനിച്ച മട്ടാണ്. ആദ്യത്തെ രണ്ടുപേർ മാറിനിന്നു വിശ്രമിക്കുന്നു. മറ്റവർ കല്ലുമേന്തി വരുന്നുണ്ട്.

അയാൾ പതിയെ നിഴൽകണ്ടസ്ഥലത്തേക്കു നീങ്ങി. ഇരുട്ടിന് ഘനം കുറഞ്ഞതിനാൽ ഇപ്പോൾ കുറേകൂടി വ്യക്തമായി കാണാമായിരുന്നു. കുറ്റിച്ചെടികൾക്കപ്പുറം ഒരു വലിയ മരത്തിന്റെ ചില്ലയിൽനിന്നും കുറെ കൊമ്പും ഇലയും വെട്ടിമാറ്റി. അയാൾ അപരിചിതനെപോലെ കുറച്ചുകൂടി നടന്നു. ഏകദേശം അടുത്തെത്താറായപ്പോൾ ആരോ ഉറക്കെ വിളിച്ചു പറയുണ്ടായിരുന്നു. “വരരുത്, ഇങ്ങോട്ടു വരരുത്……” നാലുപേരുടെയും ഒരുമിച്ചുള്ള ആക്രോശമായിരുന്നു അത്.

അയാൾ ശബ്ദം കെട്ടിടത്തേക്കുതന്നെ നോക്കി അവിടെതന്നെ നിന്നു. വീണ്ടും ഉച്ചത്തിൽ അവർ ഓരോരുത്തരായി വിളിച്ചുകൂവി. “ പൊയ്ക്കോളൂ…..ഇവിടേയ്ക്ക് വരരുത്…..ഇത് കോവിഡ്കാരന്റെ മൃതദേഹമാണ്…….”

publive-image

അയാൾ സ്തബ്ധനായി ഒരിടത്തുനിന്നു. ഒരടി മുന്നോട്ടോ പുറകോട്ടോ വെക്കാനാവാത്തവിധം അയാളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. അയാൾ പലതവണ ചോദിക്കാനൊരുമ്പെട്ടെങ്കിലും നാവിൽനിന്നും ശബ്ദം പുറത്തേക്കു വരുന്നില്ല. ശരീരമാകെ വിയർത്തൊലിക്കുന്നുണ്ട്.

വെളുത്തവേഷം ധരിച്ച ബഹിരാകാശയാത്രികർ അയാളെതന്നെ നോക്കി വീണ്ടും പറഞ്ഞു. “നിങ്ങൾ പോവൂ…..മാസ്ക്പോലും ഇല്ലാതെയാണോ ഇങ്ങോട്ടൊക്കെ വരുന്നത്. ഇത് കൊറോണകാലമാണെന്നു നിങ്ങൾക്കറിയില്ല…..ഇതാ താഴെ പോലീസും ആംബുലന്സും വന്നിരിപ്പുണ്ട്. അവരെങ്ങാനും കണ്ടാൽ നിങ്ങളെ അറസ്റ്റു ചെയ്യും. പ്ലീസ്, ദയവായി പോകൂ….”

അയാൾക്കാകെ വിറക്കുന്നുണ്ടായിരുന്നു. പ്രഭാതത്തിന്റെ നേർത്ത വെളിച്ചത്തിൽ വെളുത്ത വസ്ത്രധാരികൾ അയാളുടെ അടുത്തേക്ക് നടന്നടുത്തു കൊണ്ടു ശബ്ദം താഴ്ത്തി അയാളോട് പറഞ്ഞു. “നിങ്ങൾപോവൂ, മയ്യത്തു ഇപ്പോഴെത്തും, അവരാരെങ്കിലും കണ്ടാൽ നിങ്ങളെ പിടിച്ചു കൊണ്ടുപോവും.” അയാൾ പക്ഷെ, സകല ശക്തിയും സംഭരിച്ചുകൊണ്ട് ഉറക്കെ ചോദിച്ചു “ആരാണ് മരിച്ചത്”.

