Advertisment

പൊതുജനാരോഗ്യ മേഖലയുടെ സംരക്ഷണമാവശ്യപ്പെട്ട് മാഡ്രിഡില്‍ വന്‍ പ്രതിഷേധ റാലി

author-image
athira kk
New Update

മാഡ്രിഡ് :രാജ്യത്തിന്റെ ആരോഗ്യ മേഖലയുടെ സംരക്ഷണമാവശ്യപ്പെട്ട് സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ വന്‍ പ്രക്ഷോഭം.അമിത ജോലിഭാരം, അവസാനിക്കാത്ത അപ്പോയിന്റ്‌മെന്റുകള്‍,സമയക്കുറവ് എന്നിവയ്ക്കെതിരെ 21ന് നടത്താനിരിക്കുന്ന കുടുംബ ഡോക്ടര്‍മാരുടെയും ശിശുരോഗ വിദഗ്ധരുടെയും പണിമുടക്കിന് മുന്നോടിയായാണ് റാലി നടത്തിയത്. അയ്യായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരാണ് പണിമുടക്കിനൊരുങ്ങുന്നത്.

Advertisment

publive-image

പ്രൈമറി ഹെല്‍ത്ത് കെയര്‍ സര്‍വ്വീസുകളെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു നടന്ന റാലിയില്‍ രണ്ടു ലക്ഷത്തോളം ആളുകളാണ് റാലിയില്‍ സംബന്ധിച്ചതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.എന്നാല്‍ 6,50,000 പേര്‍ പ്രതിഷേധത്തില്‍ പങ്കാളികളായെന്നാണ് സംഘാടകര്‍ പറയുന്നത്.ആരോഗ്യ സംരക്ഷണത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത നീക്കം,പ്രൈമറി ഹെല്‍ത്ത് കെയര്‍ മേഖലയുടെ പുനക്രമീകരണം എന്നിവ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭം ആവശ്യപ്പെടുന്നു.

വര്‍ഷങ്ങളായി മാഡ്രിഡ് ഏരിയയിലെ ആരോഗ്യ സംവിധാനം തകര്‍ച്ചയിലാണ്. റിസോഴ്സുകളുടെയും ജീവനക്കാരുടെയും കുറവാണ് പ്രധാന പ്രശ്നം.റീജിയണല്‍ മാനേജ്മെന്റ് ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കി.ആരോഗ്യരംഗത്ത് ഏറ്റവും കുറവ് നിക്ഷേപം നടത്തുന്ന പ്രദേശമാണ് മാഡ്രിഡ്. ഒരാള്‍ക്ക് ശരാശരി 1,700 യൂറോ വേണ്ടയിടത്ത് മാഡ്രിഡില്‍ ഇത് 1,300 യൂറോ മാത്രമാണ് വകയിരുത്തുന്നത്.ഏറ്റവും കുറവ് ഡോക്ടര്‍മാരും നഴ്സുമാരും ഉള്ള പ്രദേശവുമാണിത്.റീജിയണിലെ വലതു വിഭാഗം നേതാവ് ഇസബെല്‍ ഡയസ് ആയുസോവിന്റെ രാജിയും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

പ്രാദേശിക അസോസിയേഷനുകളും മുനിസിപ്പാലിറ്റികളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ആയുസോയുടെ റീജിയണല്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ നയങ്ങള്‍ തിരുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.

തലസ്ഥാനത്ത് നാല് പോയിന്റുകളിലാണ് റാലി നടന്നത്.പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം നിലനിര്‍ത്തണമെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ പദ്ധതി നശിപ്പിക്കരുതെന്നും റാലി ആവശ്യപ്പെട്ടു. ആരോഗ്യ സംരക്ഷണം വില്‍പ്പനയ്ക്കുള്ളതല്ല, അത് സംരക്ഷിക്കപ്പെടണമെന്ന ബാനര്‍ സമരക്കാര്‍ ഉയര്‍ത്തിയിരുന്നു.

റീജിയണല്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയാണെന്ന് കടുത്ത ഇടതുപക്ഷ മാസ് മാഡ്രിഡ് പാര്‍ട്ടിയുടെ മോണിക്ക ഗാര്‍ഷ്യ റാലിയില്‍ പറഞ്ഞു.മുമ്പൊരിക്കലുമുണ്ടാകാത്ത ദുരന്തമാണിതെന്നും അവര്‍ പറഞ്ഞു.

Advertisment