Advertisment

ന്യു യോർക്കിലെ അഭയാർത്ഥികൾ ശുചീകരണ ജോലിക്കു ഫ്ളോറിഡയിലേക്ക് 

author-image
athira kk
New Update

ഫ്ളോറിഡ: വയറു വിശക്കുന്നു, ന്യു യോർക്കിൽ ജോലി ഇല്ല. രാഷ്ട്രീയ കാർഡുകളാക്കി ടെക്സസും ഫ്‌ളോറിഡയും ന്യു യോർക്കിൽ കൊണ്ടു തള്ളിയ അഭയാർത്ഥികൾ ശുചീകരണ ജോലികൾ ചെയ്യാൻ ഇയാൻ കൊടുംകാറ്റ്  തകർത്ത ഫ്ളോറിഡയിലേക്കു പോവുകയാണ്. ആരാണ് കൊണ്ടു പോകുന്നതെന്നോ എന്താണ് അവിടെ തങ്ങളെ കാത്തിരിക്കുന്നതെന്നോ അറിയാതെയാണ് വെനസ്വേലയിലെ കൊടും ദാരിദ്ര്യത്തിൽ നിന്നു പലായനം ചെയ്ത അവർ പോകുന്നത്.

Advertisment

publive-image

അഭയാർത്ഥികളെ അയക്കാൻ നടപടിയൊന്നും എടുത്തിട്ടില്ലെന്നു മേയർ എറിക് ആഡംസിന്റെ ഓഫീസ്  അറിയിച്ചു. ദുരന്തനിവാരണ ചുമതലയുള്ള ഫെമയും അതേപ്പറ്റി അറിയില്ലെന്നു പറഞ്ഞതായി 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

ക്വീൻസിലെ കൊറോണായിൽ നിന്നു ബസുകളിൽ കയറിയാണ് അഭയാർത്ഥികൾ പോവുക. മണിക്കൂറിൽ 15 ഡോളറാണ് പ്രതിഫലമെന്നു ഹവിയർ മൊറാനോ എന്ന അഭയാർത്ഥി പറഞ്ഞു. ഓവർടൈം 15 ഡോളർ. ഭക്ഷണത്തിനു ദിവസവും 15 ഡോളർ. ഇതാണ് വാഗ്ദാനം.

"ഞാൻ പോകുന്നു. ഇവിടെ ന്യു യോർക്കിൽ ജോലിയൊന്നും ഇല്ല. അത് കൊണ്ടാണ് ഏറെപ്പേർ പോകുന്നത്." വെള്ളവും അവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്ന ഒരു  കമ്പനിയാണ് ഈ നീക്കത്തിൽ എന്ന് ഒരു വാനിന്റെ ഡ്രൈവർ പറഞ്ഞു. പക്ഷെ സ്ഥാപനം ഫോൺ കോളുകൾ എടുക്കുന്നില്ല.

എത്ര അഭയാർത്ഥികൾ ഇതിനകം പോയി എന്ന് അയാൾക്കു അറിയില്ല.

"ഞങ്ങൾ എല്ലാവരും പോകും," ഒരു അഭയാർത്ഥി വനിത പറഞ്ഞു. ആരാണ് ജോലി തരുന്നതെന്നു ചോദിച്ചപ്പപ്പോൾ പക്ഷെ അവർ പറഞ്ഞത് തനിക്ക് അറിയില്ലെന്നാണ്.

ഞായറാഴ്ച രാവിലെ 8 മണിക്കു കുറേപ്പേർ പോയെന്നു കണ്ടവർ പറയുന്നു. കാമില എന്നൊര സ്ത്രീയാണത്രെ ജോലി വാഗ്ദാനം ചെയ്‌തത്‌. നൂറോളം പേർ പോയി എന്നു  വെനസ്വേലയിൽ നിന്നുള്ള ഒരു അഭയാർത്ഥി പറഞ്ഞു. എന്നാൽ ഒട്ടേറെ സംശയങ്ങൾ ഉള്ളതു കൊണ്ട് താൻ പോകുന്നില്ല.

ടെക്സസിൽ നിന്നാണ് ഗോഥമിൽ എത്തിയതെന്നു വെനസ്വേലയിൽ നിന്നുള്ള ഗ്രിഗോറിയോ അവില (22) പറഞ്ഞു. ടെക്സസ് ഒരു ബസിൽ കയറ്റി അയച്ചു. ഒരു സ്ത്രീയാണ് ഫ്‌ളോറിഡയിൽ ജോലിയുണ്ടെന്നു പറഞ്ഞു കരാർ ഒപ്പിടുവിച്ചത്.

പ്രസിഡന്റ് ബൈഡന്റെ കുടിയേറ്റ നയത്തിൽ പ്രതിഷേധിക്കാൻ ഡെമോക്രറ്റിക് സംസ്ഥാനങ്ങളിലേക്ക് അഭയാർത്ഥികളെ തള്ളി വിടുന്നത് റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ നയമാക്കിയിട്ടുണ്ട്.

ഏതാനും അഭയാർത്ഥികൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത ജെന്നിഫർ എന്ന നഴ്‌സ് പറഞ്ഞു: "അവരെ കണ്ടു എന്റെ ഹൃദയം തകർന്നു പോയി. അവർ വിശന്നിരിപ്പായിരുന്നു."

 

 

 

 

 

Advertisment