Advertisment

ഐ.ഒ.സി കേരളാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് അമേരിക്കയിലെ കേരളാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി. കഴിഞ്ഞ ദിവസം സൂം മീറ്റിംഗിലൂടെ കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ആസന്നമായിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനേക്കുറിച്ച് എല്ലാ കമ്മറ്റി അംഗങ്ങളും തങ്ങളുടെ ഉല്‍ഘണ്ഠ രേഖപ്പെടുത്തി.

Advertisment

publive-image

ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കണമെങ്കില്‍ ശശി തരൂര്‍ തന്നെ തെരഞ്ഞെടുക്കപ്പെടുന്നതാണ് ഉചിതം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. തരൂരിന്റെ സ്ഥാനാര്‍ഥിത്വം ഇപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ തന്നെ ഒരു നല്ല ഉണര്‍വുണ്ടാക്കിയിട്ടുണ്ടെന്ന് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് പ്രസ്താവിച്ചു. മീറ്റിംഗില്‍ പങ്കെടുത്ത മറ്റു എല്ലാ അംഗങ്ങളും പ്രസ്തുത അഭിപ്രായത്തോട് യോജിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഘടകമായ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓരോ തെരഞ്ഞെടുപ്പു കാലം പിന്നിടുംതോറും തോല്‍വികള്‍ ഏറ്റുവാങ്ങി ശക്തി കുറയുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. നല്ല ഒരു നേതൃത്വത്തിന്റെ അഭാവം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അനുഭവപ്പെടുന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നല്‍കിയ നല്ല നേതൃത്വത്തെ കമ്മറ്റി പ്രകീര്‍ത്തിച്ചെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പിന്മാറിയതിനാല്‍ പുതിയ അധ്യക്ഷന്റെ അനിവാര്യത നേരിടുകയാണ്. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ തരൂര്‍ മത്സര രംഗത്ത് വന്നത് മുതല്‍ പാര്‍ട്ടിയില്‍ ഒരു ഉണര്‍വ് അനുഭവപ്പെട്ടു തുടങ്ങി.

ഐ.ഓ.സി. യു.എസ്.എ. കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, പ്രസിഡന്റ് ലീലാ മാരേട്ട് , ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ഐ.ഓ.സി. നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, നാഷണല്‍ വൈസ് പ്രസിഡന്റുമാരായ പോള്‍ കറുകപ്പള്ളില്‍, ജോസ് ജോര്‍ജ്, നാഷണല്‍ സെക്രട്ടറി ജയചന്ദ്രന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, ട്രഷറര്‍ വിപിന്‍ രാജ്, ഐ.ടി. ചെയര്‍മാന്‍ വിശാഖ് ചെറിയാന്‍, വൈസ് പ്രസിഡന്റ് ചെറിയാന്‍ കോശി, സെക്രട്ടറി ഈപ്പന്‍ ദാനിയേല്‍, ന്യൂയോര്‍ക്ക് റീജിയണ്‍ പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്, പെന്‍സില്‍വാനിയ റീജിയണല്‍ പ്രസിഡന്റ് സാബു സ്‌കറിയ, ഫ്‌ലോറിഡാ റീജിയണ്‍ ചാക്കോ കുരിയന്‍, മിഷിഗണ്‍ റീജിയണ്‍ മാത്യു വര്‍ഗീസ് ചിക്കാഗോ റീജിയണ്‍ പ്രൊഫ. തമ്പി മാത്യു, ഹ്യൂസ്റ്റണ്‍ റീജിയണ്‍ തോമസ് ഒലിയാംകുന്നേല്‍, അറ്റ്‌ലാന്റാ റീജിയണ്‍ ജോര്‍ജ് മൂലമറ്റം തുടങ്ങിയവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗില്‍ പങ്കെടുത്തു.

നില്‍വില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലുള്ള നിരവധി പ്രശ്‌നങ്ങളെപ്പറ്റിയും പ്രതിസന്ധികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷ പദവി തല്‍ക്കാലം ഏറ്റെടുക്കുന്നില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സ്വതന്ത്രവും തുറന്നതുമായ ഒരു തെരഞ്ഞെടുപ്പു നടത്തുവാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്സ് കമ്മറ്റി പ്രശംസ അര്‍ഹിക്കുന്നു. 2024 ല്‍ നടക്കുവാന്‍ പോകുന്ന ലോക സഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അഗ്‌നിപരീക്ഷണമാണ്. ഈ അവസരത്തില്‍ പാര്‍ട്ടിയിലെ യുവ തലമുറയെ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതാണ്.

താഴെ തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ശക്തിപ്പെടുത്തേണ്ടതാണ്. താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെങ്കില്‍ ഉത്തരവാദപ്പെട്ടതും ഊര്‍ജ്ജസ്വലവുമായ ഒരു നേതൃത്വം ഇപ്പോഴത്തെ അവസ്ഥയില്‍ അനിവാര്യമാണ്. സ്വന്തം മണ്ണില്‍ നിന്നും ഒരാള്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കേരളാ നേതാക്കളുടെ നിലപാടുകളും സമീപനവും നിരാശാജനകമാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സുവര്‍ണ്ണ കാലഘട്ടം തിരികെ കൊണ്ടുവരുന്നതിനും പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുള്ള പിന്തുണ അരക്കിട്ടുറപ്പിക്കുന്നതിനും ശക്തമായ ഒരു നേതൃത്വം ഇപ്പോള്‍ ആവശ്യമാണ്.

അതിനാല്‍ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള ഡോ. ശശി തരൂരിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് യു.എസ്.എ. കേരളാ ഘടകം ഏകകണ്ഠമായ പിന്തുണ നല്‍കുന്നതിനുള്ള പ്രമേയം പാസ്സാക്കുന്നു.

Advertisment