Advertisment

വിനോദ സഞ്ചാരികള്‍ക്ക് കണ്ണും മനസ്സും നിറയെ ഉത്സവക്കാഴ്ചയൊരുക്കുന്ന ജഗദൽപൂർ; ജൈവവൈവിധ്യവും ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഗുഹകളും തടാകങ്ങളും മ്യൂസിയങ്ങളും നിറഞ്ഞ ജഗദല്‍പൂരിലേക്ക് ഒരു യാത്ര

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജൈവ വൈവിധ്യവും ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഗുഹകളും തടാകങ്ങളും മ്യൂസിയങ്ങളും നിറഞ്ഞ വിനോദ സഞ്ചാരികള്‍ക്ക് കണ്ണും മനസ്സും നിറയെ ഉത്സവക്കാഴ്ചയൊരുക്കുന്ന ജഗദല്‍പൂരിലേക്ക് ഒരു യാത്ര.

Advertisment

publive-image

ഭാവിയിലെ വിനോദസഞ്ചാര സാധ്യതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ 45 മെഗാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ/ സർക്യൂട്ടുകളിൽ ഒന്നായി ജഗദൽപൂർ- തീരത്ഗഡ് - ചിത്രകൂട് - ബർസൂർ- ദന്തേവാഡ - തീരത്ഗഡ് സർക്യൂട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

അതിമനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജഗദൽപൂർ. ഇവയില്‍ പലതും മഴക്കാലത്ത് മാത്രം ഉണ്ടാകുന്നവയാണ്. ജഗദല്‍പൂരിലെ പ്രശസ്തമായ ചില വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം.

ചിത്രധാര വെള്ളച്ചാട്ടം

ജഗദൽപൂരിൽ നിന്ന് 19 കി.മീ അകലെയാണ് കുതിരലാടത്തിന്‍റെ ആകൃതിയിലുള്ള ചിത്രധാര വെള്ളച്ചാട്ടമുള്ളത്. ഏറെ ജനപ്രിയമായ ഒരു പിക്നിക് കേന്ദ്രമാണ് ഇവിടം.

ചിത്രകോട്ട് വെള്ളച്ചാട്ടം

ജഗദൽപൂരിന് ഏകദേശം 38 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിത്രകോട്ട് വെള്ളച്ചാട്ടവും ഏറെ പ്രശസ്തമാണ്. "ഇന്ത്യൻ നയാഗ്ര വെള്ളച്ചാട്ടം" എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമാണിത്. ഇന്ദ്രാവതി നദി പൊടുന്നനെ 100 അടി താഴ്ചയുള്ള ഗുഹയിലേക്ക് പതിക്കുന്നിടത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം രൂപപ്പെടുന്നത്.

ജൂലൈ മുതൽ ഒക്‌ടോബർ വരെയുള്ള മഴക്കാലത്തും അതിനു ശേഷവുമാണ് ചിത്രകോട്ട് വെള്ളച്ചാട്ടം ഏറ്റവും സമൃദ്ധമായി കാണപ്പെടുന്നത്. വെള്ളച്ചാട്ടത്തിൽ നിന്ന് നൂറ് മീറ്റർ അകലെ താമസസൗകര്യവും ലഭ്യമാണ്. ഛത്തീസ്ഗഡ് ടൂറിസം ബോർഡിന്‍റെ (സിടിബി) ലോഗ് ഹട്ടുകൾ ആണ് ഇവിടെ സന്ദര്‍ശകര്‍ക്ക് താമസത്തിനായി ഒരുക്കിയിട്ടുള്ളത്.

മണ്ഡവ വെള്ളച്ചാട്ടം

ജഗദൽപൂരിൽ നിന്ന് 31 കിലോമീറ്റര്‍ പടിഞ്ഞാറായാണ് മണ്ഡവ വെള്ളച്ചാട്ടം. ഇതു കൂടാതെ, 44 കിലോമീറ്റർ പടിഞ്ഞാറായി മെന്ദ്രി ഘുമർ, 45 കിലോമീറ്റർ പടിഞ്ഞാറായി തംദ ഘുമർ എന്നിവയുമുണ്ട്.

തീരത്ഗഡ് വെള്ളച്ചാട്ടം

300 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ജഗദൽപൂരിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്ക് അകലെയുള്ള കാംഗർ വാലി നാഷണൽ പാർക്കിലാണ്. പാര്‍ക്കിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 15 മിനിറ്റ് നടന്നു ചെന്നാല്‍, ഒന്നിലധികം വെള്ളച്ചാട്ടങ്ങള്‍ കാണാം.

തീരത്ഗഡ് വെള്ളച്ചാട്ടത്തിന് ചിത്രകോട്ട് പോലെ വീതിയില്ലെങ്കിലും, ഇവയുടെ ചുവട്ടിൽ നിന്ന് കൊതിതീരും വരെ നനയാം. അല്ലെങ്കിൽ നടുവിൽ നിന്ന് ഉയരുന്ന ഒരു പാറയുടെ മുകളിൽ കൂടി നടക്കാം. വെള്ളച്ചാട്ടത്തിന് എതിർവശത്ത് ഒരു വലിയ പാറയിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്. ചുറ്റും 1,000 വർഷം പഴക്കമുള്ള, ഹിന്ദു നാഗരികതയുടെ അവശിഷ്ടങ്ങളും കാണാം.

വെള്ളച്ചാട്ടങ്ങള്‍ കൂടാതെ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. നഗര മധ്യത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായി ഒരു നരവംശശാസ്ത്ര മ്യൂസിയമുണ്ട്. ഇവിടെനിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയായി, കക്തിയ രാജവംശത്തിലെ ഭരണാധികാരികൾ നിർമിച്ച പുരാതന കൊട്ടാരമുണ്ട്.

Advertisment