Advertisment

ഊർമ്മിള (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

രാമായണത്തിലെ നീലാംബരത്തിൽ

മൂടൽനിലാവായ ഊർമ്മിള ഞാൻ

രാമൻെറ നിഴലായി മാറിയ ലക്ഷ്മണൻ

പത്നിയാമെന്നെ അവഗണിച്ചു…

സോദരസ്നേഹത്തെ വാഴ്ത്തുന്നവർ

കണ്ടതില്ലെന്മനോ നൊമ്പരങ്ങൾ !

സീമന്ത രേഖയിൽ സിന്ദൂരവും ചാർത്തി

നിന്നെയോർത്തെന്നും കരഞ്ഞവൾഞാൻ

ജ്യേഷ്ഠനെ പിൻതുടർന്നീടവേ നീതെല്ലും

ഓർത്തതില്ലീ പ്രണയപുഷ്പത്തെ…

അച്ഛൻ സത്യവും അവരജൻ നീതിയും

പാലിച്ചുവെന്നു ഘോഷിച്ച ലോകമോ

അന്തഃപുരത്തിലെരിഞ്ഞടങ്ങും ഭാര്യതന്മനം കണ്ടതേയില്ല…

കൗമാരസ്വപ്നങ്ങൾ തുളളിത്തുളുമ്പിയ

നാളിൽ നീയെന്നെ വരിച്ചതല്ലേ

അന്തഃപുരത്തിന്നകത്തളത്തിൽ

ഹോമിച്ചു ഞാനെൻ യൗവനത്തെ…

ഭഗിനിമാർ കാന്തരോടൊത്തു മരുവുമ്പോൾ

ഇളയവൾ ഞാനെന്നും വിരഹാഗ്നിയിൽ

വാൽമീകിപോലും മറന്നുപോയെന്നുടെ

ആത്മാവിൻ ഗദ്ഗദം കേൾക്കുവാനായ്

രാമനു നിഴലായ് നടന്നനിന്നെ രാമൻെറ ഖഡ്ഗം വധിച്ചുവല്ലോ… സോദരസ്നേഹത്തിൻ നിറകുടമാം നിന്നെ കനിവില്ലാ രാമൻ കൊന്നതെന്തേ??

എങ്കിലും നെറ്റിയിൽ സിന്ദൂരവും ചാർത്തി

കാത്തിരുന്നു ഞാനേറെനാൾ ലക്ഷ്മണാ

ഇന്നിതാ സരയുവിലിറങ്ങി

മുങ്ങിക്കരേറിഞാൻ

മംഗല്യസൂത്രവും പൊട്ടിച്ചെറിഞ്ഞ്

പോകുന്നു ഞാനാ രാമായണത്തിലെ

നീലാംബരത്തിൽ നിന്നെന്നേയ്ക്കുമായി പെണ്ണിനെ പൂപോൽ പരിചരിച്ച

രാവണരാജൻെറ ലങ്കതന്നെ

മങ്കയ്ക്കു നീതി ലഭിക്കാത്ത നിൻെറ

രാമരാജ്യത്തെക്കാളെനിക്കേറെയിഷ്ടം…

cultural
Advertisment