Advertisment

അപകടത്തില്‍ ഉള്‍പെട്ടവരില്‍ സ്‌കൂള്‍ കുട്ടികളും,മരണസംഖ്യ ഉയര്‍ന്നേക്കും

author-image
athira kk
New Update

ലെറ്റര്‍കെന്നി : ഡൊണഗലിലെ ക്രീസ്ലോയിലെ സര്‍വീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് അയര്‍ലണ്ട്. നിരവധി സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .ഇന്ന് മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന സൂചനകളാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ നല്‍കിയത്. മുന്‍ വിദ്യാഭ്യാസ മന്ത്രി ജോ മക്ഹഗ് അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി സ്ഥലത്തുണ്ട്.

Advertisment

publive-image

30 പേര്‍ക്ക് പരിക്കേറ്റതായി കരുതുന്നു, ചിലരുടെ അവസ്ഥ ഗുരുതരമാണ്. ഐറിഷ് ചരിത്രത്തിലെ അതീവ ദുഖകരമായ ഒരു സംഭവമാണ് ക്രീസ്ലോയിലേതെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ഓര്‍ക്കാപ്പുറത്ത് ആപ്പിള്‍ഗ്രീന്‍ സര്‍വീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയുണ്ടായ പൊട്ടിത്തെറിയാണ് അയര്‍ലണ്ടിനെ ഞെട്ടിച്ചത്.സംഭവസ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ ദൂരെവരെ സ്ഫോടന ശബ്ദം കേട്ടു. ഗ്യാസ് ചോര്‍ച്ചയാണ് സ്്ഫോടനത്തിന് കാരണമായതെന്നാണ് നിഗമനം.സംഭവത്തെ തുടര്‍ന്ന് നാടും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരേ മനസ്സോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്നു പോലും അറിയാതെയുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയിലാണ്. ഇവരെയൊക്കെ അപകടസ്ഥലത്ത് നിന്ന് എയര്‍ലിഫ്ടിലാണ് ആശുപത്രിയിലെത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ പലരും മരണത്തോട് മല്ലിടുകയാണ്. ഇവരെ രക്ഷിക്കുന്നതിനായി മറ്റ് എമര്‍ജന്‍സി ചികില്‍സകളെല്ലാം നിര്‍ത്തിവെച്ചു.മാര്‍ബിള്‍ഹില്ലിലെ ഷാന്‍ഡന്‍ ഹോട്ടല്‍ രാത്രി ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ച് എമര്‍ജന്‍സി സര്‍വീസ് ടീം അംഗങ്ങള്‍ക്ക് സൗജന്യമായി താമസസൗകര്യങ്ങള്‍ നല്‍കി.

രാത്രി മുഴുവന്‍ നീണ്ട പ്രയത്നത്തിന് ശേഷമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ച് പുറത്തെത്തിക്കാനായത്.എമര്‍ജന്‍സി സര്‍വ്വീസുകളും ഗാര്‍ഡയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്്.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള അഗ്നിശമനസേനയും ആംബുലന്‍സ് ജീവനക്കാരും സ്പെഷ്യലിസ്റ്റ് റെസ്‌ക്യൂ ടീമും സംഭവസ്ഥലത്തുണ്ട്.സ്ലൈഗോ ആസ്ഥാനമായ ഐറിഷ് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ റെസ്‌ക്യൂ 118, മള്‍റോയ് കോസ്റ്റ് ഗാര്‍ഡ് ടീമുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഈ പ്രദേശത്തേയ്ക്കുള്ള റോഡുകള്‍ അടച്ചിരുന്നു.

ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പരിക്കേറ്റവരിലേറെ പേരും കഴിയുന്നത്.പുറത്തുനിന്നുമെത്തുന്ന വളരെ അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുള്ളു. അടിയന്തര ചികില്‍സയാവശ്യമുള്ള ഒട്ടേറെയാളുകളാണ് ആശുപത്രിയിലുള്ളതെന്നും അതിനാല്‍ മറ്റു രോഗങ്ങളുമായെത്തുന്നവര്‍ ബദല്‍ സംവിധാനങ്ങള്‍ തേടണമെന്നും ആശുപത്രിയധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ട് നിലകളുള്ള അപ്പാര്‍ട്ടുമെന്റുകളുടെ മേല്‍ക്കൂര തകരുകയും വന്‍ ദുരന്തത്തിനും സ്‌ഫോടനകള്‍ക്കും വഴിമാറുകയായിരുന്നു.. അപകടം നടന്ന സൈറ്റില്‍ പെട്രോള്‍ സ്റ്റേഷന് പുറമെ , ഷോപ്പ്, ഡെലി കൗണ്ടര്‍, പോസ്റ്റ് ഓഫീസ്, ഒരു ഹെയര്‍ഡ്രെസ്സര്‍ ഷോപ്പ് എന്നിവയും പ്രവര്‍ത്തിച്ചിരുന്നു..വളരെ തിരക്കേറിയ സമയമായതിനാല്‍ നിരവധി പേര്‍ സൈറ്റിലുണ്ടായിരുന്നു. സ്ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു.നിരവധി കാറുകള്‍ക്കും നാശമുണ്ടായി.ഈ പ്രദേശത്തെ പഴയനിലയില്‍ വീണ്ടെടുക്കാന്‍ ഇനിയും സമയമെടുത്തേക്കുമെന്നാണ് കരുതുന്നത്.

അടിയന്തരരക്ഷാ സേവനപ്രവര്‍ത്തനങ്ങള്‍ രാത്രി മുഴുവന്‍ ഫ്‌ലഡ്ലൈറ്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു, ഇപ്പോഴും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ടെന്ന മുന്നറിയിപ്പാണ് രക്ഷാ സേന നല്‍കുന്നത്.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തുന്നവരും കെട്ടിടം ഇനിയും തകര്‍ന്നുവീഴുമെന്ന ആശങ്കയിലാണ്.

പ്രദേശവാസികളായ കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളുമായി രംഗത്തെത്തി എമര്‍ജന്‍സി ടീമിനെ സഹായിച്ചു.

ലെറ്റര്‍കെന്നി ബിഷപ്പ് അലന്‍ ഗുകിയനും ,പ്രാദേശിക രാഷ്ട്രീയ നേതാക്കളും ജനങ്ങള്‍ക്ക് ആശ്വാസവും,നേതൃത്വവും നല്‍കുന്നതിനായി രംഗത്തുണ്ട്. ലെറ്റര്‍കെന്നി, ആള്‍ട്ട്നാഗല്‍വിന്‍,സ്ലൈഗോ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് പരിക്കേറ്റവരെ എത്തിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ആപ്പിള്‍ ഗ്രീനിനോട് ചേര്‍ന്നുള്ള അപ്പാര്‍ട്ട്മെന്റുകളിലൊന്നിലാണ് അപകടത്തിന് കാരണമായ ഗ്യാസ് ലീക്കിംഗ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഇതേ തുടര്‍ന്നുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെവരെ കേട്ടു.

 

Advertisment