Advertisment

അയര്‍ലണ്ടിലെ ഐ ടി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ കനത്ത പ്രതിസന്ധിയില്‍

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലുള്ള സിലിക്കണ്‍ വാലി മള്‍ട്ടിനാഷണല്‍ ടെക് കമ്പനികള്‍ ഭീഷണികള്‍ നേരിടുകയാണോ…മെറ്റയും ട്വിറ്ററും സ്ട്രൈപ്പും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട പശ്ചാത്തലത്തിലുയരുന്ന ചോദ്യമാണിത്. കോവിഡ് പാന്‍ഡെമിക് നാളുകളില്‍ പോലും റിമോട്ട് വര്‍ക്കിംഗിലൂടെ ,വര്‍ക്ക് ഫ്രം ഹോമിലൂടെ പിടിച്ചുനിന്ന് രാജ്യത്തിന് റെക്കോഡ് നികുതി വരുമാനം നല്‍കിയ മേഖലയാണ് ഐ ടി.എന്നാല്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെല്ല് ഭയപ്പെടുത്തുന്നതാണെന്ന് നിരീക്ഷകര്‍ പറയുന്നു.

Advertisment

publive-image

വിവിധങ്ങളായ കാരണങ്ങളാല്‍ മുന്‍നിര ടെക് സ്ഥാപനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.ഭാവി നോക്കാതെ നടത്തിയ നിയമനങ്ങളാണ് പ്രശ്നമായതെന്ന വാദം ഒരു ഭാഗത്തുണ്ട്. ഇത് ശരിവെയ്ക്കുന്നതാണ് കണക്കുകളും. അയര്‍ലണ്ടില്‍ മാത്രം, ഐസിടി മേഖലയിലെ തൊഴില്‍ രംഗത്ത് 2019നും 2021നും ഇടയില്‍ 9.8% വര്‍ധനവുണ്ടായെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആരോഗ്യ (+6.7%), പബ്ലിക് അഡ്മിനിസ്ട്രേഷന്‍ (+5.9%) മേഖലയെ മറികടന്നാണ് ഐ ടി മേഖല നിയമനം നടത്തിയത്. മെറ്റയും സ്ട്രൈപ്പുമടക്കമുള്ള കമ്പനികള്‍ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടി കാണാതെ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതാണ് കുഴപ്പമായതെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

കാരണങ്ങള്‍… കാര്യങ്ങള്‍…

നിക്ഷേപം കാര്യമായി വര്‍ധിപ്പിച്ചിട്ടും കാര്യമായ വരുമാനമുണ്ടായില്ലെന്ന് മാത്രമല്ല മാന്ദ്യവും പരസ്യവരുമാനക്കുറവുമെല്ലാം നേരിടേണ്ടി വന്നതായി മെറ്റ സി ഇ ഒ മാര്‍ക് സുക്കര്‍ബെര്‍ഗ് വ്യക്തമാക്കുന്നു.

മെറ്റായ്ക്ക് ഈ വര്‍ഷം അതിന്റെ മൂല്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും നഷ്ടപ്പെട്ടു. വര്‍ഷത്തിലെ രണ്ടുപാദങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വന്‍ ഇടിവുമുണ്ടായി.ആപ്പിള്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് സ്വകാര്യ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണം നല്‍കിയതോടെയാണ് മെറ്റയ്ക്ക് ഇടിവുണ്ടായതാണ് കരുതുന്നത്.

സ്ട്രൈപ്പും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് സി ഇ ഒ പാട്രിക് കൊളിസണ്‍ വ്യക്തമാക്കി. പാന്‍ഡെമിക്കിന്റെ തുടക്കം മുതല്‍ വരുമാനം മൂന്നിരട്ടിയായി വര്‍ധിച്ചിരുന്നു.കമ്പനി വളരെ ശുഭാപ്തി വിശ്വാസത്തിലായിരുന്നതിനാല്‍ ശമ്പളം ഉള്‍പ്പെടെയുള്ളവയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പണപ്പെരുപ്പം, ഊര്‍ജ്ജ ആഘാതം, ഉയര്‍ന്ന പലിശനിരക്ക്, കുറഞ്ഞ നിക്ഷേപം എന്നിവയെല്ലാം താഴേയ്ക്കായെന്ന് കോളിസണ്‍ പറഞ്ഞു.

44 ബില്യണ്‍ ഡോളര്‍ മുടക്കി ട്വിറ്റിനെ ഏറ്റെടുത്ത എലോണ്‍ മസ്‌ക് കൂട്ടത്തോടെ ജീവനക്കാരെ പുറത്താക്കിയതും ഈ അനിശ്ചിതത്വത്തിന്റെ പേരിലാണ്.

