Advertisment

കോണ്‍ക്രീറ്റ് ലെവി ഭവന നിര്‍മ്മാണച്ചെലവ് വന്‍തോതില്‍ ഉയര്‍ത്തിയേക്കും

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 10% ലെവി ഒടുവില്‍ വീടു നിര്‍മ്മിക്കുന്നവരുടെയും ,വാങ്ങുന്നവരുടെയും പോക്കറ്റില്‍ വന്നുചേരുമെന്ന് ആശങ്ക. ലെവി നിലവില്‍ വന്നാല്‍ ഭവനനിര്‍മ്മാണച്ചെലവ് വലിയ തോതില്‍ ഉയര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. വീട് നിര്‍മ്മാണച്ചെലവില്‍ ചുരുങ്ങിയത് 3,000 യൂറോയുടെ വര്‍ധനവെങ്കിലും ഉണ്ടായേക്കാമെന്നാണ് കണക്കാക്കുന്നത്.

Advertisment

publive-image

മൈക്ക റിഡ്രസ്സ് സ്‌കീമിന്റെ നഷ്ടപരിഹാരം നല്‍കുന്നതിന് തുക കണ്ടെത്താനാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും 10% പുതിയ ബജറ്റില്‍ നിര്‍മ്മാണ വ്യവസായത്തിന് ലെവി ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.മൈക്ക പ്രശ്നങ്ങള്‍ ബാധിച്ച വീട്ടുടമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രതിവര്‍ഷം 80 മില്യണ്‍ യൂറോയാണ് ആവശ്യമായുള്ളത്. എന്നാല്‍ ഈ ലെവി ആത്യന്തികമായി ഉപഭോക്താവിനെയാകും ബാധിക്കുകയെന്ന് നിര്‍മ്മാണ വ്യവസായികള്‍ പറയുന്നു.

ബ്രക്‌സിറ്റ്, കോവിഡ് ,ഉക്രൈയ്ന്‍ യുദ്ധം എന്നിവ മൂലം നിര്‍മ്മാണ മേഖലയാകെ പ്രതിസന്ധിയിലാണ്.സാധന സാമഗ്രികളെത്തിക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്.അത് വ്യവസായ മേഖലയെ തളര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലെവിയുടെ അധിക ഭാരം കൂടി താങ്ങാന്‍ ഇവര്‍ക്കാവില്ല. അതിനാല്‍ അത് വീടു നിര്‍മ്മിക്കാനെത്തുന്നവര്‍ക്കുമേല്‍ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഫലത്തില്‍ ആദ്യമായി വീടുകള്‍ വാങ്ങുന്നവര്‍ക്കും വീട് വിപുലീകരിക്കുന്നവര്‍ക്കും അഫോര്‍ഡബിളും സോഷ്യല്‍ ഹൗസിംഗ് സ്‌കീമിലുള്‍പ്പെട്ടവര്‍ക്കുമെല്ലാം ഈ ലെവി ബാധകമായേക്കും.

അതിനിടെ ലെവി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുള്ള കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.ഇത്തരമൊരു പരിഷ്‌കാരം വരുത്തുമ്പോള്‍ അത് ജനങ്ങളെ ഏതു രീതിയില്‍ ബാധിക്കുമെന്നൊക്കെ വിലയിരുത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ അതൊന്നുമുണ്ടായിട്ടില്ലെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്‍ പറഞ്ഞു.

ഈ ലെവി വലിയ ഭാരമാണ് നിര്‍മ്മാതാക്കള്‍ക്ക് മേല്‍ കൊണ്ടു വരിക.അത് സ്വന്തം വരുമാനത്തില്‍ നിന്നും എടുക്കാന്‍ കഴിയില്ല. അത് വീടു നിര്‍മ്മിക്കുന്നവരില്‍ നിന്നും ഈടാക്കുകയാവും ചെയ്യുക. ഇത് വീടുകളുടെ നിര്‍മ്മാണച്ചെലവ് 1500യൂറോയെങ്കിലും ഉയര്‍ത്തുമെന്ന് ഐറിഷ് ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്റെ ഹൗസിംഗ് ആന്‍ഡ് പ്ലാനിംഗ് ഡയറക്ടര്‍ കോനോര്‍ ഒ’കോണെല്‍ പറഞ്ഞു.

ചെറുകിട ഇടത്തരം ഹൗസ് ബില്‍ഡര്‍മാര്‍ക്ക് കാര്യമായ ലാഭമൊന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ ലഭിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.നിയന്ത്രണ ചെലവുകളും മറ്റ് നികുതികളും ലെവികളുമെല്ലാം ഒടുവില്‍ വീടുകള്‍ നിര്‍മ്മിക്കുന്നവരുടെയും അതുവഴി വീട് വാങ്ങുന്നവരുടെയും ചുമലിലാകും ഒടുവില്‍ വന്നുചേരുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഇദ്ദേഹം പറയുന്നു.

Advertisment