Advertisment

സ്‌പീക്കർ നാൻസി പെലോസിയുടെ ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചു

author-image
athira kk
New Update

ന്യൂയോർക്ക്: യുഎസ് ഹൗസ് സ്‌പീക്കർ നാൻസി പെലോസിയുടെ സാൻ ഫ്രാൻസിസ്കോയിലെ വീട്ടിൽ അതിക്രമിച്ചു കയറി അവരുടെ ഭർത്താവ് പോൾ പെലോസിയെ ചുറ്റിക കൊണ്ട് ആക്രമിച്ച യുവാവ് സ്‌പീക്കറെ തേടിയാണ്

എത്തിയതെന്നു വ്യക്തമായി. "നാൻസി എവിടെ, നാൻസി എവിടെ" എന്നു ചോദിച്ചു കൊണ്ടാണ് അക്രമി

അകത്തു കടന്നത്. സ്‌പീക്കർ വാഷിംഗ്‌ടണിൽ ആയിരുന്നു.

publive-image

Advertisment

രൂക്ഷമായ ആക്രമണത്തിൽ പരുക്കേറ്റ പോൾ പെലോസിക്കു (82) സുക്കർബെർഗ് സാൻ ഫ്രാൻസിസ്കോ ജനറൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു. അദ്ദേഹത്തിന്റെ നില ഭദ്രമാണെന്നു പൊലീസ് അറിയിച്ചു. നാൻസി പെലോസിയും മറ്റു കുടുംബാംഗങ്ങളും പറന്നെത്തി. 

ഡേവിഡ് ഡെപപ്പേ എന്ന 42 വയസുള്ള അക്രമിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അയാൾ ഗൂഢാലോചന സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന തീവ്ര ചിന്താഗതിയുള്ള ആളാണെന്നു പൊലീസ് വെളിപ്പെടുത്തി. 2020 തിരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നു എന്ന ഡൊണാൾഡ് ട്രംപിന്റെ വാദം ഉയർത്തിപ്പിടിക്കുന്നു. 

ഡെപപ്പേയും ആശുപത്രിയിൽ ആണെന്നു പൊലീസ് വക്താവ് ഡ്രൂ ഹാമിൽ പറഞ്ഞു. അയാളുടെ മേൽ വധശ്രമവും കവർച്ചയും നടത്തി, മുതിർന്നയാളെ ആക്രമിച്ചു തുടങ്ങി പല കുറ്റങ്ങൾ ചുമത്തി.  വെള്ളിയാഴ്ച പുലർച്ചെ 2.27 (പി ഡി ടി) മണിക്കാണ് പൊലീസിനു ഫോൺ വന്നതെന്നു  സാൻ ഫ്രാൻസിസ്കോ സാർജന്റ് ആഡം ലോബ്‌സിംഗർ പറഞ്ഞു. അക്രമി അകത്തു കടക്കുമ്പോൾ പോൾ പെലോസിയുടെ കൈയ്യിൽ ചുറ്റിക ഉണ്ടായിരുന്നു. അത് പിടിച്ചു വാങ്ങിയാണ് ഡെപപ്പേ ആക്രമിച്ചത്. 

പിൻവശത്തു ജനൽ തകർത്താണ്  അയാൾ അകത്തു കടന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പദവിയുള്ള സ്‌പീക്കറുടെ വീട്ടിൽ എങ്ങിനെ ഒരു സുരക്ഷാ പിഴവുണ്ടായി എന്ന ചോദ്യം ഉയരുന്നുണ്ട്. സ്‌പീക്കർ സ്ഥലത്തുള്ളപ്പോൾ മാത്രമേ സുരക്ഷാ ഭടന്മാരെ കാണാറുള്ളൂ എന്ന് ഒരു അയൽവാസി കെ ആർ ഓ എൻ റേഡിയോയോട് പറഞ്ഞു. 

കാനഡയിൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ നിന്നു ഡെപപ്പേ കലിഫോണിയയിൽ എത്തിയത് 20 വര്ഷം മുൻപാണെന്നു രണ്ടു ബന്ധുക്കൾ പറഞ്ഞു. കുടുംബവുമായി വലിയ ബന്ധമൊന്നുമില്ല. "അയാൾക്കു രൂക്ഷമായ അഭിപ്രായങ്ങളുണ്ട്," ബന്ധുവായ തെരേസ ഡെപപ്പേ പറഞ്ഞു. " അക്രമവാസനയെ കുറിച്ച് എനിക്ക് അറിയില്ല."

ബെർക്കിലിയിൽ ഗോഡൗണിൽ താമസിക്കുന്ന അയാൾ ലഹരിമരുന്നിന്റെ അടിമയാണെന്നു ചില സുഹൃത്തുക്കൾ പറഞ്ഞു. 2011 ലും 2012 ലും ചില നഗ്ന പ്രതിഷേധങ്ങളിൽ  ഡെപപ്പേ നേതാവായിരുന്നു എന്ന് ഓർമിക്കുന്നതായി കലിഫോണിയ സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനർ (ഡെമോക്രാറ്റ്) പറഞ്ഞു. ഒക്സൺ ജിപ്സി ടോബ് എന്ന സുഹൃത്തിന്റെ നഗ്ന വിവാഹത്തിൽ അയാൾ പങ്കെടുക്കുന്ന ചിത്രങ്ങൾ പത്രങ്ങളിൽ വന്നിരുന്നു. 

ഫ്രൺലിഫ്രന്സ് എന്നൊരു ബ്ലോഗ്  ഡെപപ്പേ നടത്തുന്നുണ്ട്. കാലാവസ്ഥാ മാറ്റം നിഷേധിക്കുന്ന അയാൾ 2020 തിരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നു എന്ന ഡൊണാൾഡ് ട്രംപിന്റെ വാദവും കോവിഡ് വാക്‌സിനുകൾ മാരകമാണെന്ന അഭിപ്രായവും ഉയർത്തിപ്പിടിക്കുന്നു. 

പ്രസിഡന്റ് ജോ ബൈഡൻ പോൾ  പെലോസിക്കും നാൻസിയുടെ കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നു എന്നു വൈറ്റ് ഹൗസ് വക്താവ് കാരിൻ ജീൻ-പിയറി പറഞ്ഞു.  അദ്ദേഹം സ്‌പീക്കറെ വിളിച്ചിരുന്നു. "എല്ലാ അക്രമത്തെയും പ്രസിഡന്റ് തുടർന്നും എതിർക്കുന്നു, പെലോസി കുടുംബത്തിന് ഇപ്പോൾ ആവശ്യമായ സ്വകാര്യത നൽകാം."

ഇടക്കാല തിരഞ്ഞടുപ്പിനു 11 ദിവസം മുൻപാണ് ഈ രാഷ്ട്രീയ അതിക്രമം അരങ്ങേറുന്നത്. 

Advertisment