13-ാം വയസ്സില്‍ പഠിത്തം നിര്‍ത്തിച്ച് ജോലിക്കു വിട്ടതിന് നന്ദി…. ഒരിയ്ക്കലും ഒരു ജോലിയും ചെയ്യാന്‍ തയാറാകാതിരുന്ന മദ്യപാനികളും, മയക്കു മരുന്നിനടിമകളുമായിരുന്ന നിങ്ങളുടെ ആണ്‍മക്കള്‍ക്കു വേണ്ടി എന്നെ ചൂഷണം ചെയ്തതിനു നന്ദി…. നിങ്ങളുടെ തീരുമാനങ്ങളോട് യോജിക്കാതിരുന്നതുകൊണ്ടു മാത്രം വീടിന്റെ കോണിലേക്ക് എന്നെ ഒതുക്കിയതിന് നന്ദി…. വിവാഹശേഷവും എന്നെയും ഭര്‍ത്താവിനെയും പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ഞങ്ങളുടെ കുടുംബജീവിതത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും നന്ദി…. ഒരമ്മ എങ്ങനെയാകരുതെന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി…. അതിനെല്ലാം ഒടുവില്‍ ഇപ്പോള്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്കും നന്ദി…..നടി സംഗീതയുടെ കുറിപ്പ് വൈറലാകുന്നു

ഫിലിം ഡസ്ക്
Monday, April 15, 2019

ക്യാമറയ്ക്കു മുന്നിൽ കളിചിരിയുമായി നടന്നിരുന്ന സംഗീതയുടെ സ്വകാര്യ ജീവിതം വളരെ സങ്കീർണ്ണമായിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും അത് വിശ്വസിക്കാൻ പലരും തയാറായിരുന്നില്ല.

എന്നാൽ മകൾക്കെതിരെ സംഗീതയുടെ അമ്മ കൊടുത്ത ഒരു കേസിനെക്കുറിച്ചറിഞ്ഞപ്പോൾ താരത്തെ സ്നേഹിച്ചിരുന്നവർ പോലും വെറുപ്പു പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഹൃദയവേദനയോടെ അമ്മയെക്കുറിച്ചുള്ള സത്യങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഒരമ്മ എങ്ങനെയൊക്കെയാകരുതെന്ന് തന്നെ പഠിപ്പിച്ചതിനു നന്ദി പറഞ്ഞുകൊണ്ട് സംഗീതയെഴുതിയ കുറിപ്പിങ്ങനെ :-

പ്രിയപ്പെട്ട അമ്മേ,

ഈ ഭൂമിയിലേക്ക് എന്നെ കൊണ്ടുവന്നതിനു നന്ദി. 13–ാം വയസ്സിൽ പഠിത്തം നിർത്തിച്ച് ജോലിക്കു വിട്ടതിന് നന്ദി. ഒരുപാടൊരുപാട് ബ്ലാങ്ക് ചെക്കുകളിൽ ഒപ്പിടുവിച്ചതിന് നന്ദി. ഒരിയ്ക്കലും ഒരു ജോലിയും ചെയ്യാൻ തയാറാകാതിരുന്ന മദ്യപാനികളും, മയക്കു മരുന്നിനടിമകളുമായിരുന്ന നിങ്ങളുടെ ആൺമക്കൾക്കു വേണ്ടി എന്നെ ചൂഷണം ചെയ്തതിനു നന്ദി.

നിങ്ങളുടെ തീരുമാനങ്ങളോട് യോജിക്കാതിരുന്നതുകൊണ്ടു മാത്രം വീടിന്റെ കോണിലേക്ക് എന്നെ ഒതുക്കിയതിന് നന്ദി. ഞാൻ എന്റെ സ്വന്തം വഴി കണ്ടെത്തുന്നതിന് മുൻപ് എന്നെ വിവാഹം കഴിപ്പിക്കാതിരുന്നതിന് നന്ദി.

വിവാഹശേഷവും എന്നെയും ഭർത്താവിനെയും പിന്തുടർന്ന് ശല്യം ചെയ്തതിനും ഞങ്ങളുടെ കുടുംബജീവിതത്തിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചതിനും നന്ദി. ഒരമ്മ എങ്ങനെയാകരുതെന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി. അതിനെല്ലാം ഒടുവിൽ ഇപ്പോൾ ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്കും നന്ദി.

അറിഞ്ഞോ അറിയാതെയോ ഒരു പാവം പെൺകുട്ടിയിൽ നിന്ന് പക്വതയെത്തിയ, ജീവിതത്തെ ധൈര്യത്തോടെ സമീപിക്കുന്ന ഒരു സ്ത്രീയായി എന്നെ മാറ്റിയതിന് നിങ്ങളും കാരണമായിട്ടുണ്ട്. ഈ കാരണങ്ങളെല്ലാം കൊണ്ട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.

എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ഈഗോയിൽ നിന്ന് നിങ്ങൾ പുറത്തു കടക്കും അന്ന് എന്നെയോർത്ത് നിങ്ങൾ അഭിമാനിക്കും. – ഏഴുവയസ്സുകാരിയായ മകളുടെ അമ്മ കൂടിയായ സംഗീത കുറിച്ചതിങ്ങനെ.

വാർധക്യത്തിൽ തന്നെ വീട്ടിൽ നിന്നു വീട്ടിൽ നിന്നും പുറത്താക്കിയെന്നും സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് സംഗീതയുടെ അമ്മ മകൾക്കെതിരെ പരാതി നൽകിയത്. സ്ത്രീകൾക്കായുള്ള തമിഴ്നാട് സംസ്ഥാന സംഘത്തിലാണ് അവർ പരാതി നൽകിയത്.

ഇതിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ സംഗീതയെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ സത്യാവസ്ഥയെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം ഭൂതകാലത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് സംഗീത മനസ്സു തുറന്നത്.

×