Health

ഈ ലളിതമായ തള്ളവിരല്‍ പരിശോധനയിലൂടെ നിങ്ങള്‍ക്ക് മാരകമായ ഹൃദ്രോഗമുണ്ടോയെന്ന് കണ്ടെത്താം! ചെയ്യേണ്ടത്‌

ഹെല്‍ത്ത് ഡസ്ക്
Tuesday, September 14, 2021

ളിതമായ ഒരു തള്ളവിരല്‍ പരിശോധനയിലൂടെ നിങ്ങള്‍ക്ക് മാരകമായ ഹൃദയപ്രശ്‌നമുണ്ടോയെന്ന് കണ്ടെത്താം. തള്ളവിരല്‍ ചെറുതായി ചലിപ്പിക്കുന്നതിലൂടെ മറഞ്ഞിരിക്കുന്ന ‘അയോര്‍ട്ടിക് അനൂറിസം’ കണ്ടെത്താമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ പരിശോധന പൂര്‍ത്തിയാക്കാന്‍ ലളിതമായ മൂന്ന് ഘട്ടങ്ങളാണുള്ളത് (മുകളില്‍ കാണിച്ചിരിക്കുന്നതുപോലെ).

ഹൃദയവും വയറിന്റെ താഴ്ഭാഗവും ബന്ധിപ്പിച്ചിട്ടുള്ള വെസല്‍ ഭിത്തിയിലുണ്ടാകുന്ന ഒരു തരം വീക്കമാണിത്. നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ ഇത് ഒരു ഗുരുതര ആരോഗ്യപ്രശ്‌നമായി മാറും. അയോര്‍ട്ടിക് അനൂറിസം സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഇത് പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്.

നേരത്തെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വീക്കം (ബള്‍ജ്) വളരെ വലുതായി പൊട്ടാനും, അതുവഴി ആന്തരിക രക്തസ്രാവമുണ്ടായി മരണം സംഭവിക്കാനും സാധ്യതയുണ്ട്. വിശ്വസനീയമായ പരിശോധനയിലൂടെ ആളുകള്‍ക്ക് സ്വന്തം അപകടസാധ്യത കണ്ടെത്താമെന്നാണ് യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

പരിശോധന നടത്താം

തള്ളവിരല്‍ പരിശോധന നടത്തുന്നതിന് ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്, കൈത്തലം പരത്തിപ്പിടിക്കുക. കൈത്തലത്തിലുടനീളം കഴിയുന്നത്ര രീതിയില്‍ തള്ളവിരല്‍ നീട്ടുക. ഇത് പരന്ന കൈത്തലത്തിന്റെ അങ്ങേയറ്റം കടന്നാല്‍, നിങ്ങളില്‍ മറഞ്ഞിരിക്കുന്ന അനൂറിസം (ധമനിവീക്കം) ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.

തള്ളവിരല്‍ ഇത്തരത്തില്‍ ചലിപ്പിക്കാന്‍ കഴിയുന്നത്, ഒരു വ്യക്തിയുടെ സന്ധികള്‍ അയഞ്ഞതാണ് എന്നതിന്റെ പരോക്ഷ സൂചനയാണ്.

ശരീരത്തിലെ ഏറ്റവും വലിയ ധമനിയായ അയോര്‍ട്ട ഉള്‍പ്പെടെ ശരീരത്തിലുടനീളമുള്ള ‘കണക്ടീവ് ടിഷ്യു’ രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ.

305 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട്, ഗവേഷകര്‍ അമേരിക്കന്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

”അനൂറിസം രോഗികളില്‍ ഭൂരിഭാഗവും പോസിറ്റീവായ ‘തംബ്-പാം’ ലക്ഷണം പ്രകടിപ്പിക്കുന്നില്ലെന്ന് ഞങ്ങളുടെ പഠനം തെളിയിച്ചു”, ഗവേഷക സംഘത്തിലെ ഡോ. ജോണ്‍ എ എലിഫ്റ്റീരിയേഡ്‌സ് പറഞ്ഞു.

അനൂറിസം ഗുരുതര പ്രശ്‌നമാകാന്‍ ഏറെ നാളുകള്‍ എടുക്കുമെന്നും, അതുകൊണ്ട് പരിശോധനയിലൂടെ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

കുടുംബ ചരിത്രം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള ഘടകങ്ങളുടെ സാഹചര്യത്തില്‍ പരിശോധന ഉപയോഗപ്രദമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. രോഗം ഗുരുതരമാകുന്നതിന് മുമ്പ് രോഗികളെ കണ്ടെത്തുകയാണ് പ്രധാനമെന്ന് ഡോ. ജോണ്‍ എ എലിഫ്റ്റീരിയേഡ്‌സ് വ്യക്തമാക്കി.

അയോര്‍ട്ടിക് അനൂറിസം

ഹൃദയത്തില്‍ നിന്ന് അകന്നുപോകുന്ന പ്രധാന രക്തക്കുഴലിലെ വീക്കമാണ് അബ്‌ഡൊമിനല്‍ അയോര്‍ട്ടിക് അനൂറിസം. സാധാരണയായി ഇത് ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും, അപൂര്‍വ സാഹചര്യങ്ങളില്‍ ഇത് ഗുരുതരമാകാറുണ്ട്.

ഗുരുതരമായാല്‍ ആന്തരിക രക്തസ്രാവമുണ്ടാകാമെന്നതാണ് ഭീഷണി. മിക്ക കേസുകളിലും ഇത് രോഗ ലക്ഷണങ്ങള്‍ കാണിക്കാറില്ല. എന്നാല്‍, അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വയറുവേദന, നടുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം.

രോഗം ഗുരുതരമാകുമ്പോള്‍ അടിവയറ്റില്‍ കഠിന വേദനയുണ്ടാകും. തലക്കറക്കം, അമിത വിയര്‍പ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

66 വയസോ അതില്‍ കൂടുതലോ പ്രായമുള്ള പുരുഷന്മാരില്‍ അയോര്‍ട്ടിക് അനൂറിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശ്വാസകോശ സംബന്ധമായ രോഗം, കൊളസ്‌ട്രോള്‍, കുടുംബത്തില്‍ രോഗങ്ങളുള്ളവര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ 70 വയസിന് മുകളിലുള്ള സ്ത്രീകളിലും രോഗസാധ്യതയുണ്ടാക്കാം.

പുകവലി നിര്‍ത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കു, പതിവായി വ്യായാമം ചെയ്യുക, മദ്യപാനം നിര്‍ത്തുക എന്നീ മാര്‍ഗങ്ങളിലൂടെ രോഗസാധ്യത കുറയ്ക്കാം.

×