അതിനുത്തരം വരുംമുമ്പേ മറ്റു രണ്ടുപേർ ഒരു സ്റ്റെച്ചറിൽ പൊതിഞ്ഞു കെട്ടി കിടത്തിയ ഒരു മൃതദേഹം ആ കുഴിയിലേക്കു ശക്തിയോടെ വലിച്ചെറിഞ്ഞുകൊണ്ട് തിരക്കുപിടിച്ച തിരിച്ചുനടന്നു. അയാൾ മൂക്കത്തു വിരൽവെച്ചു ഏറെനേരം അവിടെത്തന്നെ നിന്നു. ഇങ്ങനെയാണോ കോവിഡ്കാരെ മറവുചെയ്യുന്നതു. മറ്റവർ അവർ വെട്ടിയ കുഴിമാടത്തിലേക്കു തിരിച്ചുനടന്നു.

കോവിഡ് പകര്ച്ചവ്യാധിയുടെ തുടക്കത്തിൽ ലോകത്താകെ കൂട്ടമരണങ്ങളായിരുന്നു. അന്നൊക്കെ അമേരിക്കയിലും ഇറ്റലിയിലും ദിനേന മരിച്ചതു ആയിരക്കണക്കിന് കോവിഡ് രോഗികളായിരുന്നു. അവരെയൊക്കെ കൂട്ടമായി അടക്കം ചെയ്യുന്ന വാർത്ത കൗതുകത്തോടെയാണ് വായിച്ചത്. അവിടെ ഓരോദിവസവും ആയിരത്തിലധികം കോവിഡ് മരണങ്ങൾ നടക്കുന്നു. ഉറ്റവരും ഉടയവരും ഉണ്ടെങ്കിലും ഏറ്റെടുക്കാൻ ആരും വരാതായപ്പോൾ കുമിഞ്ഞുകൂടിയ ശവങ്ങൾ ഒരുമിച്ചു ആഴത്തിലുള്ള വലിയ കുഴിയിൽ മൂടുകയായിരുന്നു. ചൈനയിലും യൂറോപ്പിലും മരണം ഏറിയപ്പോൾ ഇതുതന്നെയാണ് ചെയ്തത്. അന്ത്യകൂദാശകൾ നടത്താനോ, ഒരുപിടി മണ്ണിടാനോ, ഒരുവരി പ്രാർത്ഥനചൊല്ലാനോ ആരുമില്ല.

കുഴിമൂടിയശേഷം മറ്റു നാലുപരും അതിവേഗം സ്ഥലംവിട്ടു. മീസാൻ കല്ലോ, മറ്റടയാളങ്ങളോ ഉണ്ടായിരുന്നില്ല. നേരം കുറേകൂടി വെളുത്തപ്പോഴാണ് ഒരു പച്ചബോർഡിലുള്ള വെളുത്ത അക്ഷരങ്ങൾ അയാളുടെ കണ്ണിൽ പെട്ടത്. “കോവിഡ്കാരുടെ ഖബറിടം”, “പ്രവേശനം നിരോധിച്ചിരിക്കുന്നു.”