പണി പോയ വഴികള്‍

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് എന്നിവയില്‍ നിന്നും 13% ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.11,000 പേരെയാണ് മെറ്റ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സ്ട്രൈപ്പ് 1,000 (14%)ജോലിക്കാരെയും ട്വിറ്റര്‍ 3,700(50%) തൊഴിലാളികളെയും വെട്ടിക്കുറച്ചു. എന്നിട്ടും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണെന്നാണ് ഇവര്‍ പറയുന്നത്.

സെയില്‍സ് ഫോഴ്‌സ് 2,500 (2.5%), സെന്‍ഡസ്‌ക് 350 (5%), ലിഫ്റ്റ് 700 (13%), സ്‌നാപ്പ് 1,280 (20%) എന്നിങ്ങനെയും തൊഴിലാളികളെ കുറയ്ക്കുകയാണ്. 5,000 പേര്‍ ജോലി ചെയ്യുന്ന അയര്‍ലണ്ടിലെ ഇന്റല്‍ അടുത്ത വര്‍ഷം ചെലവ് 3 ബില്യണ്‍ ഡോളര്‍ കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 പ്രാധാന്യം

മെറ്റാ, സ്ട്രൈപ്പ്, ട്വിറ്റര്‍ തുടങ്ങിയ വിവിധ ടെക് ഭീമന്മാരുടെ യൂറോപ്യന്‍ ആസ്ഥാനമാണ് അയര്‍ലണ്ട് .കോര്‍പ്പറേഷന്‍ നികുതി ഇനത്തില്‍ 2019ല്‍ 10.9 ബില്യണും 2021ല്‍ 15.3 ബില്യണ്‍ യൂറോയുമാണ് ലഭിച്ചത്. അത് ഈ വര്‍ഷം 20 ബില്യണ്‍ യൂറോയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 മുന്‍നിര കോര്‍പ്പറേറ്റുകളാണ് കഴിഞ്ഞ വര്‍ഷം നികുതിയുടെ പകുതിയിലധികവും നല്‍കുന്നത്.

അയര്‍ലണ്ടില്‍ 2,75,000ത്തിലധികം ആളുകളാണ് നേരിട്ടുള്ള വിദേശ നിക്ഷേപ കമ്പനികളില്‍ ജോലി ചെയ്യുന്നത്. 1,23,300 പേര്‍ ടെക്‌നോളജി മേഖലയിലും ജോലി ചെയ്യുന്നുണ്ട്. ഗൂഗിള്‍ പാരന്റ് ആല്‍ഫബെറ്റ് (9,000), ആപ്പിള്‍ (6,000), മൈക്രോസോഫ്റ്റ്/ലിങ്കെഡിന്‍ (4,500), മെറ്റാ (3,000) എന്നിവ ഉയര്‍ന്ന ശമ്പളമാണ് അയര്‍ലണ്ടിലെ ജോലിക്കാര്‍ക്ക് നല്‍കുന്നത്.

സെപ്തംബറിലെ വാര്‍ഷിക നികുതി റിപ്പോര്‍ട്ട് അനുസരിച്ച് വരുമാന നികുതിയുടെ ഗണ്യഭാഗവും ബഹുരാഷ്ട്രക്കമ്പനികളാണ് നല്‍കുന്നത്. ശരാശരി 74,000 യൂറോ ശമ്പളമാണ് ഐടി സ്ഥാപനങ്ങള്‍ നല്‍കുന്നത്. വരുമാന നികുതിയുടെ 11% ഈ കമ്പനികളുടേതാണെന്ന് കണക്കുകള്‍ പറയുന്നത്.

ആശങ്ക വേണ്ടെന്ന് ഐ ഡി എ

എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കയ്ക്ക് കാര്യമില്ലെന്ന് ഐഡിഎ അയര്‍ലണ്ടിന്റെ ഇടക്കാല സിഇഒ മേരി ബക്ക്‌ലി പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ദ്ധിച്ച പലിശനിരക്ക്, അസ്ഥിരമായ ഊര്‍ജ വിലകള്‍ എന്നിവ മൂലം കമ്പനികള്‍ ചെലവ് കുറയ്ക്കേണ്ടത് അനിവാര്യമാക്കിയതെന്നും ഇവര്‍ വിശദീകരിക്കുന്നു.

പിരിച്ചുവിടലുകള്‍ ഖേദകരമാണെങ്കിലും അയര്‍ലണ്ടിലെ മള്‍ട്ടിനാഷണല്‍ ടെക് മേഖല ‘ഭാവിയില്‍ വളരുമെന്നും ഇവര്‍ പറയുന്നു.ഭവനം, ഊര്‍ജം, വെള്ളം, അടിസ്ഥാന സൗകര്യം, ആസൂത്രണം’ തുടങ്ങിയ ദീര്‍ഘകാല പ്രശ്നങ്ങളാണ് വിദേശ നിക്ഷേപത്തിനായുള്ള മത്സരത്തില്‍ അയര്‍ലണ്ടിന് വെല്ലുവിളികളാകുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Advertisment