Advertisment

ക്രിമിയയിലേക്കുള്ള കടല്‍പ്പാലം തകര്‍ന്നു

author-image
athira kk
New Update

ഹര്‍കീവ്: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെര്‍ച്ച് പാലം സ്ഫോടനത്തില്‍ തകര്‍ന്നു. റഷ്യ 2014ല്‍ യുക്രെയ്നില്‍ നിന്ന് പിടിച്ചെടുത്ത പ്രവിശ്യയാണ് ക്രിമിയ. ഇവിടത്തെ പാലം 2018ല്‍ റഷ്യ തന്നെ പണിതതും. നിലവില്‍ യുക്രെയ്നിലേക്കുള്ള റഷ്യന്‍ സേനാ മുന്നേറ്റത്തിന്റെ പ്രധാന കവാടവും ഇതായിരുന്നു.

Advertisment

publive-image

കെര്‍ച്ച് കടലിടുക്കുമായി കരിങ്കടലിനെയും അസോവ് കടലിനെയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റര്‍ പാലം യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ്. റഷ്യയെയും ൈ്രകമിയയെയും ബന്ധിപ്പിക്കുന്ന ഏകപാതയാണിത്.

പാലത്തിലൂടെ സഞ്ചരിച്ചിരുന്ന ട്രക്കിലാണു സ്ഫോടനമുണ്ടായത്. തുടര്‍ന്ന് ഇന്ധനവുമായി പോയ 7 റെയില്‍ വാഗണുകളിലേക്കു തീപടര്‍ന്നു. പാലത്തിന്റെ രണ്ടുഭാഗങ്ങള്‍ ഭാഗികമായി തകര്‍ന്നുവീണെങ്കിലും റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി റഷ്യ വ്യക്തമാക്കി. സ്ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം യുക്രെയ്നിലെ റഷ്യന്‍സേനയുടെ ചുമതല വ്യോമസേന മേധാവി ജനറല്‍ സെര്‍ഗെയ് സുറോവികിനു കൈമാറി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി. സിറിയയില്‍ ആഭ്യന്തരയുദ്ധകാലത്ത് അലപ്പോ നഗരം ബോംബിട്ടു തകര്‍ത്തു കുപ്രസിദ്ധി നേടിയ ആളാണു സുറോവികിന്‍.

പാലം തകര്‍ത്തത് യുക്രെയ്ന്‍ ആണെന്ന് റഷ്യന്‍ അധികൃതര്‍ ആരോപിക്കുന്നു. റഷ്യയുടെ അഭിമാനസ്തംഭമായ ഈ പാലത്തിലുണ്ടായ സ്ഫോടനം കൂടുതല്‍ രൂക്ഷമായ തിരിച്ചടിക്ക് റഷ്യയെ പ്രേരിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്. തെക്കന്‍ റഷ്യയില്‍നിന്നുള്ളതാണു സ്ഫോടനമുണ്ടായ ട്രക്ക്. ട്രക്കുടമയുടെ വീട്ടില്‍ ഭീകരവിരുദ്ധസേന റെയ്ഡ് നടത്തി.

Advertisment