Advertisment

കാറ്റു കടന്നു പോയപ്പോൾ എല്ലാം നശിച്ച വിറങ്ങലിൽ ഫ്ളോറിഡ

author-image
athira kk
New Update

ഫ്ളോറിഡ: 'എല്ലാം നശിച്ചു' എന്നതാണ് എല്ലാവർക്കും പറയാനുള്ളത്. ഇയാൻ കൊടുംകാറ്റ് കടന്നു പോയപ്പോൾ ഫ്‌ളോറിഡ ഏറ്റവും ഒടുവിൽ കേൾക്കുന്ന മരണങ്ങളുടെ കണക്ക് 82 ആണ്. പതിനായിരത്തിലേറെ ആളുകൾ അഭയകേന്ദ്രങ്ങളിൽ കഴിയുന്നു.

Advertisment

publive-image

പ്രായം ചെന്ന ഭാര്യയും ഭർത്താവും ഓക്സിജൻ കിട്ടാതെ മരിച്ച കഥയും ഫ്‌ളോറിഡ കേട്ടു. വൈദ്യുതി നഷ്ടമായപ്പോൾ യന്ത്രം പ്രവർത്തിക്കാതിരുന്നതാണ് കാരണം.  ഫ്‌ളോറിഡയിൽ 850,000 ഉപയോക്താക്കളാണ്

ഇപ്പോൾ വൈദ്യുതി കാത്തിരിക്കുന്നത്.

ഇന്ധനക്ഷാമവും രൂക്ഷമാണ്. ലീ കൗണ്ടിയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ മണിക്കൂറുകൾ ക്യൂ നിന്നവർ തമ്മിൽ വഴക്കുണ്ടായപ്പോൾ ഒരു സ്ത്രീ തോക്കെടുത്തു ചൂണ്ടിയെന്നു റിപ്പോർട്ടുണ്ട്. "ഗ്യാസൊക്കെ എവിടെ പോയി?" ആറു മണിക്കൂർ ക്യൂവിൽ നിന്ന ഗാരി ജാവോസ്കി ചോദിച്ചു. "എല്ലാ ഗ്യാസ് സ്റ്റേഷനിലും ജനറേറ്റർ വേണ്ടതല്ലേ," അദ്ദേഹം 'ന്യുയോർക്ക് ടൈംസി'നോടു പറഞ്ഞു.

മറ്റൊരാൾ പത്രത്തോടു പറഞ്ഞത് രണ്ടു ദിവസം ട്രക്കുമായി എത്തി ഗ്യാസിനു കാത്തു നിന്നുവെന്നാണ്. കിട്ടിയില്ല. പതിനായിരങ്ങൾ വെള്ളവും വെളിച്ചവും മറ്റു അടിയന്തര ആവശ്യങ്ങളും ഇല്ലാതെ വിഷമിക്കയാണ്.പുനർനിർമാണ ജോലികൾക്കു സംസ്ഥാനത്തിന് നിരവധി ബില്യൺ ഡോളറുകൾ വേണം.

രക്ഷാ പ്രവർത്തകർ വീട് തോറും കയറി ഇറങ്ങി ജീവനോടെ ഇരിക്കുന്നവരെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്നു. മരിച്ചവരെ നീക്കം ചെയ്യുന്നതും അവരുടെ ജോലിയാണ്. ഞായറാഴ്ച രാവിലെ ലഭ്യമായ കണക്കനുസരിച്ചു ആയിരത്തിലേറെ ആളുകളെ രക്ഷപെടുത്തിയിട്ടുണ്ട്.

റോഡുകൾ തകർന്നു പോയ തീരപ്രദേശത്തു പലേടത്തും ബോട്ടുകളിലാണ് അവർ എത്തുന്നത്.

പൈൻ ഐലൻഡിൽ വീടുകൾ മുഴുവൻ തകർന്നു. ബോട്ടുകൾ റോഡുകളിൽ ഒഴുകിയെത്തി.

"ഞങ്ങളെല്ലാം മരിക്കാൻ പോവുകയാണെന്നു ഞാൻ ഭയന്നു," ക്ലെയർ എന്ന സ്ത്രീ പറഞ്ഞു. കാറ്റു വരുമ്പോൾ വീട്ടിൽ 9 പേർ ഉണ്ടായിരുന്നു. "വെള്ളം ഉയർന്നു കൊണ്ടിരുന്നു. ഞാൻ മുറിയിലിരുന്നു കുരിശു വരച്ചു കൊണ്ടിരുന്നു."

ആറായിരം പേർ താമസിക്കുന്ന സനിബെൽ ദ്വീപിൽ ഒരൊറ്റ വീടിനും ഇപ്പോൾ മേൽകൂരയില്ല. ബീച്ചിലെ  കോട്ടെജുകളും മോട്ടലും ബാക്കിയില്ല. സിറ്റി മാനേജർ ദാന സൂസ പറഞ്ഞു: "എല്ലാം പോയി, എല്ലാം."

മയാമി ഹെറാൾഡിനോട് സംസാരിച്ച എഡ് മാഡന് ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. "സത്യം പറഞ്ഞാൽ എങ്ങോട്ടു പോകണമെന്ന് അറിയില്ല," 60 വയസുള്ള എഡ് പറഞ്ഞു.

പുനർ നിർമാണത്തിനു 28 മുതൽ 47 ബില്ല്യൻ ഡോളർ വരെ വേണ്ടിവരുമെന്നു ഇൻഷുറൻസ് കമ്പനികൾ പറയുന്നു. ഫ്‌ളോറിഡയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പുനർ നിർമാണ യജ്ഞം.

ഇരുട്ടിൽ 

സൗത്ത് കാരോളിനയിലും വ്യാപകമായ വൈദ്യുതി നഷ്ടമുണ്ട്. ചാൾസ്റ്റന്റെ 75 മൈൽ അകലെ ഒഴിവുകാലം ചെലവഴിക്കാൻ ഒട്ടേറെപ്പേർ എത്തുന്ന പാവലിസ് ഐലണ്ടിന്റെ പകുതിയും ഇരുട്ടിലാണ്.

ശക്തി കുറഞ്ഞ ഇയാൻ മൂലം വിർജിനിയ, വെസ്റ്റ് വിർജിനിയ, മെരിലാൻഡ്, പെൻസിൽവേനിയ എന്നിവിടങ്ങളിൽ മഴയുണ്ടാകുമെന്നു നാഷനൽ ഹരിക്കേൻ സെന്റർ പറഞ്ഞു.

വരുന്നു ഓർലിൻ 

ഈസ്റ്റ് പാസിഫിക് സീസണിലെ 16ആം കൊടുംകാറ്റ് ഓർലിൻ മെക്സിക്കോയെ സമീപിക്കുന്നുവെന്നു നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. അതിന്റെ ഈർപ്പം യു എസിലും പ്രതിഫലിക്കാം.

 

 

 

 

 

 

 

Advertisment