പ്രമേഹം നിലയ്ക്കു നിര്‍ത്താം അല്‍പ്പം ശ്രദ്ധിച്ചാല്‍

Monday, December 25, 2017
കുടുംബങ്ങള്‍ പോലും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നു. ബേക്കറി സാധനങ്ങളുടെയും ഐസ്‌ക്രീം പോലുള്ള മധുര വിഭവങ്ങളുടെയും ഉപയോഗം കൂടി. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കി.

ജീവിതശൈലി രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പ്രമേഹം. രണ്ടാം സ്ഥാനം ഹൃദ്രോഗത്തിനാണ്. മൂന്നാം സ്ഥാനത്ത് അമിത വണ്ണവും ബന്ധപ്പെട്ട രോഗങ്ങളുമാണ്. നാലാം സ്ഥാനത്ത് അമിത രക്തസമ്മര്‍ദമാണ്. മറ്റൊന്ന് കൊളസ്‌ട്രോളാണ്. ഇതെല്ലാം ജീവിതശൈലി രോഗങ്ങള്‍ നമുക്ക് സമ്മാനിക്കുന്ന രോഗങ്ങളാണ്.

ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍

പണ്ടൊക്കെ ഇലക്കറികള്‍ക്കും പച്ചക്കറികള്‍ക്കുമായിരുന്നു ആഹാരക്രമത്തില്‍ പ്രഥമ സ്ഥാനം. ഇവയില്‍ നാരുകളും പോഷക ഗുണവും ധാരാളമുണ്ടായിരുന്നു. ഇറച്ചിയുടെ ഉപയോഗം വളരെ അപൂര്‍വമായിരുന്നു. ഇന്ന് അതെല്ലാം പാടെ മാറിമറിഞ്ഞു. മധുരമുള്ളതും വറുത്തതും പൊരിച്ചതും കൊഴുപ്പു നിറഞ്ഞതുമായ ആഹാര സാധനങ്ങള്‍ക്ക് അടിമയായി. പ്രത്യേകിച്ച് ചെറുപ്പക്കാര്‍.മാംസാഹാരം ഭക്ഷണത്തില്‍ നിന്നും ഒഴിച്ചു കൂടാത്തതായി മാറി. കുടുംബങ്ങള്‍ പോലും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നു. ബേക്കറി സാധനങ്ങളുടെയും ഐസ്‌ക്രീം പോലുള്ള മധുര വിഭവങ്ങളുടെയും ഉപയോഗം കൂടി. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കി.

വ്യായാമം നിര്‍ബന്ധം

പഴയ കാലത്ത് കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ ഓടിച്ചാടി കളിക്കാന്‍ പോകുമായിരുന്നു. കൃഷി വ്യാപകമായിരുന്നതിനാല്‍ മുതിര്‍ന്നവര്‍ കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്നു. ഇതെല്ലാം ശരീരത്തിന് നല്ല ആയാസം നല്‍കുന്ന പ്രവര്‍ത്തികളായിരുന്നു. ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പല കാരണങ്ങള്‍കൊണ്ടും വ്യായാമം ചെയ്യാന്‍ സാധിക്കാതെ വരുന്നു.താല്‍പര്യക്കുറവ്, സമയക്കുറവ്, ടി.വി. സംസ്‌കാരം, പഠന ഭാരം, ട്യൂഷന്‍ ഇതെല്ലാം വ്യായാമശീലം കുറയാന്‍ കാരണമായി. സീരിയലുകളും ക്രിക്കറ്റുപോലുള്ള കളികളും വന്നതോടെ വ്യായാമം ചെയ്യാനുള്ള സമയം ഉണ്ടെങ്കില്‍ പോലും അതിനൊന്നും മെനക്കെടാന്‍ ആളുകള്‍ തായാറാകാതെയായി. ഇതിനെല്ലാം പുറമെയാണ് ജോലിത്തിരക്ക്. ഇങ്ങനെ വ്യായാമം നമ്മുടെ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

അമിതവണ്ണം കുറയ്ക്കാം

വ്യായാമത്തിന്റെ കുറവ്, അമിതമായി കൊഴുപ്പും മധുരവുമുള്ള ആഹാരം, ഇലക്കറികളും ഫൈബറും അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം, ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങള്‍, വ്യായാമം ഇല്ലാത്ത ജീവിതം ഇതെല്ലാം അവസാനിക്കുന്നത് അമിതവണ്ണത്തിലാണ്. ഇത് ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം മോശമാകാന്‍ കാരണമാകുന്നു. ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു.ഇന്‍സുലിനാണ് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത്. ഇന്‍സുലിന്‍ ഉത്പാദനം ഉണ്ടെങ്കില്‍ പോലും അതിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ അമിത വണ്ണം കാരണമാകുന്നു. ഇങ്ങനെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും പ്രമേഹം ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു.

