Advertisment

സൗദി കിരീടാവകാശിക്കെതിരെ നടപടി എടുക്കാൻ ആവില്ലെന്നു ബൈഡൻ ഭരണകൂടം കോടതിയിൽ 

author-image
athira kk
New Update

വാഷിംഗ്‌ടൺ : സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെ അദ്ദേഹത്തിന്റെ ഉന്നത പദവി മാനിച്ചു നിയമ നടപടികളിൽ നിന്ന് ഒഴിവാക്കേണ്ടതാണെന്നു ബൈഡൻ ഭരണകൂടം കോടതിയെ അറിയിച്ചു. യുഎസ് പൗരനായിരുന്ന സൗദി അറേബ്യൻ പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയെ തുർക്കിയിലെ സൗദി എംബസിയിൽ വച്ച് ഭീകരമായി കൊലപ്പെടുത്തിയതിനു പിന്നിൽ മുഹമ്മദിന്റെ കൈകളുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന അപേക്ഷയിൽ വാഷിംഗ്ടണിലെ ഫെഡറൽ കോടതി പ്രതികരണം ആരാഞ്ഞപ്പോഴാണ് ഇങ്ങിനെ മറുപടി നൽകിയത്.

Advertisment

publive-image

'വാഷിംഗ്‌ടൺ പോസ്റ്റ്' കോളമിസ്റ്റും സൗദി രാജവംശത്തിന്റെ കടുത്ത വിമർശകനും ആയിരുന്ന ഖഷോഗിയെ വെട്ടി നുറുക്കി മൃതദേഹം രണ്ടായിരം ഡിഗ്രിയിലേറെ ചൂടുള്ള ചൂളയിൽ വച്ച് കത്തിച്ചു കളഞ്ഞു എന്നായിരുന്നു ആരോപണം. എന്നാൽ മുഹമ്മദിന് ഇതിൽ പങ്കില്ല എന്നതാണ് സൗദി എടുത്ത നിലപാട്.  ഉന്നത സ്ഥാനത്തിരിക്കുന്ന മുഹമ്മദിനെ പ്രോസിക്യൂട്ട് ചെയ്യാനാവില്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചിരുന്നു. സൽമാൻ രാജാവ് സൂക്ഷിച്ചിരുന്ന പ്രധാനമന്ത്രി പദം കൂടി അടുത്ത കാലത്തു കിരീടാവകാശിക്കു നൽകിയത് നിയമ നടപടികളിൽ നിന്നുള്ള സുരക്ഷയ്ക്കാണെന്നു കരുതപ്പെടുന്നു.

അന്താരാഷ്ട്ര നിയമം അനുസരിച്ചു രാഷ്ട്ര നേതാക്കൾക്കു ലഭിക്കുന്ന ഈ പരിരക്ഷ അങ്ങോട്ടും ഇങ്ങോട്ടും ഉള്ളതാണ്. എന്നാൽ ഫെഡറൽ കോടതി ബൈഡൻ ഭരണകൂടത്തിന്റെ അഭിപ്രായം സ്വീകരിച്ചു കേസ് ഒഴിവാക്കണമെന്നില്ല. അതൊരു നിയമഭിപ്രായം മാത്രമാണെന്ന് വിദേശകാര്യ വകുപ്പ് പറഞ്ഞു.

ബൈഡൻ പ്രസിഡന്റാവും മുൻപ് ഖഷോഗി വധത്തിൽ മുഹമ്മദിനു പങ്കുണ്ടെന്നു പറഞ്ഞിരുന്നു. 'തൊട്ടുകൂടാത്തവൻ' എന്നാണ് അദ്ദേഹം മുഹമ്മദിനെ വിശേഷിപ്പിച്ചത്. പക്ഷെ ഭരണത്തിന്റെ യാഥാർഥ്യങ്ങൾ മനസിലായപ്പോൾ അദ്ദേഹം സൗദി അറേബ്യ സന്ദർശിക്കയും മുഹമ്മദുമായി ചർച്ച നടത്തുകയും ചെയ്തു. എണ്ണ വില കുതിച്ചുയർന്നപ്പോൾ ഉത്പാദനം കൂട്ടാൻ സൗദിയോട് അഭ്യർഥിക്കാൻ ആയിരുന്നു ആ യാത്രയെന്നു വാർത്തകൾ വന്നു. പക്ഷെ റഷ്യയുമായി കൈകോർത്തു ഉത്പാദനം കുറയ്ക്കാനാണ് സൗദി തീരുമാനിച്ചത്.

 

 

 

 

 

 

Advertisment