അയാൾ തിരിഞ്ഞു നടന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ കോവിഡ്കാരനെ അടക്കം ചെയ്ത ഭാഗത്തു നിന്നും കനത്ത ശബ്ദം അയാളുടെ കാതുകളെ അലോസരപ്പെടുത്തി. ശ്മശാനമൂകമായ ഇവിടെ ഇത്ര ഉച്ചത്തിൽ ആരാണ് ഒച്ചവെക്കുന്നതെന്നു അയാൾ ആലോചിച്ചു. ശബ്ദത്തിനു ഗാംഭീര്യം കൂടിവന്നു. ആ പള്ളിപ്പറമ്പാകെ പ്രകമ്പനം കൊള്ളൂമാറുച്ചത്തിലായിരുന്നു ഓരോ ചുവടുവെപ്പും. ആകാശം പതിവില്ലാതെ കറുത്തിരുണ്ടു. കനത്ത മഴക്കുമുമ്പേ വരുന്ന ഇടിയും മിന്നലും അവിടമാകെ വെട്ടിത്തിളങ്ങി. പേടിച്ചുവിറച്ചുകൊണ്ടു അയാൾ ഉറക്കെ നിലവിളിക്കുണ്ടായിരുന്നു. ഓടിക്കിതച്ചുകൊണ്ടു പള്ളിയുടെ ഇറയത്തു മഴനനയാതെ കയറിനിന്നു. മയ്യത്തു മറവുചെയ്ത ഭാഗത്തേക്ക് വീണ്ടും അയാൾ നോക്കി. കനത്തമഴയും ഇടിമിന്നലും കാരണം വ്യക്തമായി ഒന്നും കാണാൻ സാധിച്ചില്ല.

കോവിഡ്കാരനെ ചേദ്യം ചെയ്യാനെത്തിയ മലക്കുകളാണോ? ചെറുപ്പത്തിൽ ഉസ്താദ് പഠിപ്പിച്ചതോർത്തുകൊണ്ട് അയാൾ തിരിഞ്ഞു നോക്കാതെ കനത്ത മഴയിലൂടെ വേഗത്തിൽ നടന്നു. ഖബറടക്കം കഴിഞ്ഞു അവസാനത്തെ മനുഷ്യനും സ്ഥലം വിടുന്നതോടെ ഖബറിലേക്കുഅല്ലാഹുവിന്റെ ദൂതന്മാരായ രണ്ടു മലക്കുകൾ വരും. മുൻഖറും നഖീറും. ഒരുപക്ഷെ അവരുടെ ശബ്ദമാണോ അയാൾകേട്ടത്. ഇടിമിന്നൽ പോലെയുള്ള ആശബ്ദം ജീവിച്ചിരിക്കുന്നവരാരും കേട്ടിട്ടുണ്ടാവില്ല. പക്ഷെ അയാൾമാത്രം അവരുടെ വരവിന്റെ ശബ്ദം കേൾക്കുന്നു. അയാളുടെ കാലുകൾക്കു വേഗത ഏറിവന്നു. എവിടേക്കു പോവണമെന്നറിയാതെ അയാൾ നട്ടം തിരിയുകയായിരുന്നു.

ഈ സ്ഥലം അയാൾക്ക് സുപരിചിതമാണ്. ഇവിടത്തെ മൺതരികളിൽ അയാളുടെ ബാല്യകൗമാരങ്ങളുടെ കാലടികൾ പതിഞ്ഞിട്ടുണ്ട്. റെയിൽപാളത്തിന്റെ ഓരത്തുകൂടെ നടക്കുമ്പോൾ പഴയപോലെ പേടിതോന്നിയില്ല. നാടാകെ നിശബ്ദമാണ്. ട്രെയിനും, ബസ്സും, ഒന്നും ഓടുന്നില്ല .നാടുമുഴുവൻ താഴിട്ടു പൂട്ടിയിരുന്നു. മനുഷ്യൻ മനുഷ്യനെ പേടിക്കുന്നകാലം. അയാൾ കുട്ടിക്കക്കാലത്തെ ഓർമ്മയിൽ റെയിൽപാളത്തിലൂടെ നടന്നു. പണ്ടൊക്കെ കൂടെ നടക്കാൻ രുഗ്മനും ബാലനും കൂട്ടിനുണ്ടാവുമായിരുന്നു. രണ്ടു ഇരുമ്പു പാളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ലീപ്പറുകളിലൂടെയായിരുന്നു അന്നൊക്കെ നടന്നത്. വല്ലപ്പോഴും കടന്നുപോകുന്ന വണ്ടി വരുമ്പോൾ മാത്രമേ റെയിൽ പാളത്തിൽ നിന്നും ഇറങ്ങിനിൽക്കുകയുള്ളൂ. കുട്ടിക്കാലത്തെ ഓരോ വികൃതികൾ ഓർത്തുകൊണ്ട് അയാൾ കനത്ത മഴയെ വകവെക്കാതെ റെയില്പാളത്തിലൂടെ നടന്നു.