പാരമ്പര്യം നിസാരമാക്കരുത്

അച്ഛനോ അമ്മയോ പ്രമേഹരോഗിയാണെങ്കില്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ 10 മുതല്‍ 15 ശതമാനം വരെ പ്രമേഹത്തിന് സാധ്യതയുണ്ട്. മാതാപിതാക്കള്‍ രണ്ടുപേരും പ്രമേഹ രോഗികളാണെങ്കില്‍ 60 ശതമാനത്തില്‍ അധികം കുട്ടികളില്‍ പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്.മാനസിക പിരിമുറുക്കവും പ്രമേഹത്തിന് കാരണമാകുന്നുണ്ട്. ടെന്‍ഷന്‍ കൂടുതലുള്ള ഒരു ജീവിതശൈലിയാണ് ഇപ്പോഴുള്ളത്. കുട്ടികളില്‍ പോലും ടെന്‍ഷന്‍ കാണപ്പെടുന്നു. പഠനകാര്യത്തില്‍ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലകപ്പെടുന്നുണ്ട്. അവര്‍ക്ക് വിശ്രമവും വ്യായാമവും ലഭിക്കുന്നില്ല.

മാനസിക പിരിമുറുക്കവും അമിത ഉത്കണ്ഠയും ഇന്‍സുലിന് എതിരായി പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ഉണ്ടാകുന്നു. അഡ്രിനാലിന്‍, കോര്‍ട്ടിസോണ്‍, ഗ്ലൂക്കാഗോണ്‍ തുടങ്ങിയ ഇന്‍സുലിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കുന്നു. അളവ് വര്‍ധിക്കുേമ്പാള്‍ ഇന്‍സുലിന്റെ ശേഷി കുറയുന്നു.

ഷോപ്പിംഗില്‍ ശ്രദ്ധിക്കാന്‍

സാധാരണ കടകളില്‍ പോയി വാങ്ങുമ്പോള്‍ സെയില്‍സ്മാന്‍ പൊതിഞ്ഞു നല്‍കുന്ന സാധനവുമായി വീട്ടിലേക്ക്മടങ്ങേണ്ടിവരുന്നു. ആ ഉത്പന്നത്തിന്റെ വിലയല്ലാതെ മറ്റൊന്നും കടക്കാരനോ വാങ്ങിക്കുന്ന ആള്‍ക്കോ അറിയാന്‍ ഈ ഷോപ്പിംഗിലൂടെ കഴിയില്ല.സൂപ്പര്‍ മാര്‍ക്കറ്റ് ഷോപ്പിംങ്ങാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലയും ഗുണവും അളവും നോക്കിവാങ്ങാനുള്ള സൗകര്യമുണ്ട്.

പ്രമേഹ രോഗികള്‍ പായ്ക്കറ്റില്‍ വരുന്ന ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി ഭക്ഷ്യസാധനങ്ങളുടെ പായ്ക്കറ്റിന്റെ പുറത്തെ ലേബലുകള്‍ സസൂക്ഷ്മം വായിക്കണം. അതില്‍ ഉല്‍പന്നത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും.

ഉല്‍പ്പന്നം കലോറി കുറഞ്ഞതോ കൂടിയതോ എന്നും വറുത്തതോ വറുക്കാത്തതോ എന്നൊക്കെ പ്രമേഹബാധിതര്‍ അറിഞ്ഞിരിക്കണം. തണുത്തത്, പുഴുങ്ങിയത്, ഉണക്കിയത് എന്നൊക്കെയുള്ള വിവരങ്ങള്‍ ലേബലില്‍ നിര്‍മ്മാതാക്കള്‍ തന്നെ നല്‍കിയിരിക്കും. ലേബല്‍ വായിച്ചു നോക്കുമ്പോള്‍ ഈ ഉല്‍പ്പന്നം പ്രമേഹം ബാധിച്ച ഒരാള്‍ക്ക് കഴിക്കാന്‍ നല്ലതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.

×