Advertisment

ബൈഡൻ ഇല്ലെങ്കിൽ പിന്നെ ആരെന്ന ചർച്ച പാർട്ടിയിൽ സജീവമാകുന്നു 

author-image
athira kk
Updated On
New Update

ന്യൂയോർക്ക്: പ്രസിഡന്റ് ജോ ബൈഡൻ 2024 ൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നു വ്യക്തമാക്കിയതോടെ ആരാവും ഡെമോക്രാറ്റിക് സ്ഥാനാർഥി എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേരാണ് ആദ്യം   വരുന്നതെങ്കിലും അവരുടെ ജനകീയ മതിപ്പു വളരെ ആശാവഹമല്ല എന്നതു കൊണ്ട് പാർട്ടി വൃത്തങ്ങൾ തന്നെ മറ്റു പേരുകൾ കൂടി ചർച്ച ചെയ്തു തുടങ്ങി.

Advertisment

publive-image

ഹാരിസ് (57) തന്നെയാണ് മുന്നിൽ എന്നതിൽ തർക്കമില്ല. ബൈഡൻ വീണ്ടും മത്സരിച്ചാൽ അവർ തന്നെയാവും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും എന്നാണ് ഡെമോക്രാറ്റിക് വൃത്തങ്ങൾ കരുതുന്നത്. അവരെ നീക്കം ചെയ്തു മറ്റൊരാളെ കൊണ്ടു വരുന്നതിൽ അഭംഗിയുണ്ടല്ലോ. അതിനു ബൈഡനെപ്പോലെ ഒരാൾ നിൽക്കില്ല എന്നാണ് പാർട്ടി കരുതുന്നത്. മാത്രമല്ല, അത്തരമൊരു മാറ്റം ഉണ്ടായാൽ മത്സരത്തിൽ കഷ്ടപ്പാടുണ്ടാവുമോ എന്ന ആശങ്കയുമുണ്ട്.

ഹാരിസിന്റെ കൈയിൽ ഒരു നല്ല കാർഡുണ്ട്. സുപ്രീം കോടതി ഗർഭഛിദ്ര അവകാശം എടുത്തു കളഞ്ഞതോടെ ആ വിഷയം ദേശീയ തലത്തിൽ തന്നെ വളരെ പ്രധാനമായി മാറിയിരിക്കെ സ്ത്രീകളുടെ പക്ഷത്തു നിന്ന് ഉറച്ച നിലപാടുകൾ എടുക്കുന്ന നേതാവെന്ന മതിപ്പു അവർ നേടിയിട്ടുണ്ട്. ശക്തമായ ഭാഷയിൽ തന്നെ ഹാരിസ് ആ വിഷയം അവതരിപ്പിക്കുന്നു.

എന്നാൽ കുടിയേറ്റ വിഷയത്തിൽ അവർ വേണ്ട പുരോഗതി കൈവരിച്ചിട്ടില്ല എന്നതൊരു സത്യമാണ്. റിപ്പബ്ലിക്കൻ ഗവർണർമാർ അഭയാർത്ഥികളെ കൂട്ടമായി ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലേക്ക് അയക്കുമ്പോൾ ഹാരിസിനെ ആക്രമിക്കാൻ മടിച്ചിട്ടില്ല. അവരുടെ വീട്ടിനു മുന്നിൽ തന്നെ ഒരു ബസ് നിറയെ അഭയാർത്ഥികളെ ഇറക്കി വിട്ടു. എന്നാൽ പ്രശ്നമുള്ള തെക്കൻ  അതിർത്തിയിൽ  ഹാരിസ് എത്തിച്ചേർന്നതു തന്നെ വളരെ വൈകിയാണ്.

കുടിയേറ്റ വിഷയത്തിൽ ചർച്ചയ്ക്കു റിപ്പബ്ലിക്കൻ നേതാക്കളെ ബൈഡൻ പരസ്യമായി ക്ഷണിച്ചിട്ടുണ്ട്.  എന്നിട്ടും ഹാരിസ് നിയമനിർമാണത്തിനു മുൻകൈയെടുത്തിട്ടില്ല എന്ന വിമർശനമുണ്ട്. രണ്ടു ഡെമോക്രാറ്റിക് ഗവർണർമാരെ പാർട്ടി ഉറ്റു നോക്കുന്നുണ്ട്. ഒന്ന്, മിഷിഗണിലെ ഗ്രെച്ചെൻ വിറ്റ്മർ. ബൈഡൻ 2020 ൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പരിഗണിച്ച അവർ നവംബറിൽ വീണ്ടും ഗവര്ണറാവും എന്നാണ് പോളിംഗ് ഫലങ്ങൾ പറയുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി റ്യുഡർ ഡിക്സണ് എതിരെ 16 പോയിന്റ് ലീഡുള്ള അവർ പൊതു തിരഞ്ഞെടുപ്പിൽ യുദ്ധക്കളങ്ങളിൽ ഒന്നാവുന്ന സംസ്ഥാനത്തു ഏറെ ആദരമുള്ള നേതാവുമാണ്.

