Advertisment

കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ ശരീരത്തിനുള്ളിൽ നിന്ന് സൂചി പുറത്തേക്ക് ; മൂന്നു വയസുകാരന്റെ ശരീരത്തിൽ കണ്ടെത്തിയത് 11 സൂചികൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

New Update

ഹൈദരാബാദ്: മൂന്നു വയസുകാരന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. തെലങ്കാനയിലെ വാവപർഥിയിലാണ് ഞെട്ടിക്കുന്ന സംഭവം. വീപനഗന്ദ്ല നിവാസികളായ അശോക്-അന്നപൂർണ്ണ എന്നിവരുടെ കുഞ്ഞായ ലോക്നാഥിന്റെ ശരീരത്തിൽ ഒന്നും രണ്ടുമല്ല പതിനൊന്ന് സൂചികളാണ് ഡോക്ടർമാർ കണ്ടെത്തിയത്.

Advertisment

publive-image

കുറച്ച് ദിവസങ്ങളായി കുഞ്ഞ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതിനിടെ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ ശരീരത്തിനുള്ളിൽ നിന്ന് സൂചി പുറത്തേക്ക് നിൽക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡോക്ടറെ സമീപിച്ചത്.

തുടര്‍ന്ന് നടത്തിയ സ്കാനിംഗിലാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചികൾ കണ്ടത്. ഇടുപ്പിന്റെ ഭാഗത്തും കിഡ്നിക്ക് സമീപവുമായാണ് സൂചികൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മലദ്വാരം വഴി പുറത്തു വന്ന നിലയിലും സൂചികള്‍ കണ്ടെത്തി. പരിശോധന ഫലം കണ്ട് ഞെട്ടിയ ഡോക്ടർമാർ കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സൂചികൾ നീക്കം ചെയ്തു.

എങ്കിലും വളരെ ലോലമായ സ്ഥലങ്ങളിൽ കണ്ട കുറച്ചു സൂചികൾ നീക്കം ചെയ്യാൻ സമയം വേണമെന്നാണ് ഇവർ പറയുന്നത്.കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടിയെ ഇവര്‍ പലപ്പോഴും കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേല്‍പ്പിച്ച കുറ്റത്തിനുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർനടപടികൾക്കായി കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാരുടെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

surgery needles found
Advertisment