Advertisment

അയര്‍ലണ്ടില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പ്ലാനിംഗ് അനുമതി ആവശ്യമില്ല

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സോളാര്‍ വസന്തത്തിന് അവസരമൊരുക്കി നയങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. വീടുകളിലും മറ്റു കെട്ടിടങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പ്ലാനിംഗ് അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.ഇതു സംബന്ധിച്ച ഉത്തരവില്‍ ഭവന മന്ത്രി ഡാരാ ഓ ബ്രിയന്‍ ഒപ്പുവെച്ചു.

Advertisment

publive-image

അയര്‍ലണ്ടിന്റെ സൗരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും വേണ്ടിയാണ് ഇളവുകള്‍ നല്‍കുന്നത്. അടുത്തുവരുന്ന ശീതകാലത്ത് തന്നെ വൈദ്യുതി ക്ഷാമം ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് അനുമതി വേണ്ടെന്ന തീരുമാനം ഉണ്ടാവുന്നതെന്നും ശ്രദ്ധേയമാണ്.

ഇനിമുതല്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാനിംഗ് പെര്‍മിഷന്‍ ഇല്ലാതെ തന്നെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാകും.ഈ നിയമം വന്നതോടെ വ്യക്തികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും ബിസിനസുകള്‍ക്കും ഫാമുകള്‍ക്കും സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അതിലൂടെ എനര്‍ജി ബില്ലുകള്‍ കുറയ്ക്കാനും കഴിയും.

മേല്‍ക്കൂരയില്‍ സ്ഥാപിക്കാവുന്ന സോളാര്‍ പാനലുകളുടെ വിസ്തീര്‍ണ്ണത്തിന് നിയമം പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല.നേരത്തേ വീടുകളില്‍ 12 ചതുരശ്ര മീറ്ററിലും ബിസിനസ്സുകളില്‍ 50 ചതുരശ്ര മീറ്ററിലും കൂടുതലുള്ള പാനലുകള്‍ക്ക് ആസൂത്രണ അനുമതി ആവശ്യമായിരുന്നു.ഈ വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.

ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയിലെ 43 സോളാര്‍ സേഫ്ഗാര്‍ഡിംഗ് സോണുകളിലെ നിയന്ത്രണങ്ങളിലും കാര്യമായ ഇളവുകള്‍ വരുത്തി.വിസ്തീര്‍ണ്ണത്തിന്റെ പരിധി 50ല്‍ നിന്ന് 300ചതുരശ്ര മീറ്ററായി ഉയര്‍ത്തി.വീടുകള്‍ക്ക് 25 ചതുരശ്രമീറ്ററില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുമതി വേണ്ട.അപ്പാര്‍ട്ടുമെന്റുകള്‍ ഒഴികെയുള്ള മറ്റ് വിഭാഗങ്ങള്‍ക്ക് ഈ പരിധി 75 ചതുരശ്ര മീറ്ററാകും.

വ്യവസായ,വ്യാപാര സ്ഥാപനങ്ങള്‍ക്കും കമ്മ്യൂണിറ്റി, വിദ്യാഭ്യാസ കെട്ടിടങ്ങള്‍ക്കും ആരാധനാലയങ്ങള്‍, ആശുപത്രികള്‍, ലൈബ്രറികള്‍, പബ്ലിക് യുട്ടിലിറ്റി സൈറ്റുകള്‍, ഫാമുകള്‍ എന്നിവയ്ക്കെല്ലാം ഇളവുകള്‍ നല്‍കിയിട്ടുണ്ട്.വ്യോമയാന സൈറ്റുകള്‍, സുരക്ഷിത മേഖലകള്‍, വാസ്തുവിദ്യാ സുരക്ഷാ ഏരിയകള്‍ എന്നിവിടങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

ഈ നടപടിക്രമങ്ങള്‍ ലളിതവുമാക്കുന്നതിലൂടെ അയര്‍ലണ്ടിനെ യൂറോപ്യന്‍ യൂണിയന്റെ സോളാര്‍ റൂഫ്‌ടോപ്പ് ഇനിഷ്യേറ്റീവിലേക്ക് കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.അടുത്ത വര്‍ഷം നടപ്പാക്കുന്ന സ്മോള്‍ സ്‌കെയില്‍ ജനറേഷന്‍ സപ്പോര്‍ട്ട് സ്‌കീമിനെയും (എസ് എസ് ജി) പുതിയ നടപടികള്‍ സഹായിക്കുമെന്ന് ഭവന മന്ത്രി പറഞ്ഞു.റിന്യൂവബിള്‍ എനര്‍ജിയിലൂടെ സീറോ കാര്‍ബണ്‍ ഭാവി സൃഷ്ടിക്കുന്നതില്‍ എല്ലാവര്‍ക്കും അവസരം നല്‍കാനാണ് പുതിയ ഇളവുകളെന്ന് ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ പറഞ്ഞു.

Advertisment