publive-image

ഗൾഫിൽ കൊറോണ പടർന്നു പിടിച്ചപ്പോൾതന്നെ നാട്ടിലേക്കു വരാനുള്ള തത്രപ്പാടിലായിരുന്നു അയാൾ. ഓരോ രാജ്യത്തെയും ഭരണാധികാരികകൾ മുന്നൊരുക്കങ്ങളില്ലാതെ അവരവരുടെ രാജ്യങ്ങൾ അടച്ചുപൂട്ടി. രാജ്യാന്തര വിമാനസർവീസുകൾ നിർത്തലാക്കി. നാടാണയാനും വീട്ടിലെത്തിച്ചേരാനും അയാൾ കൊതിച്ചു. സ്നേഹനിധിയായ ഭാര്യയും കുട്ടികളും അയാൾക്കൊരു ബലഹീനതയായിരുന്നു. മുടങ്ങാതെ എല്ലാവർഷവും കുട്ടികളുടെ സ്കൂൾ അടക്കുന്ന ഏപ്രിൽ മാസത്തിലായിരുന്നു അയാൾ നാട്ടിലെത്തുന്ന പതിവ്.

പക്ഷെ കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. മഹാമാരിയുടെ താളത്തിനൊത്തു ലോകം മുഴുവൻ കീഴടങ്ങി. ഒടുവിൽ മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് അയാൾക്കൊരു ടിക്കറ്റ് തരപ്പെട്ടതു. ഒരായിരം ആശകളുടെ ചിറകിൽ കയറി അയാൾ വിമാനത്താവളത്തിലെത്തിയപ്പോഴാണറിയുന്നതു ഇവിടെ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അത് പോസിറ്റീവ് ആയാൽ ഇരുപത്തെട്ടു ദിവസം ക്വരന്റൈൻ വേണമെന്നും. എയർപോർട്ടിലെ ടെസ്റ്റിംഗ് വളരെ കർശനമായിരുന്നു. നിർഭാഗ്യവശാൽ അയാളുടെ ടെസ്റ്റ് ഫലം പോസിറ്റീവ് ആയിരുന്നു. ഒരുമാസത്തെ അവധിയിൽ വന്ന അയാൾ അങ്ങനെ കോവിഡ് പ്രത്യേക ആശുപത്രിയിലേക്ക് മാറ്റപ്പെട്ടു.

അയാളെ കാണാൻ വീട്ടിൽ നിന്നാരും വന്നില്ല. ആരും ടെലിഫോൺ ചെയ്തില്ല. ആശുപത്രി ഒരു ഇരുമ്പു മറയായിരുന്നു. ദേഹമാകെ വെള്ളയിൽ മൂടിയ കുറെ മനുഷ്യർ മാത്രമായിരുന്നു അവിടെ കണ്ടത്. അവർ ആണെന്നോ പെണ്ണെന്നോ തിരിച്ചറിയില്ലായിരുന്നു. അവർപോലും ഭയപ്പാടോടെയാണ് പരിചരിച്ചതു. ചിലർ വേദനകൊണ്ടോ , പ്രയാസങ്ങൾകൊണ്ടോ പാടുപെടുമ്പോൾപോലും ആരാലും ശ്രദ്ധിച്ചില്ല. ഐസിയുവിലേക്കോ വെന്റിലേറ്ററിലേക്കോ മാറ്റപ്പെടും. താമസിയാതെ അവരെ മരണം മാടിവിളിക്കും.

