Advertisment

അയര്‍ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം റെക്കോഡ് മറികടക്കാനൊരുങ്ങുന്നു

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം റെക്കോഡിലേയ്ക്ക് അടുക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍. ഈ വര്‍ഷം രണ്ടാം പാദത്തില്‍ വീടില്ലാത്തവരുടെ എണ്ണം 10,492 ആണെന്ന് ഭവന വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇവരില്‍ 3071 കുട്ടികളുമുള്‍പ്പെടുന്നുവെന്നത് ഞെട്ടിക്കുന്നതാണ്.

Advertisment

publive-image

ഭവനരഹിതരുടെ എണ്ണം 2019 ഒക്ടോബറില്‍ 10,514 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് അടുക്കുകയാണെന്ന് ഫോക്കസ് അയര്‍ലണ്ട് ഉള്‍പ്പടെയുള്ള എന്‍ ജി ഒകള്‍ ചൂണ്ടിക്കാട്ടുന്നു. വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണം മാസം തോറും പെരുകുകയാണ്. ജൂണില്‍ മാത്രം 1,385 കുടുംബങ്ങളാണ് ഭവനരഹിതരായത്. വര്‍ഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 147 പേരുടെ വര്‍ധനവാണിതെന്ന് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

എമര്‍ജന്‍സി താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നവരുടെ എണ്ണത്തിലെ തുടര്‍ച്ചയായ വര്‍ദ്ധനവ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹൗസിംഗ് മന്ത്രി ഡാരാഗ് ഒബ്രിയന്‍ പറഞ്ഞു. ഗവണ്‍മെന്റും ലോക്കല്‍ അധികൃതരും എന്‍ ജി ഒകളും ഭവനരഹിതരെ സഹായിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഹൗസിംഗ് അസിസ്റ്റന്‍സ് പേയ്‌മെന്റ് സ്‌കീമിലെ മാറ്റങ്ങളൊക്കെ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിനുള്ള നോട്ടീസ് കാലാവധി 28ല്‍ നിന്നും 90 ദിവസമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഭവന പ്രശ്നത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിന്‍ഫെയ്ന്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും രംഗത്തുവന്നു. ഭവനരഹിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഹൗസിംഗ് മന്ത്രി ഉറങ്ങുകയാണെന്ന് സിന്‍ ഫെയ്‌നിന്റെ ഭവന വക്താവ് ഇയോന്‍ ഓ ബ്രോയിന്‍ ആരോപിച്ചു.

ഭവനരഹിതരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു നടപടിയും ഇന്നു വരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്നും ബ്രോയിന്‍ കൂട്ടിച്ചേര്‍ത്തു.

ഡബ്ലിനിലെ എമര്‍ജന്‍സി അക്കോമഡേഷനില്‍ താമസിക്കുന്ന ആളുകളുടെ എണ്ണം ഇനിയും ഉയരുന്നത് നിരാശാജനകമാണെന്ന് ഡബ്ലിന്‍ സൈമണ്‍ കമ്മ്യൂണിറ്റിയുടെ വക്താവ് കാവോയിം ഒ’കോണല്‍ പറഞ്ഞു.

റിപ്പയര്‍ ആന്റ് ലീസ് സ്‌കീമിലുള്ള 5,000 വസ്തുവകകള്‍ വീണ്ടും ഉപയോഗ യോഗ്യമാക്കണണെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.

Advertisment