Advertisment

മണ്ഡലകാല തീർഥാടനത്തിനായി നാളെ വൈകിട്ട് 5ന് ശബരിമല നട തുറക്കും, പതിനെട്ടാം പടി കയറി ദർശനം നടത്താൻ തീർഥാടകരെ അനുവദിക്കും; മകരവിളക്ക് ജനുവരി 14ന്

New Update

ശബരിമല: മണ്ഡലകാല തീർഥാടനത്തിനായി നാളെ വൈകിട്ട് 5ന് ശബരിമല നട തുറക്കും. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയാണ് നട തുറക്കുക. അതിനുശേഷം പതിനെട്ടാം പടി കയറി ദർശനം നടത്താൻ തീർഥാടകരെ അനുവദിക്കും.

Advertisment

publive-image

കണ്ണൂർ മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് കെ.ജയരാമൻ നമ്പൂതിരിയെ ശബരിമലയിലും വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി അവരോധിക്കുന്ന ചടങ്ങുകൾ പിന്നീട് നടക്കും.

തന്ത്രി കണ്ഠര് രാജീവര് കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേൽശാന്തിമാരായി അവരോധിക്കുക. നിയുക്ത ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി പുറപ്പെടാശാന്തിയായി ചുമതലയേൽക്കാൻ ഇന്ന് വൈകിട്ട് 4ന് പുറപ്പെടും.

ഇതിനുള്ള കെട്ടുമുറുക്ക് രാവിലെ 11ന് തുടങ്ങും. നാളെ പുലർച്ചെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, അതിനു ശേഷം പന്തളം കൊട്ടാരം എന്നിവിടങ്ങളിൽ ദർശനം നടത്തി ഉച്ചയോടെ പമ്പയിൽ എത്തും.

വൈകിട്ട് 4ന് മുൻപ് സന്നിധാനത്ത് എത്തുന്ന വിധത്തിലാണ് മല കയറുക. നിയുക്ത മാളികപ്പുറം മേൽശാന്തി വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി പുറപ്പെടാശാന്തിയായി ചുമതലയേൽക്കാൻ ഭക്തിയുടെ ഇരുമുടിക്കെട്ടുമായി നാളെ ഉച്ചയോടെ പമ്പയിൽ എത്തും.ഈ മാസം 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല കാലം. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും.

മകരവിളക്ക് തീർഥാടനത്തിനായി ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.

Advertisment