Advertisment

അയർലണ്ടിലെ ധനകാര്യ മേഖലയില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ 5,000 പുതിയ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍

author-image
athira kk
New Update

ഡബ്ലിന്‍ : സാമ്പത്തിക മേഖലയില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ 5,000 പുതിയ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പദ്ധതി വരുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ ഈ മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം 58,000മാകുമെന്ന് അയര്‍ലണ്ട് ഫോര്‍ ഫിനാന്‍സ് സ്ട്രാറ്റജി അപ്‌ഡേറ്റ്‌സില്‍ പറയുന്നു. 2026 അവസാനത്തോടെ ഈ ലക്ഷ്യം നേടാനാകുമെന്നാണ് കരുതുന്നത്.

Advertisment

publive-image

ഗ്രീന്‍ ഫിനാന്‍സ്, ഫിന്‍ടെക്, വൈദഗ്ധ്യം ഉറപ്പാക്കല്‍, വിദേശ തൊഴിലാളികളെ ആകര്‍ഷിക്കല്‍ എന്നിവയ്‌ക്കൊപ്പം ഡബ്ലിന് പുറത്തും സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ഫിനാന്‍സ് സ്ട്രാറ്റജി റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഉയര്‍ന്ന തോതിലാണ് ഈ മേഖലയില്‍ ഒഴിവുകളുണ്ടായത്.രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവായ ഈ മേഖലയിലെ ഒഴിവുകള്‍ ശരാശരി നിരക്കിന്റെ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഐടിക്കും വിദ്യാഭ്യാസത്തിനും ശേഷം സമ്പദ്വ്യവസ്ഥയിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഈ മേഖലയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മണിക്കൂര്‍ വേതനത്തില്‍ ഏതാണ്ട് 22 ശതമാനം വര്‍ധനവാണുണ്ടായത്.

ലക്‌സംബര്‍ഗിന് ശേഷം നിക്ഷേപ ഫണ്ടുകളുടെ ലോകത്തിലെ മൂന്നാമത്തെയും യൂറോപ്പിലെ രണ്ടാമത്തെയും വലിയ ഇടമാണ് അയര്‍ലണ്ട്. 2021 അവസാനം 4.1 ട്രില്യണ്‍ ആസ്തിയാണുള്ളത്.

ഫിനാന്‍ഷ്യല്‍ മേഖല വളരെ വേഗത്തില്‍ വളരുകയാണ്. അതിനനുസരിച്ച് നയം പുനക്രമീകരിക്കേണ്ടതുണ്ടെന്ന് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ജൂനിയര്‍ മന്ത്രി സീന്‍ ഫ്‌ളെമിംഗ് പറഞ്ഞു.സുസ്ഥിരമായ ഡിജിറ്റല്‍ മാറ്റങ്ങള്‍ അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയുടെ മികച്ച അവസരങ്ങളാണ്.സ്വകാര്യ-പൊതുമേഖലകള്‍ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ തൊഴില്‍ ലക്ഷ്യങ്ങള്‍ നേടാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment