Advertisment

ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയ്ക്കു കൈമാറാന്‍ നീക്കം

author-image
athira p
New Update

ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃതമായെത്തുന്ന കുടിയേറ്റക്കാരെ മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയ്ക്കു കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. റുവാണ്ടയില്‍ സ്ഥാപിക്കുന്ന അഭയാര്‍ഥി ക്യാംപുകളിലേക്ക് ഇവരെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

Advertisment

 

publive-image

അഭയാര്‍ഥി ക്യാംപുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവര്‍മാന്‍ റുവാണ്ടയിലെത്തിയിട്ടുണ്ട്. റുവാണ്ട വിദേശകാര്യ മന്ത്രി വിന്‍സന്റ് ബിറുട്ടയുമായി ചര്‍ച്ച നടത്തിയ അവര്‍ പ്രസിഡന്റ് പോള്‍ കഗമെയുമായും കൂടിക്കാഴ്ച നടത്തും.

2022 ഏപ്രില്‍ മുതല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള പദ്ധതിയാണിത്. ധാരണപ്രകാരം ആദ്യ സംഘത്തെ കഴിഞ്ഞ വര്‍ഷം റുവാണ്ടയിലേക്ക് അയയ്ക്കേണ്ടതായിരുന്നെങ്കിലും യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഇടപെട്ടതു തിരിച്ചടിയായി. ലണ്ടന്‍ ഹൈക്കോടതി ഇത് നിയമവിധേയമാക്കിയെങ്കിലും ബ്രിട്ടിഷ് സുപ്രീം കോടതി ഇതിനെതിരായ അപ്പീല്‍ ഉടനെ പരിഗണിക്കാനിരിക്കുകയാണ്.

146 മില്യന്‍ ഡോളറാണ് ഇതിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗം ദരിദ്ര രാജ്യമായ റുവാണ്ടയ്ക്ക് ധനസഹായമായി നല്‍കുന്നതാണ്. ഈ വ്യവസ്ഥയിലാണ് റുവാണ്ട അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാകുക. ഇതു രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന ആരോപണം ശക്തമാണ്.

അതേസമയം, ഇപ്പോഴത്തെ കൂടിക്കാഴ്ചയില്‍ യുകെ കൂടുതല്‍ ധനസഹായം വാഗ്ദാനം ചെയ്തതായി വിന്‍സന്റ് ബിറുട്ട വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം അനധികൃത കുടിയേറ്റക്കാരാണ് ഫ്രാന്‍സില്‍നിന്ന് ഇംഗ്ളിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയത്. അല്‍ബേനിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതിലേറെയും.

കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് യുകെ പ്രതിവര്‍ഷം 2 ബില്യന്‍ പൗണ്ട് ചെലവാക്കുന്നുണ്ട്. റുവാണ്ടയ്ക്കു നല്‍കുന്ന ധനസഹായം ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനു ലാഭമാണ്.

Advertisment