Advertisment

ആശുപത്രിയിലെ കൊലപാതകത്തില്‍ അമ്പരന്ന് നാട്, മുപ്പതുകാരന്‍ അറസ്റ്റില്‍

author-image
athira kk
New Update

കോര്‍ക്ക് : കോര്‍ക്കിലെ ആശുപത്രിയില്‍ യുവാവായ രോഗി വയോധികനെ അടിച്ചു കൊന്നു.കോര്‍ക്കിലെ മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാ(എം യു എച്ച്)ണ് നാടിനെ വിറപ്പിച്ച സംഭവം.എണ്‍പതു പിന്നിട്ട മാത്യു ഹീലിയെ കൊന്ന കേസില്‍ മുപ്പതുകാരനെ ഗാര്‍ഡ അറസ്റ്റു ചെയ്തു.

Advertisment

publive-image

അപ്രതീക്ഷിതമായി ആശുപത്രിക്കുള്ളില്‍ നടന്ന കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്. കൊലപാതകത്തിന് കണ്‍മുന്നില്‍ സാക്ഷ്യം വഹിച്ച മറ്റു രോഗികള്‍ ഈ ആഘാതത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല. ഇവര്‍ക്ക് കൗണ്‍സിലിംഗും മറ്റും നല്‍കി വരികയാണ് ആശുപത്രി അധികൃതര്‍.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കു മൂലമാണ് മരണമെന്ന് ആശുപത്രി സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് ആശുപത്രിയുടെ ഒരു ഭാഗം ഗാര്‍ഡ അടച്ചുപൂട്ടി സീല്‍ ചെയ്തു.

ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു വാര്‍ഡില്‍ മാത്യുവിനെ മറ്റ് രോഗികളും ജീവനക്കാരും കണ്ടെത്തുകയായിരുന്നു. പ്രകോപിതനായ ആക്രമിയും അവിടെയുണ്ടായിരുന്നു.ആയുധമൊന്നും ഇയാളുടെ പക്കലുണ്ടായിരുന്നില്ല.തുടര്‍ന്ന് ഇയാളെ ഇവര്‍ പ്രാഥമിക ശുശ്രൂഷകളൊക്കെ നല്‍കിയെങ്കിലും അല്‍പ്പ സമയത്തിനകം മാത്യു മരിച്ചു. കോര്‍ക്ക് കൗണ്ടിക്കാരനായ ഹീലിയെ അക്രമിക്ക് നേരത്തേ പരിചയമൊന്നുമില്ലെന്നാണ് കരുതുന്നത്.ഏത് സാഹചര്യത്തിലാണ് മാത്യു ആക്രമിക്കപ്പെട്ടു എന്നതിനെക്കുറിച്ച് ഇതേ വരെ കണ്ടുപിടിക്കാനായിട്ടില്ല. മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ നടത്തുന്ന അന്വേഷണത്തില്‍ മാത്യു ഹീലി കൊല്ലപ്പെട്ട ജനറല്‍ വാര്‍ഡിലെ ജീവനക്കാര്‍ക്കും മറ്റു രോഗികള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനായേക്കും.

ഹീലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.സംഭവം ഊര്‍ജ്ജിതമായി അന്വേഷിക്കുകയാണെന്നും കസ്റ്റഡിയിലുള്ള ചെറുപ്പക്കാരനെ കോര്‍ക്കിലെ ബ്രൈഡ്വെല്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണെന്നും ഗാര്‍ഡ പറഞ്ഞു.

കോര്‍ക്കിലെ ബെറിംഗില്‍ നിന്നുള്ള കര്‍ഷകനായ മാത്യു ഹീലി ഏതാനം ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജനുവരി 2 നാണ് മാത്യു ഹീലിയുടെ ഭാര്യ നിര്യാതയായത്.അതിന്റെ ആഘാതത്തില്‍ കൂടിയായിരുന്നു വന്ദ്യ വയോധികനായ മാത്യു.

.വാക്കിംഗ് ഫ്രെയിം ഉപയോഗിച്ചാണ് പെന്‍ഷന്‍കാരനെ അക്രമി മര്‍ദ്ദിച്ചത്. ജീവനക്കാര്‍ ഇടപെട്ട് അക്രമം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും മാത്യു കുഴഞ്ഞു വീണുപോയിരുന്നു.

ആംഡ് സപ്പോര്‍ട്ട് യൂണിറ്റ് ഉടന്‍ സംഭവസ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എം.യു.എച്ചിന്റെ പ്രത്യേക സംഘവും സംഭവം അന്വേഷിക്കുന്നുണ്ട്.ഈ സംഭവം ആശുപത്രിയിലെ രോഗികള്‍ക്ക് വലിയ ആഘാതമാണുണ്ടാക്കിയത്. ഇവര്‍ക്കായി കൗണ്‍സിലിംഗും മറ്റു സേവനങ്ങളും നല്‍കിവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബത്തെ സഹായിക്കുന്നതിനായി ഫാമിലി ലെയ്‌സണ്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ ഇന്‍സിഡന്റ് റൂമും തുറന്നിട്ടുണ്ട്.

ഡബ്ലിന് പുറത്തുള്ള അയര്‍ലണ്ടിലെ ഏറ്റവും പഴയതും അറിയപ്പെടുന്നതുമായ അക്യൂട്ട് ടീച്ചിംഗ് ഹോസ്പിറ്റലുകളില്‍ ഒന്നാണ് സിറ്റി സെന്റര്‍ ഹോസ്പിറ്റല്‍. ഇതിന്റെ പ്രധാന കെട്ടിടത്തിന് ഏതാണ്ട് 300 വര്‍ഷം പഴക്കമുണ്ട്.170 വര്‍ഷം പഴക്കമുള്ള ആശുപത്രിയാണിത്.

Advertisment