Advertisment

ഫിലിപ്പും എലിസബത്തും ~ മരണാനന്തരവും അവര്‍ ഒന്നുചേര്‍ന്നിരിക്കാം

author-image
athira kk
Updated On
New Update

ലണ്ടന്‍: മുത്തശ്ശി ഇപ്പോള്‍ മുത്തച്ഛനോടു ചേര്‍ന്നിരിക്കാം എന്നാണ് എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചെറുമകന്‍ ഹാരി രാജകുമാരന്‍ അനുസ്മരിച്ചത്. ബ്രിട്ടന്റെ പരമാധികാരി എന്ന നിലയില്‍ ലോകം യാത്രയയപ്പ് നല്‍കിയപ്പോഴും പലരും വിസ്മരിച്ച ഒരു സ്വകാര്യ ജീവിതത്തെക്കുറിച്ചാണ് ഹാരി തന്റെ വാക്കുകളിലൂടെ ഓര്‍മിപ്പിച്ചത്.

Advertisment

publive-image

എലിസബത്തിന് എട്ടും ഫിലിപ്പിന് പതിമൂന്നും വയസുള്ളപ്പോഴാണ് അവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. അഞ്ച് വര്‍ഷത്തിനു ശേഷം രണ്ടാമത്തെ കൂടിക്കാഴ്ച, അതോടെ പ്രണയവും തുടങ്ങിയെന്നു പറയാം. പിന്നെ ഫിലിപ്പിന്റെ മരണത്തിനു മാത്രമാണ് അവരെ വേര്‍പെടുത്താന്‍ സാധിച്ചത്. ഒടുവില്‍ ഫിലിപ്പിനരികില്‍ തന്നെ എലിസബത്തിനും അന്ത്യവിശ്രമം.

1939ല്‍ ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് നിമിത്തമായത് അന്നത്തെ രാജാവ് ജോര്‍ജ് ആറാമനായിരുന്നു എന്നത് യാദൃച്ഛികം. ഡാര്‍ട്ട്മൗത്ത് നാവിക കോളജില്‍ തന്റെയൊപ്പം എത്തിയ പെണ്‍മക്കളെ അവിടം ചുറ്റി നടന്നു കാണിക്കാന്‍ ജോര്‍ജ് ആറാമന്‍ ഏല്‍പിച്ചത് അവിടെ കേഡറ്റായിരുന്ന ഫിലിപ്പിനെ. അവിടെ വച്ചാണ് ഫിലിപ്പ് എലിസബത്തിന്‍െറ മനംകവര്‍ന്നത്. പിന്നീടവര്‍ പരസ്പരം കത്തുകളെഴുതി. ഒടുവില്‍ പ്രണയം കൊട്ടാരത്തില്‍ അറിഞ്ഞു.

ഫിലിപ്പിന്‍െറ കുടുംബ പശ്ചാത്തലം രാജകുടുംബത്തിന്റെ എതിര്‍പ്പിനു കാരണമായി. അന്ന് ഫിലിപ്പിന് സ്വന്തമായി വീട് പോലുമില്ല. ഫിലിപ്പിന്‍െറ സഹോദരിമാര്‍ ജര്‍മനിയില്‍ നിന്നാണ് വിവാഹം കഴിച്ചിരുന്നതും. ഇത് രാഷ്ട്രീയമായി ബ്രിട്ടീഷ് രാജകുടുംബത്തിന് അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. എന്നാല്‍ ഇതിനൊന്നും എലിസബത്തിനെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ഫിലിപ്പ് രാജകുമാരനെ മാത്രമെന്ന് രാജകുമാരി ശാഠ്യം പിടിച്ചു. അതിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു രാജകുടുംബത്തിന്.

തന്‍െറ ഗ്രീക്ക് ഡാനിഷ് പൗരത്വം ഫിലിപ്പ് എലിസബത്തിനു വേണ്ടി ഉപേക്ഷിച്ചു. നാവികസേനയിലെ ഉദ്യോഗവും രാജിവച്ചു. അതിനു പിന്നാലെ ഫിലിപ്പിന് രാജകുടുംബം ഡ്യൂക്ക് ഓഫ് എഡിന്‍ബറോ എന്ന പദവി നല്‍കി. അങ്ങനെ 1946ല്‍ എലിസബത്തും ഫിലിപ്പും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. 1947ലാണ് ഇക്കാര്യം രാജകുടുംബം പരസ്യപ്പെടുത്തിയത്. അതേ വര്‍ഷം നവംബറില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വെച്ചായിരുന്നു വിവാഹം. അന്നു മുതല്‍ 99 വയസു വരെ ഫിലിപ്പ് രാജകുമാരന്‍ രാജ്ഞിയുടെ നിഴലായി കഴിഞ്ഞു. എന്നാല്‍, വിവാഹത്തിനു ശേഷവും മക്കള്‍ക്ക് ഫിലിപ്പിന്‍െറ പേര് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

Advertisment