Advertisment

സര്‍ക്കാരിനെ പിന്നിലാക്കി സിന്‍ഫെയ്‌ന്റെ ബദല്‍ ബജറ്റും ജീവിതച്ചെലവ് പായ്ക്കേജും

author-image
athira kk
Updated On
New Update

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജനങ്ങളുടെ ജീവിതച്ചെലവുകളില്‍ ആശ്വാസം നല്‍കാനും വിന്ററില്‍ ഊര്‍ജ്ജ വിലകള്‍ പിടിച്ചുനിര്‍ത്താനും പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിന്‍ഫെയ്ന്‍. ഇടത്തരക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി മുന്നോട്ടുവെച്ചിട്ടുള്ളതെന്നത് പ്രത്യേകം ശ്രദ്ധേയമായി.ഇത് കൈയ്യടി നേടുന്നതിനുള്ള പ്രഖ്യാപനങ്ങളല്ലെന്നും യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ വിജയകരമായി നടപ്പാക്കിയവയാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.യൂറോപ്പിലെ ഒമ്പതോ പത്തോ രാജ്യങ്ങളില്‍ ഇത് യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ ഇയു കമ്മീഷന്‍ പ്രഖ്യാപിച്ച പദ്ധതികളാണിത്. ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനവും ഇച്ഛാശക്തിയും മാത്രമാണ് വേണ്ടത്. സിന്‍ ഫെയ്നിന് അതുണ്ടെന്ന് ഡോഹര്‍ട്ടി പറഞ്ഞു.

Advertisment

publive-image

1.6 ബില്യണ്‍ യൂറോയുടെ ആശ്വാസ പദ്ധതികള്‍

പാര്‍ട്ടി ആവിഷ്‌കരിച്ച ബദല്‍ ബജറ്റിലെ ജീവിതച്ചെലവ് പാക്കേജിലാണ് 1.6 ബില്യണ്‍ യൂറോയുടെ ആശ്വാസ പദ്ധതികള്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി ഈ വര്‍ഷം 13.5 ബില്യണ്‍ യൂറോ അധികമായി ചെലവിടണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു.

അടിയന്തര ജീവിതച്ചെലവ് പാക്കേജിനായി ഈ വര്‍ഷത്തെ 4.1 ബില്യണ്‍ യൂറോയുടെ പദ്ധതിയും അടുത്ത വര്‍ഷത്തേക്കുള്ള 9.4 ബില്യണ്‍ യൂറോയുടെ സ്‌കീമുകളുമാണ് പാര്‍ട്ടിയുടെ ബജറ്റിലുള്ളത്.സര്‍ക്കാരിന്റെ ബജറ്റിലുള്ളതിനേക്കാള്‍ വളരെ കൂടിയ തുകയാണ് ഇതിനായി സിന്‍ഫെയ്ന്‍ ബജറ്റ് നീക്കിവച്ചിട്ടുള്ളത്. 6.7 ബില്യണ്‍ യൂറോയാണ് സര്‍ക്കാരിന്റേത്.

ചൈല്‍ഡ് കെയര്‍ ഫീസ് വെട്ടിക്കുറയ്ക്കും

ഈ വര്‍ഷവും അടുത്തവര്‍ഷവുമായി ചൈല്‍ഡ് കെയര്‍ ഫീസ് മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കുമെന്ന് പാര്‍ട്ടി പറയുന്നു. ഒപ്പം ഒക്ടോബര്‍ മുതല്‍ ചൈല്‍ഡ് ബെനിഫിറ്റ് പേയ്‌മെന്റുകള്‍ ഒരു കുട്ടിയ്ക്ക് 140 യൂറോയെന്ന നിലയില്‍ ഇരട്ടിയാക്കും. പെട്രോള്‍, ഡീസല്‍, ഹോം ഹീറ്റിംഗ് ഓയില്‍, വൈദ്യുതി, ഗ്യാസ് എന്നിവയുടെ നികുതി കുറയ്ക്കും.കാര്‍ബണ്‍ നികുതി വര്‍ധിപ്പിക്കുന്നത് ഒഴിവാക്കും.അടുത്ത മാസം മുതല്‍ വര്‍ക്കിംഗ് ഏജ്, പെന്‍ഷന്‍ പേയ്‌മെന്റുകള്‍ 15 യൂറോ വര്‍ധിപ്പിക്കും.2023 ലെ ബജറ്റിലെ മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന ബജറ്റാണ് പാര്‍ട്ടി കൊണ്ടു വന്നിട്ടുള്ളതെന്ന് പാര്‍ട്ടി ലീഡര്‍ മേരി ലൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

വൈദ്യുതി നിരക്ക് പകുതിയാക്കും

വൈദ്യുതി നിരക്ക് 2021ലെ നിലവാരത്തിലേയ്ക്ക് എത്തിച്ചാല്‍ മാത്രമേ ആളുകളുടെ ജീവിതച്ചെലവിന്റെ യഥാര്‍ഥ വ്യാപ്തി മനസ്സിലാക്കാനാകൂയെന്ന് സിന്‍ ഫെയിനിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി പറഞ്ഞു.വീടുകളുടെ വൈദ്യുതി ബില്ലുകള്‍ പകുതിയിലധികം കുറയണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ഡോഹര്‍ട്ടി പറഞ്ഞു.

ഈ വര്‍ഷം മുഴുവന്‍ ഇത്തരം നടപടികള്‍ക്കായി 900 മില്യണ്‍ യൂറോയും അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 700 മില്യണ്‍ യൂറോയും പാര്‍ട്ടി അനുവദിച്ചിട്ടുണ്ടെന്ന് ഡോഹെര്‍ട്ടി പറഞ്ഞു.വില വര്‍ധനവു കൂടി മുന്നില്‍ക്കണ്ടാണ് ഈ പായ്ക്കേജ് അവതരിപ്പിക്കുന്നത്. വിന്ററില്‍ ഹോള്‍ സെയില്‍ വില ഉയരുന്നത് മുന്നില്‍ക്കണ്ട് 230 മില്യണ്‍ യൂറോ കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് വിവിധ പേമെന്റുകള്‍ നിശ്ചയിച്ചിട്ടുള്ളത്.21,300 ശമ്പളമുള്ളവര്‍ക്ക് 500 യൂറോ അധികമായി ലഭിക്കുമ്പോള്‍ 40,000 യൂറോ വരുമാനമുള്ളവര്‍ക്ക് 300 യൂറോയെ ലഭിക്കുകയുള്ളുവെന്ന് ഡോഹര്‍ട്ടി ചൂണ്ടിക്കാട്ടി.

Advertisment