Advertisment

ഹിജാബ് ധരിക്കാൻ വിസമ്മതിച്ച യു എസ് ലേഖികയുടെ അഭിമുഖം ഇറാൻ പ്രസിഡന്റ് റദ്ദാക്കി 

author-image
athira kk
Updated On
New Update

വാഷിംഗ് ടൺ: പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തക ക്രിസ്റ്റിയാൻ അമൻപൗറിനു അനുവദിച്ച അഭിമുഖം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി റദ്ദാക്കി. അമൻപൗർ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ വിസമ്മതിച്ചു എന്നതാണ് കാരണം.

Advertisment

publive-image

ഹിജാബ് ശരിയായി ധരിച്ചില്ല എന്നതിന്റെ പേരിൽ ടെഹ്റാനിൽ മഹ്‌സ അമീനി എന്ന 22 കാരിയെ സദാചാര പൊലീസ് അറസ്റ്റ് ചെയ്യുകയും അവർ കസ്റ്റഡിയിൽ മരിക്കയും ചെയ്തതിനെ തുടർന്നു തെരുവുകളിൽ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് ബ്രിട്ടീഷ് ഇറാനിയൻ പൗരത്വമുള്ള സി എൻ എൻ ചീഫ് ഇന്റർനാഷണൽ ആങ്കർ റൈസിയോട് സംസാരിക്കാൻ തീരുമാനിച്ചത്.

ഇറാനിലെ പ്രകടനങ്ങളെ കുറിച്ച് സംസാരിക്കാനാണ് താൻ ഉദ്ദേശിച്ചിരുന്നതെന്നു അവർ ട്വീറ്റ് ചെയ്തു. യു എൻ സമ്മേളനത്തിന് ന്യു യോർക്കിലുള്ള റൈസി  അമേരിക്കൻ മണ്ണിൽ ആദ്യമായി ഒരു വാർത്താ മാധ്യമത്തെ കാണാനുള്ള സാധ്യത ആയിരുന്നു അത്. "ആഴ്ചകളോളം ആസൂത്രണം ചെയ്ത പരിപാടി ആയിരുന്നു," അമൻപൗർ പറഞ്ഞു. "എട്ടു മണിക്കൂർ കൊണ്ട് പരിഭാഷയ്ക്കുള്ള സംവിധാനം ശരിയാക്കി. ലൈറ്റുകളും ക്യാമറയും എല്ലാം തയാറാക്കി. പക്ഷെ  പ്രസിഡന്റ്  റൈസിയെപ്പറ്റി ഒരു വിവരവുമില്ല."

പ്രസിഡന്റിനു വേണ്ടി 40 മിനിറ്റ് കാത്തു നിന്നുവെന്നു അവർ പറഞ്ഞു. അത്രയും സമയം കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ സഹായി വന്നു പറഞ്ഞത് മുഹറം-സഫർ വിശുദ്ധ മാസങ്ങൾ ആയതിനാൽ ഹിജാബ് ധരിക്കണമെന്നു റൈസി ആവശ്യപ്പെട്ടുവെന്ന്.

"ഞാൻ സൗമ്യമായി നിരസിച്ചു. നമ്മൾ ന്യു യോർക്കിലാണ്. ഇവിടെ സ്‌കാർഫ് ധരിക്കണമെന്നു നിയമമോ കീഴ്വഴക്കമോ ഇല്ല. ഇറാനു പുറത്തു അഭിമുഖം നടത്തുമ്പോൾ ഒരു ഇറാൻ പ്രസിഡന്റും ഇങ്ങിനെ ഒരാവശ്യം ഉന്നയിച്ചിട്ടില്ല."

ഹിജാബ് ധരിക്കണമെന്ന നിർദേശം ആവർത്തിച്ച് ഉന്നയിച്ചെങ്കിലും താൻ വഴങ്ങിയില്ലെന്നു അമൻപൗർ പറഞ്ഞു. ഒടുവിൽ അഭിമുഖം റദ്ദാക്കിയതായി ഇറാൻ അറിയിച്ചു. "ഇറാനിൽ പ്രതിഷധം തുടരുകയും ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്ന നേരത്തു പ്രസിഡന്റ് റൈസിയുമായി സംസാരിക്കുന്നതു വളരെ പ്രധാനമായിരുന്നു," അവർ പറഞ്ഞു.

ഇറാന്റെ തെരുവുകളിൽ ബുധനാഴ്ച ജനങ്ങൾ സുരക്ഷാ ഭടന്മാർക്ക് നേരെ കല്ലെറിഞ്ഞു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. സ്ത്രീകൾ പരസ്യമായി ശിരോവസ്ത്രം കത്തിച്ചു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു,  ആയിരത്തിലേറെ ആളുകളെ അറസ്റ്റ് ചെയ്തു.

 

 

 

 

 

 

Advertisment