പതിനേഴാം വാർഷിക നിറവിൽ സാന്ത്വനം കുവൈറ്റ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, February 14, 2018

കരുതലിന്റെ കാവലാളാകാൻ ഒരു പ്രവാസി കൂട്ടായ്മ അതാണ് “സാന്ത്വനം കുവൈറ്റ് . ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സാന്ത്വനം കുവൈറ്റ്‌ തങ്ങളുടെ നിരന്തര സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പതിനേഴാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

മംഗഫ് “ക്ലാസ്സിക്” ഓഡിറ്റൊറിയത്തിൽ വെച്ച് നടന്ന പൊതുയോഗത്തിൽ സംഘടനയുടെ അംഗങ്ങളും, അഭ്യുദയകാംക്ഷികളും, കുവൈറ്റിലെ പ്രവാസി സാമൂഹ്യ-സേവന രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനൊപ്പം കേരളത്തിലും കുവൈറ്റിലും കഴിയുന്ന നിസ്സഹായരും നിർധനരുമായ രോഗികൾക്ക്‌ വേണ്ടി കൂടുതൽ ഉപയോഗപ്രദവും കാര്യക്ഷമവുമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ച തുടങ്ങിയവ പൊതുയോഗത്തിലെ മുഖ്യ വിഷയങ്ങളായിരുന്നു. വാർഷിക സുവനീറായ “സ്മരണിക 2017” ന്റെ പ്രകാശനം ആർ. സി. സുരേഷ് സാന്ത്വനം എക്സിക്യുട്ടിവ് അംഗം ശ്രീമതി ബിജി തോമസ്സിന് നൽകി നിർവ്വഹിച്ചു. പ്രസിഡന്റ് രവീന്ദ്രൻ എം. എൻ., ജോൺ മാത്യു, തോമസ് മാത്യു കടവിൽ, ജെറിൽ ജോസ്, മലയിൽ മൂസക്കോയ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് സെക്രട്ടറി സന്തോഷ് ജോസഫ് 2017ലെ പ്രവർത്തന റിപ്പോർട്ടും ട്രഷർ വി.അബ്ദുൾ സത്താർ സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു.

2018 ലെ ഭാരവാഹികളായി പി.എൻ. ജ്യോതിദാസ് പ്രസിഡന്റ്, അനിൽകുമാർ കെ. എസ്. ജനറൽ സെക്രട്ടറി, സുനിൽ ചന്ദ്രൻ ട്രഷറർ എന്നിവരടക്കമുള്ള കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

കഴിഞ്ഞ 17 വർഷത്തെ പ്രവർത്തനഫലമായ് 10,323 രോഗികൾക്കായ് 9 കോടിയിലധികം രൂപയുടെ ചികിത്സാ സഹായം വിതരണം ചെയ്യുവാൻ കഴിഞ്ഞു. വിവിധ തരത്തിലുള്ള അനവധി ചികിത്സാ സഹായ പദ്ധതികളാണ് കഴിഞ്ഞ വർഷങ്ങളിൽ സംഘടന നടപ്പിലാക്കിയത്. ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർധനരായ രോഗികൾക്കുള്ള ചികിത്സയും അവർക്കുള്ള പുനരധിവാസ സഹായവും ഒപ്പം പ്രതിമാസ തുടർചികിത്സാ സഹായപദ്ധതിയുടെ ഭാഗമായി നാട്ടിലെ നിർധനരായ രോഗികൾക്കുള്ള ചികിത്സാ സഹായവും ഉൾപ്പെടുന്നു.

2500ൽ അധികം അംഗങ്ങളും 56 ഓളം മുഴുവൻ സമയ പ്രവർത്തകരുമുള്ള ഈ സംഘടന 2017ൽ മാത്രം 1182 രോഗികൾക്കായ്1,26,96,455/-രൂപവിതരണം ചെയ്തു, ഇതിൽ മാസം അയ്യായിരം രുപ വീതം ഒരു പെൻഷൻ പ്ലാൻ എന്ന നിലയിൽ കിടക്കയിൽ ജീവിതം തള്ളി നീക്കുന്ന 47 രോഗികൾക്കായ് നൽകി വരുന്നു.

കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളാലും രോഗങ്ങളാലും മറ്റും നാട്ടിൽ പോകുവാൻ കഴിയാതെ വരുന്ന പ്രവാസി സഹോദരങ്ങൾക്കും ഒരു കൈത്താങ്ങായി സാന്ത്വനം പ്രവർത്തിച്ചു വരുന്നു.
2017-ൽ മാത്രം കുവൈറ്റിൽ നിന്നും കണ്ടെത്തിയ 47 രോഗികൾക്കായി 11,25,803/ – രൂപയുടെ ചികിത്സാ സഹായമാണ് നൽകിയത്.

കേരളത്തിലുടനീളം ലക്ഷക്കണക്കിന് രൂപയുടെ പ്രത്യേക കർമ്മ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ 7 പാലിയേറ്റിവ് കെയർ യൂണീറ്റ്കൾക്കുള്ള സാമ്പത്തിക സഹായം, കൊല്ലം ആർസിസിയുമായ് സഹകരിച്ച് ജില്ലയിലെ രോഗികൾക്കായ് പോഷകഹാകാര വിതരണത്തിനായുള്ള സാമ്പത്തിക സഹായം, തിരുവനന്തപുരത്ത് ആർസിസിയിലും മെഡിക്കൽ കോളേജിലുംചികിത്സക്കായ് വരുന്ന നിർദ്ദന രോഗികളെ താമസിപ്പിക്കുന്നതിനായ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേവകി വാര്യർ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രതിമാസം 46000/- രൂപവാടക നൽകി ട്രിഡയുടെ ബിൽഡിങ്ങിൽ ഒരുക്കിയിരിക്കുന്ന “വിശ്രംസങ്കേത് “.

തൃശുർ കേന്ദ്രമയ് പ്രവർത്തിക്കുന്ന “SOLACE ” നായുള്ള പ്രത്യേക സാമ്പത്തിക സഹായം, വയനാട്ടിലെ ദീർഘകാലം ഡയാലിസിസ് ആവശ്യമായ് വരുന്ന നിർദ്ദന രോഗികൾക്കായി സൗജന്യമായ് ഡയാലിസിസ് നടത്തി കൊടുക്കുന്ന കേന്ദ്രങ്ങൾക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയവ നൽകി വരുന്നു. സാന്ത്വനത്തിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ തുടർന്നും ഏവരുടെയും സഹകരണവും പിന്തുണയും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

×