ഗർഭഛിദ അവകാശത്തെ പിന്തുണയ്ക്കുന്നു വിറ്റ്മർ. മിഷിഗണിൽ നിരോധനം വരാതിരിക്കാൻ അവർ നിയമനടപടി എടുത്തിട്ടുമുണ്ട്. ഡെമോക്രാറ്റുകളുടെ കോട്ടകളിൽ ഒന്നായ കലിഫോണിയയിലെ ഗവർണർ ഗവിൻ ന്യൂസം (54) ആണ് മറ്റൊരു സാധ്യത. ജൂലൈയിൽ ഫ്ളോറിഡയുടെ റിപ്പബ്ലിക്കൻ ഗവർണരുടെ നയങ്ങളെ കടന്നാക്രമിച്ചു പരസ്യമിറക്കി ശ്രദ്ധ ആകർഷിച്ച അദ്ദേഹത്തിനു പ്രസിഡൻഷ്യൽ മോഹങ്ങൾ സ്വാഭാവികം. ബൈഡൻ മാറി നിന്നാൽ തീർച്ചയായും ഏറെ മതിപ്പുള്ള ഈ ഗവർണറെ പ്രതീക്ഷിക്കാം.

തന്റെ സംസ്ഥാനത്തു ഗർഭഛിദ്രം ഇപ്പോഴും അനുവദിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി മിസിസിപ്പി, ടെക്സസ്, ഇന്ത്യാന, ഒക്‌ലഹോമ തുടങ്ങിയ യാഥാസ്ഥിതിക സംസ്ഥാനങ്ങളിൽ അദ്ദേഹം പരസ്യ ബോർഡുകൾ വച്ചു.  ബൈഡന്റെ ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗിഗ് ആണ് സാധ്യതയുള്ള മറ്റൊരാൾ. 40 വയസു മാത്രമുള്ള അദ്ദേഹം പാർട്ടിയിലെ ഉയരുന്ന താരമാണ്. രാജ്യമൊട്ടാകെ നിരവധി പദ്ധതികൾക്കു മുൻകൈയെടുത്തു പാർട്ടിയിൽ ഏറെ മതിപ്പു നേടി.

പ്രസിഡന്റ് സ്ഥാനത്തേക്കു പാർട്ടി ടിക്കറ്റ് നേടി തോറ്റിട്ടുള്ള രണ്ടു പ്രമുഖ സെനറ്റർമാർ രംഗത്തുണ്ട്. മാസച്ചുസെറ്സിൽ നിന്നുള്ള എലിസബത്ത് വാറൻ (73), വെർമണ്ട് സെനറ്റർ ബെർണി സാന്ഡേഴ്സ (81).  ഗർഭഛിദ്ര അവകാശം, കാലാവസ്ഥാ മാറ്റം, തോക്കു നിയന്ത്രണം തുടങ്ങി പാർട്ടിക്കു പ്രിയപ്പെട്ട വിഷയങ്ങളിൽ മുൻനിര പോരാളിയാണ് വാറൻ. സാൻഡേഴ്സിന്റെ പ്രായം ഒരു വിഷയമാണെങ്കിലും യുവ നിരകളിൽ പോലും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് പിന്തുണയുണ്ട്.

ന്യു യോർക്കിലെ റെപ്. അലക്സാൻഡ്രിയാ ഒകാഷ്യോ-കോർട്ടസ് അഥവാ എ ഓ സിക്കു പ്രസിഡന്റ് സ്ഥാനാർഥിയാവാൻ പ്രായം തന്നെ ആയില്ല. എങ്കിലും പാർട്ടി അവരെ നോട്ടമിട്ടിട്ടുണ്ട്. നോമിനേഷനു മുൻപ് 35 വയസാവും എന്നതു കൊണ്ട് അവർക്കു മത്സരിക്കാൻ കഴിയും. എന്നാൽ വ്യക്തമായ ഇടതു പക്ഷ ചായ്വുള്ള അവരുടെ സാന്നിധ്യം വിവാദങ്ങൾക്കു തിരി കൊളുത്തും എന്ന ആശങ്കയും പാർട്ടിക്കുണ്ട്.

Advertisment