അയാൾ ദിവസങ്ങൾ എണ്ണി അവിടെ കഴിഞ്ഞു. പരസ്പരം ഉരിയാടാൻ ആരുമുണ്ടായിരുന്നില്ല. ഗൾഫിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു എന്നയാൾ ഓർത്തു. ഒറ്റപ്പെടലിന്റെ വേദന അവിടെ കുറവാണു. സഹായിക്കാനും, പരിചരിക്കാനും സന്നദ്ധസംഘടനകൾ ധാരാളം. അവരുടെ സ്നേഹ പരിലാളനകൾക്കപ്പുറം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടിയാവുമ്പോൾ രോഗമുക്തി വേഗത്തിലാവുന്നു.

പതിനാലാം ദിവസം അയാളുടെ ശ്രവം വീണ്ടും പരിശോധനക്കയച്ചു. പക്ഷെ ഫലത്തിൽ മാറ്റമുണ്ടായില്ല. റിസൾട്ടിന്റെ പേപ്പറിൽ മാറിമാറി നോക്കിയപ്പോള് അയാൾക്ക് നിരാശതോന്നി. “കബീർ, വയസ്സ് 46, പോസിറ്റീവ് “

publive-image

അന്നുരാത്രി അയാൾക്കുറക്കം വന്നില്ല. മരണം അയാളെ തഴുകികൊണ്ടിരുന്നതായിതോന്നി. രക്ഷകനായി മരുന്നോ മന്ത്രങ്ങളോ ഇല്ലെന്ന തോന്നൽ അയാളെ അലോസരപ്പെടുത്തി. വാർഡിൽ ചുറ്റുമുള്ള കോവിഡ് രോഗികൾ നല്ല ഉറക്കത്തിലായിരുന്നു. വെളുത്ത കവചവസ്ത്രം ധരിച്ചവരാരും അവിടെ ഉണ്ടായിരുന്നില്ല. അയാൾ പതിയെ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി നടന്നു.

തെരുവും നിരത്തും വിജനമായിരുന്നു. മിന്നാമിനുങ്ങുപോലെ കത്തുന്ന പ്രകാശം കുറഞ്ഞ തെരുവുവിളക്കുകൾ. പള്ളിപ്പറമ്പായിരുന്നു അയാളുടെ ലക്ഷ്യം . എപ്പോൾ നടന്നെത്തുമെന്നൊന്നും അയാൾക്കറിയില്ലായിരുന്നു. വാർഡിൽ ഒരു കോവിഡ് രോഗിയെ അതും പോസിറ്റീവ് ആയ ആളെ കാണാനില്ലാതാവുമ്പോഴുണ്ടാവുന്ന അങ്കലാപ്പൊന്നും അയാൾ ഓർത്തില്ല. നാളെ റൂട്ട്മാപ്പു തയ്യാറാക്കി അവരയാളെ കണ്ടെത്തും. കനത്ത കാവലിൽ വീണ്ടും ആശുപത്രിയിൽ കിടത്തും. കേസെടുക്കും . അതിനപ്പുറമൊന്നും സംഭവിക്കില്ല.

റെയില്പാളത്തിലൂടെ അയാൾ എവിടേക്കെന്നില്ലാതെ നടന്നു. ശ്രദ്ധിക്കാൻ ആരുമുണ്ടായിരുന്നില്ല. ആളുകളാരും വീടുവിട്ടു പുറത്തിറങ്ങുന്നില്ലല്ലോ. മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു. ആരവത്തോടെയുള്ള കാറ്റിനും ശക്തി കൂടിവന്നു. ആഞ്ഞടിക്കുന്ന കാറ്റിൽ റെയിൽ പാളത്തിനു നടുവിൽ അയാൾ ആടിയുലയുന്നുണ്ടായുരുന്നു. പൊടുന്നനെ ഓർക്കാപുറത്തു മറ്റൊരു ശക്തിയുള്ള ശബ്ദം അയാളുടെ അരികിലെത്തി അയാളെ തട്ടിമാറ്റുന്നതായി അയാൾക്ക് തോന്നി. ആ ശക്തി അയാളെ കുറെ ദൂരം വലിച്ചിഴച്ചു. അതൊരു ചരക്കു വണ്ടിയായിരുന്നു.

Advertisment